ഒന്നാം ഭാഗം , രണ്ടാം ഭാഗം
മൂന്നാം ഭാഗം
കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും രാഷ്ട്രീയ പരിണാമങ്ങളും
പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറായി നാടുകടത്തിയ ശേഷം കേരള മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റെടുത്തെങ്കിലും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. ആര്‍ ശങ്കറിനെതിരായ വലിയ കലഹങ്ങളും കലാപങ്ങളുമാണ് കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞുവന്നത്.
സി കെ ഗോവിന്ദന്‍നായര്‍ കെ പി സി സി അധ്യക്ഷനായിരുന്നപ്പോഴും പില്‍ക്കാലത്ത് കെ പി മാധവന്‍നായര്‍ അധ്യക്ഷനായപ്പോഴും കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിരുന്നൂ. ഈ കലഹം ഭരണത്തിലും പ്രതിഫലിച്ചു. താണുപിള്ളയ്ക്കു പിന്നാലെ മുഖ്യമന്ത്രിപദത്തിലെത്തിയ ആര്‍ ശങ്കറിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വ്യാപകമായ നിലവില്‍ ഉണ്ടായി. ആര്‍ ശങ്കറിന്റെ ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെ സംബന്ധിച്ച് പല വിമര്‍ശനങ്ങളും വളര്‍ത്തി. ഉപമുഖ്യമന്ത്രിയായിരുന്ന പി ടി ചാക്കോയ്ക്ക് ആര്‍ ശങ്കറിനോടുണ്ടായിരുന്ന വിമര്‍ശനങ്ങളും ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ശൈഥില്യം ജനങ്ങള്‍ക്കു മുമ്പാകെ നിരന്തരം വ്യക്തമാക്കുന്നതായിരുന്നൂ.
അതിനൊപ്പം കോണ്‍ഗ്രസിലെ ശൈഥില്യവും ചേരിതിരിവും അക്കാലത്ത് കൂടുതല്‍ പ്രകടമായ നിലയില്‍ വ്യക്തമായി തുടങ്ങിയിരുന്നു. ആര്‍ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അഭിപ്രായഭിന്നത അനുദിനം ശക്തിപ്പെടുന്നത് ശങ്കര്‍ മന്ത്രിസഭയെ ഗുരുതരമായ നിലയില്‍ ബാധിച്ചിരുന്നു എന്നത് വാസ്തവമാണ്. അക്കാലത്ത് ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
പി ടി ചാക്കോയെ തന്ത്രപരമായി കെണിയില്‍പ്പെടുത്തി തന്റെ പ്രാമുഖ്യം ഉയര്‍ത്തിപിടിക്കുവാന്‍ ആര്‍ ശങ്കര്‍ യത്‌നിച്ചു. പി ടി ചാക്കോയുടെ കാര്‍ യാത്ര വന്‍ വിവാദമായി ഉയര്‍ത്തി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമാക്കി. പി ടി ചാക്കോ ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നൂ. പക്ഷേ ചാക്കോയുടെ പാരമ്പര്യമോ പ്രാഗത്ഭ്യമോ പരിഗണിക്കുവാന്‍ ആര്‍ ശങ്കറോ കോണ്‍ഗ്രസ് കക്ഷിയോ സന്നദ്ധമായിരുന്നില്ല. കോണ്‍ഗ്രസിനുള്ളിലെ അടുക്കള കലഹം പി ടി ചാക്കോയെ പുറത്തേയ്ക്ക് ആനയിച്ചു.
കേരളത്തെ സംബന്ധിച്ച് അപമാനിതനായി പി ടി ചാക്കോ പുറത്തേയ്ക്ക് പോകേണ്ടിവന്നു. മൗലികമായ ഒരു സംഭാവനയും നല്‍കാത്ത ഭരണസംവിധാനമായിരുന്നൂ പട്ടം താണുപിള്ളയുടേയും ആര്‍ ശങ്കറിന്റേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. കേവലം രാഷ്ട്രീയമായ കളികളുടെയും കുതികാല്‍വെട്ടിന്റെയും കാലമായിരുന്നൂ ആ സര്‍ക്കാരുകള്‍ കേരളത്തിന് സംഭാവന ചെയ്തത്.
1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്‌കരണ സമീപനമോ, വിദ്യാഭ്യാസ നയമോ തുടര്‍ന്നുകൊണ്ടുപോകാന്‍ പട്ടം താണുപിള്ളയുടെയും ആര്‍ ശങ്കറിന്റെയും സര്‍ക്കാരിന് കഴിഞ്ഞില്ല. അനുദിന പ്രക്രിയകള്‍ നടപ്പിലാക്കുക എന്നതില്‍കവിഞ്ഞ് മറ്റൊന്നും 60 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല.
അക്കാലത്ത് കോണ്‍ഗ്രസില്‍ വലിയ ഭിന്നത ഉടലെടുത്തിരുന്നു. ഭരണം നയിക്കുന്ന കക്ഷിയില്‍ തന്നെ ഉണ്ടായിരുന്ന ഭിന്നിപ്പ് ഭരണത്തെ സാരമായ നിലയില്‍ സ്വാധീനിച്ചിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് അറിയാം. കോയിപ്പുറത്ത് മാധവ മേനോനും കെ എ ദാമോദരമേനോനും നയിച്ചിരുന്ന കോണ്‍ഗ്രസില്‍ പില്‍ക്കാലത്ത് ഗ്രൂപ്പിസം ശക്തിപ്പെട്ടു. ആ ഗ്രൂപ്പിസം സി കെ ഗോവിന്ദന്‍ നായരുടെയും കെ പി മാധവന്‍ നായരുടെയും അധ്യക്ഷ കാലത്ത് പ്രകടമായിരുന്നെങ്കിലും എബ്രഹാം മാസ്റ്ററുടെയും ടി എ ബാവയുടെയും കെ കെ വിശ്വനാഥന്റെയും കാലത്ത് കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങി. എ കെ ആന്റണിയുടെയും വരദരാജന്‍ നായരുടെയും കെ എം ചാണ്ടിയുടെയും കെ എല്‍ ജേക്കബിന്റെയും സി വി പത്മരാജന്റെയും കാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അതിരൂക്ഷമായി വളര്‍ന്നു. പിന്നീട് കോണ്‍ഗ്രസിലുണ്ടായ ഗ്രൂപ്പ് കലഹങ്ങളെ സംബന്ധിച്ച് പറയാതെ തന്നെ ആര്‍ക്കും അറിയാവുന്നതാണ്. ഇരു ഗ്രൂപ്പുകള്‍ എന്ന നിലയില്‍ മാറി പല ഗ്രൂപ്പുകളായി കോണ്‍ഗ്രസ് പരിണമിക്കുകയായിരുന്നു.
1962 സെപ്തംബര്‍ 26ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ആര്‍ ശങ്കര്‍ 1964 സെപ്തംബര്‍ 10ന് സ്ഥാനമൊഴിയേണ്ടിവന്നു. കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നൂ അത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അകാരണമായ ഭിന്നിപ്പും കോണ്‍ഗ്രസ് പിളര്‍ന്ന് നിന്ന് കേരള കോണ്‍ഗ്രസുണ്ടായ സാഹചര്യവും അക്കാലത്തായിരുന്നു.
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 140311
പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറായി നാടുകടത്തിയ ശേഷം കേരള മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റെടുത്തെങ്കിലും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. ആര്‍ ശങ്കറിനെതിരായ വലിയ കലഹങ്ങളും കലാപങ്ങളുമാണ് കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞുവന്നത്.
ReplyDeleteസി കെ ഗോവിന്ദന്‍നായര്‍ കെ പി സി സി അധ്യക്ഷനായിരുന്നപ്പോഴും പില്‍ക്കാലത്ത് കെ പി മാധവന്‍നായര്‍ അധ്യക്ഷനായപ്പോഴും കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിരുന്നൂ. ഈ കലഹം ഭരണത്തിലും പ്രതിഫലിച്ചു. താണുപിള്ളയ്ക്കു പിന്നാലെ മുഖ്യമന്ത്രിപദത്തിലെത്തിയ ആര്‍ ശങ്കറിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വ്യാപകമായ നിലവില്‍ ഉണ്ടായി. ആര്‍ ശങ്കറിന്റെ ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെ സംബന്ധിച്ച് പല വിമര്‍ശനങ്ങളും വളര്‍ത്തി. ഉപമുഖ്യമന്ത്രിയായിരുന്ന പി ടി ചാക്കോയ്ക്ക് ആര്‍ ശങ്കറിനോടുണ്ടായിരുന്ന വിമര്‍ശനങ്ങളും ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ശൈഥില്യം ജനങ്ങള്‍ക്കു മുമ്പാകെ നിരന്തരം വ്യക്തമാക്കുന്നതായിരുന്നൂ.