Wednesday, March 9, 2011

കുടയത്തൂര്‍...വികസനത്തിന് പുതുമാതൃകയാകുന്നു

മൂലമറ്റം: എല്‍ഡിഎഫ് ഭരണകാലത്ത് കുടയത്തൂര്‍ പഞ്ചായത്തില്‍ വികസനകുതിപ്പ്. എംപി ഫണ്ടും എംഎല്‍എ ഫണ്ടും ചെലവഴിച്ചുള്ള പദ്ധതികള്‍ കാര്യമായില്ലാതിരുന്നിട്ടും മുന്‍ പഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച പദ്ധതികളിലൂടെ ഈ പഞ്ചായത്ത് നേട്ടങ്ങളുടെ പുതുമാതൃകയാവുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളും മാറ്റങ്ങളും പഞ്ചായത്തിലെ ഏതൊരാളും തിരിച്ചറിയുന്നു. കുടയത്തൂര്‍ പിഎച്ച്സി കെട്ടിടത്തിന് ഒരേക്കര്‍ സ്ഥലവും 50ലക്ഷവും അനുവദിച്ചതോടെ വന്‍ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുക. കുടയത്തൂര്‍ അന്ധ വിദ്യാലയത്തിന് സമീപം എംവിഐപിയുടെ അധീനതയിലായിരുന്ന ഒരേക്കര്‍ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. ഇതിനുപുറമെ ഏഴാംമൈലില്‍ ഹോമിയോ ഡിസ്പന്‍സറിയും ആരംഭിച്ചു. ജില്ലയില്‍തന്നെ സമ്പൂര്‍ണ ക്യാന്‍സര്‍ രഹിതഗ്രാമം എന്ന ലക്ഷം കൈവരിക്കുന്നതിനായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ നടന്നത്.

പഞ്ചായത്തിലെ സ്കൂളുകളില്‍ കംപ്യൂട്ടര്‍ റൂം, പാചകപ്പുരകള്‍, കൂടുതല്‍ ടോയിലറ്റ് സൌകര്യം, പട്ടികവര്‍ഗ കുട്ടികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍, സ്കൂള്‍ ഡയറി, പഠനനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍, പ്രതിഭാസംഗമം, സ്മാര്‍ട് ക്ളാസ് റൂം തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടല്‍ സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് നടത്തി. കൂവപ്പള്ളി സിഎംഎസ് എച്ച്എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും നൂറു ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. പുതിയ മൂന്ന് അങ്കണവാടികളും, എല്ലാ അങ്കണവാടികളിലും അടിസ്ഥാന സൌകര്യങ്ങളും ഏര്‍പ്പെടുത്താനുമായി. റോഡ് വികസനത്തില്‍ ഫലപ്രദമായ ഇടപെടലാണ് നടത്തിയത്. ഇലവീഴാപൂഞ്ചിറ റോഡ് പിഡബ്ള്യൂഡിയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനും കാഞ്ഞാര്‍-മണപ്പാടി റോഡിന് 30ലക്ഷം രൂപ മുടക്കുന്നതിനും കഴിഞ്ഞത് ശ്രദ്ധേയമായി. ഇഎംഎസ് ഭവനപദ്ധതിയിലൂടെ അഞ്ഞൂറിലധികം വീടുകളാണ് നല്‍കിയത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കക്കൂസുകള്‍ നിര്‍മിച്ച് നല്‍കി. കേന്ദ്രസര്‍ക്കാര്‍ നിര്‍മല്‍ ഗ്രാം പുരസ്കാരവും കുടയത്തൂര്‍ സ്വന്തമാക്കി.

നിര്‍മാണം പാതിഘട്ടത്തിലായിരുന്ന പുല്ലൂന്നുപാറ, പാത്തിക്കല്‍ കോളനി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി. കാഞ്ഞാര്‍-ആനക്കയം വഴി തൊടുപുഴ, യുഡിഎഫ് കാലത്ത് നിര്‍ത്തലാക്കിയ കാഞ്ഞാര്‍-വെങ്കിട്ട, പുതുതായി ശങ്കരപ്പിള്ളി-കാക്കൊമ്പ് കാഞ്ഞാര്‍-കൂവപ്പള്ളി വഴി ഏലപ്പാറ സര്‍വീസുകള്‍ തുടങ്ങി. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.

98 ശതമാനവും വീടുകളില്‍ വൈദ്യുതിയെത്തിയിട്ടുണ്ട്. രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണപദ്ധതിയില്‍പ്പെടുത്തി ഇലവീഴാപൂഞ്ചിറ, മുനിയാല, കൂവേല്‍ഭാഗം, കൈപ്പ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ആശ്രയപദ്ധതിയിലൂടെ ഒരുവര്‍ഷമായി 69 കുടുംബങ്ങള്‍ക്ക് സൌജന്യമായി അരിയും പോഷകാഹാര കിറ്റും നല്‍കിവരുന്നു. ആരോഗ്യവകുപ്പിന്റെ കീഴില്‍ വീടുകളില്‍ കിടപ്പിലായ രോഗികളെ സന്ദര്‍ശിച്ച് സൌജന്യമായി ചികിത്സയും സേവനവും നല്‍കുന്ന സാന്ത്വനം പദ്ധതിയും ഇവിടെ സജീവമാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വയനക്കാവ് പാലം പണി പുനരാരംഭിച്ചത് മുന്‍ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിന്റെ ഫലമായാണ്. എല്ലാ രംഗത്തും ശ്രദ്ധേയമായി മുന്നേറിയപ്പോള്‍ എംഎല്‍എയുടെയും എംപിയുടെയും ഫണ്ടുകള്‍ കാര്യമായി ലഭിച്ചില്ലെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൂസമ്മ ജോസഫും മുന്‍ വൈസ് പ്രസിഡന്റ് എ എസ് രാധാകൃഷ്ണനും പറഞ്ഞു. എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ തികഞ്ഞ അവഗണനയാണ് കാണിച്ചത്. കാഞ്ഞാറില്‍ നിര്‍മിക്കുന്ന കാര്‍ഷിക റൂറല്‍ മാര്‍ക്കറ്റിനായി ഒരു രൂപപോലും നാളിതുവരെ എംഎല്‍എ അനുവദിച്ചില്ല. നേതാക്കള്‍ നിരന്തരം ചോദിച്ചപ്പോള്‍ മൂന്ന് നിലയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് നാലാം നില പണിയാന്‍ ഫണ്ട് അനുവദിക്കാമെന്ന നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്.

ദേശാഭിമാനി 090311 ഇടുക്കി ജില്ലാ വാര്‍ത്ത

No comments:

Post a Comment