Thursday, March 3, 2011

ലിബിയ: അമേരിക്കന്‍ നീക്കം അപകടകരം

ലിബിയയിലെ സ്ഥിതിഗതികള്‍ അത്യന്തം ആശങ്കാജനകമായിരിക്കുകയാണ്. ഗദ്ദാഫിയുടെ ഏകാധിപത്യഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം കൂടുതല്‍ കരുത്തുനേടി. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാന നഗരങ്ങളുടെ നിയന്ത്രണം ഗദ്ദാഫിക്ക് നഷ്ടപ്പെട്ടു. ഗദ്ദാഫിയോടൊപ്പം നിന്നിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ പല പ്രമുഖരും പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഗദ്ദാഫി പട്ടാളത്തെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പട്ടാളത്തിന്റെ ലക്കും ലഗാനുമില്ലാത്ത വെടിവെയ്പ്പില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരെയെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് മൃഗീയമായി അടിച്ചമര്‍ത്തുന്ന അതിക്രൂരമായ നയമാണ് ഗദ്ദാഫി അനുവര്‍ത്തിക്കുന്നത്. നാലു ദശാബ്ദത്തിലേറെയായി മര്‍ദക ഭരണം തുടരുന്ന ഗദ്ദാഫിക്ക് ഇനി അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. ഗദ്ദാഫി അധികാരമൊഴിയുകയും അടിച്ചമര്‍ത്തല്‍ നയം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഗദ്ദാഫി ഭരണകൂടത്തിനെതിരായ ഉപരോധവും വളര്‍ന്നുവരുന്ന പൊതുജനാഭിപ്രായവും ഗദ്ദാഫിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നതില്‍ സംശയമില്ല.

എന്നാല്‍ ലിബിയയിലെ പ്രതിസന്ധിയില്‍ നിന്നും മുതലെടുപ്പു നടത്തി അവിടെ സൈനികമായി ഇടപെടാനുള്ള നീക്കമാണ് അമേരിക്കയും നാറ്റോ സൈനികസഖ്യവും നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ നാവികപ്പട ലിബിയയുടെ തീരങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലിബിയയില്‍ സൈനികമായി ഇടപെടാന്‍ നാറ്റോയും തയ്യാറെടുപ്പ് നടത്തിവരുന്നു. അത്യന്തം അപകടകരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് അമേരിക്കയുടെയും നാറ്റോയുടെയും നീക്കങ്ങള്‍. ഇറാഖിനെതിരെ സൈനിക ആക്രമണം നടത്തി ആ രാജ്യത്തെ നിയന്ത്രണത്തിലാക്കിയതുപോലെ ലിബിയയിലും സൈനികമായി ഇടപെടാനാണ് ശ്രമം. എണ്ണ സമ്പന്നമായ ലിബിയ പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ രാജ്യമാണ്. ലിബിയയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ കഴിഞ്ഞാല്‍ അറബ് രാജ്യങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ അമേരിക്കയ്ക്കും നാറ്റോ സഖ്യത്തിനും കഴിയും. അമേരിക്കയുടെയോ നാറ്റോയുടേയോ മറ്റ് ഏതെങ്കിലും വിദേശ ശക്തികളുടെയോ ഇടപെടല്‍ ലിബിയയിലെ ജനാധിപത്യ പ്രസ്ഥാനത്തെ സഹായിക്കില്ല. ഇപ്പോള്‍ ഗദ്ദാഫിക്കെതിരായി പ്രക്ഷോഭം നടത്തുന്ന ശക്തികള്‍ അമേരിക്കയുടെ സൈനികഇടപെടലിനെ അനുകൂലിക്കില്ല. വിദേശ ഇടപെടലിനെതിരെ ജനങ്ങളെ തിരിച്ചുവിടാനും അങ്ങനെ സ്വന്തം അധികാരം ഉറപ്പിക്കാനുമാണ് ഗദ്ദാഫി ശ്രമിക്കുക. വിദേശ സൈനിക ഇടപെടല്‍ കൂടുതല്‍ രൂക്ഷമായ ഏറ്റുമുട്ടലിനും നാശത്തിനും വഴിവെയ്ക്കുമെന്നതില്‍ സംശയംവേണ്ട. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റ് നാറ്റോ ശക്തികളുടെയും നീക്കം ലിബിയയിലെ ജനാധിപത്യ ശക്തികളെ ഒരുതരത്തിലും സഹായിക്കില്ല.

ടുണീഷ്യയിലും ഈജിപ്റ്റിലും ഇതേപോലെ ജനങ്ങള്‍ സ്വേച്ഛാധിപതികള്‍ക്ക് എതിരെ സമരം നടത്തുകയും വിജയിക്കുകയും ചെയ്തു. വിദേശ ഇടപെടലില്ലാതെയായിരുന്നു അവിടെയെല്ലാം ജനങ്ങള്‍ സമരം നടത്തി വിജയിച്ചത്. ലിബിയയില്‍ ഏതു തരത്തിലുള്ള ഭരണമാറ്റമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ രാജ്യത്തെ ജനങ്ങളാണ്. ഗദ്ദാഫിയുടെ അടിച്ചമര്‍ത്തല്‍ നയവും പട്ടാളത്തിന്റെ ക്രൂരതകളും നേരിടാനും തരണം ചെയ്യാനുമുള്ള കരുത്ത് ലിബിയയിലെ ജനങ്ങള്‍ക്കുണ്ട്.

ലിബിയയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ലിബിയയില്‍ നിന്നും പതിനായിരക്കണക്കിനാളുകള്‍ ടുണീഷ്യയില്‍ അഭയാര്‍ഥികളായി എത്തുന്നുണ്ട്. ലിബിയയിലുള്ള ഇന്ത്യക്കാരുടെ സ്ഥിതി ആശങ്കാജനകമാണ്. കേരളത്തില്‍ നിന്നുള്ള നൂറ് കണക്കിനു നേഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ഇന്ത്യക്കാര്‍ ലിബിയയിലുണ്ട്. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വിപുലവും ഊര്‍ജിതവുമായ നടപടികളെടുക്കണം. ഏതാനും പേരെ വിമാനമാര്‍ഗം തിരിച്ചെത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടികള്‍ സ്ഥിതിഗതികള്‍ ആവശ്യപ്പെടുന്നത്ര ഫലപ്രദമല്ല.

ലിബിയയില്‍ കൂടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഉന്നതതല സംഘത്തെ അടിയന്തരമായി ലിബിയയിലേയ്ക്ക് അയയ്ക്കണം. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായതിനാല്‍ ലിബിയയിലെ പല നഗരങ്ങളിലുമുള്ള നേഴ്‌സുമാര്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസിയിലെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ലിബിയയിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനാവില്ല. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണം.

ജനയുഗം മുഖപ്രസംഗം 030311

1 comment:

  1. ലിബിയയിലെ സ്ഥിതിഗതികള്‍ അത്യന്തം ആശങ്കാജനകമായിരിക്കുകയാണ്. ഗദ്ദാഫിയുടെ ഏകാധിപത്യഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം കൂടുതല്‍ കരുത്തുനേടി. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാന നഗരങ്ങളുടെ നിയന്ത്രണം ഗദ്ദാഫിക്ക് നഷ്ടപ്പെട്ടു. ഗദ്ദാഫിയോടൊപ്പം നിന്നിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ പല പ്രമുഖരും പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഗദ്ദാഫി പട്ടാളത്തെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പട്ടാളത്തിന്റെ ലക്കും ലഗാനുമില്ലാത്ത വെടിവെയ്പ്പില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരെയെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് മൃഗീയമായി അടിച്ചമര്‍ത്തുന്ന അതിക്രൂരമായ നയമാണ് ഗദ്ദാഫി അനുവര്‍ത്തിക്കുന്നത്. നാലു ദശാബ്ദത്തിലേറെയായി മര്‍ദക ഭരണം തുടരുന്ന ഗദ്ദാഫിക്ക് ഇനി അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. ഗദ്ദാഫി അധികാരമൊഴിയുകയും അടിച്ചമര്‍ത്തല്‍ നയം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയും നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഗദ്ദാഫി ഭരണകൂടത്തിനെതിരായ ഉപരോധവും വളര്‍ന്നുവരുന്ന പൊതുജനാഭിപ്രായവും ഗദ്ദാഫിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നതില്‍ സംശയമില്ല.

    ReplyDelete