Monday, March 14, 2011

പുനലൂരിന് ഇരട്ടിമധുരം നല്‍കി ആഗ്രോഫ്രൂട്ട്‌സും തുറന്നു

പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ ആഗ്രോ ഫ്രൂട്ട്‌സ് വിപണിയില്‍ ഇറക്കിയ ജനപ്രിയ ഉല്‍പ്പന്നമായ “ജ്യോതി’ എന്ന ശീതളപാനീയം ജനശ്രദ്ധ പിടിച്ചുപറ്റുന്നു. ഇതിന് പുറമെ വിവിധ ഇനം സ്‌ക്വാഷുകളും അച്ചാറുകളും തേനും വിറ്റഴിക്കുന്നുണ്ട്.

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് തൊഴിലാളികളുടെ പണിമുടക്ക് മൂലം 2004 മെയ് 25ന് ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. സംസ്ഥാനത്ത് അടഞ്ഞുകിടന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചതിനൊപ്പം ഇടതുമുന്നണി സര്‍ക്കാര്‍ 2010 മാര്‍ച്ചില്‍ ആഗ്രോഫ്രൂട്ട്‌സ് ഫാക്ടറിയും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. പുനലൂര്‍ എംഎല്‍എ അഡ്വ. കെ രാജുവും മന്ത്രി മുല്ലക്കര രത്‌നാകരനും മുന്‍കൈയെടുത്താണ് ഫാക്ടറി തുറന്നത്.

ഫാക്ടറി അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 30 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയിരുന്നു. ശേഷിച്ച 16 തൊഴിലാളികള്‍ക്കും ഫാക്ടറിയില്‍ തൊഴില്‍ നല്‍കി. പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടക്കുന്ന ഫാക്ടറിയില്‍ ഒരു കോടി രൂപ മുതല്‍മുടക്കി പുതിയ “പെറ്റ് ബോട്ടില്‍ പ്ലാന്റ്’ സ്ഥാപിക്കുന്നതിന്റെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായതായി മാനേജിംഗ് ഡയറക്ടര്‍ മനോജ് അറിയിച്ചു.

ഇതോടൊപ്പം ഫാക്ടറിവളപ്പിലെ രണ്ട് ഹെക്ടര്‍ ഭൂമിയില്‍ നേഴ്‌സറികളും സ്ഥാപിച്ചു. വിവിധ ഇനത്തിലുള്ള പഴവര്‍ക്ഷങ്ങള്‍ ഇവിടെ നിന്നും ഉല്പാദിപ്പിച്ച് ശീതളപാനീയമാക്കി വിപണനം നടത്തുവാനുള്ള നൂതനപദ്ധതിയുടെ ഭാഗമായാണ് പഴവര്‍ക്ഷ നേഴ്‌സറികള്‍ ആരംഭിച്ചത്. ആഗ്രോ ഫ്രൂട്ട്‌സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി 11 ഡീലര്‍മാരെയും ഇതിനകം അധികൃതര്‍ നിയമിച്ചുകഴിഞ്ഞു. പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി ഫാക്ടറി തുറന്നുപ്രവര്‍ത്തിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ കഴിഞ്ഞതും ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്.

അഞ്ച് ഹെക്ടര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ആഗ്രോഫ്രൂട്ട്‌സ് ഫാക്ടറിക്ക് ചുറ്റും വിവിധയിനം പഴവര്‍ഗ ചെടികള്‍ വച്ചുപിടിപ്പിച്ചുകഴിഞ്ഞു. മന്ത്രി മുല്ലക്കര രത്‌നാകരന്‍ പുനര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഫാക്ടറി പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ കയ്യയച്ചു സഹായിച്ചതുമൂലമാണ് ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള  ഫാക്ടറി പഴയകാല പ്രൗഢി വീണ്ടെടുക്കാന്‍ തുടക്കം കുറിച്ചത്. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറിയില്‍ പുതിയ പെറ്റ് ബോട്ടില്‍ ഫാക്ടറി കൂടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മികവുറ്റ സ്ഥാപനമാക്കി ഇവയെ മാറ്റാന്‍ കഴിയും. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് ആധികാരത്തില്‍ വന്നശേഷം തുറന്നുപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ആഗ്രോഫ്രൂട്ട്‌സിന് പുറമെ വ്യവസായ പാര്‍ക്ക് തുടങ്ങി എണ്ണിയാല്‍ തീരാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പുനലൂരിലും സംസ്ഥാനത്തെമ്പാടും ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജനയുഗം 140311

1 comment:

  1. പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ ആഗ്രോ ഫ്രൂട്ട്‌സ് വിപണിയില്‍ ഇറക്കിയ ജനപ്രിയ ഉല്‍പ്പന്നമായ “ജ്യോതി’ എന്ന ശീതളപാനീയം ജനശ്രദ്ധ പിടിച്ചുപറ്റുന്നു. ഇതിന് പുറമെ വിവിധ ഇനം സ്‌ക്വാഷുകളും അച്ചാറുകളും തേനും വിറ്റഴിക്കുന്നുണ്ട്.

    ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് തൊഴിലാളികളുടെ പണിമുടക്ക് മൂലം 2004 മെയ് 25ന് ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. സംസ്ഥാനത്ത് അടഞ്ഞുകിടന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചതിനൊപ്പം ഇടതുമുന്നണി സര്‍ക്കാര്‍ 2010 മാര്‍ച്ചില്‍ ആഗ്രോഫ്രൂട്ട്‌സ് ഫാക്ടറിയും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. പുനലൂര്‍ എംഎല്‍എ അഡ്വ. കെ രാജുവും മന്ത്രി മുല്ലക്കര രത്‌നാകരനും മുന്‍കൈയെടുത്താണ് ഫാക്ടറി തുറന്നത്.

    ReplyDelete