Sunday, March 13, 2011

കളങ്കിതര്‍ മാറി നില്‍ക്കണം: കത്തോലിക്കസഭാ പത്രം

കളങ്കിതരായ യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്ന് തൃശൂര്‍ അതിരൂപത പത്രത്തില്‍ മുഖപ്രസംഗം. 'കളങ്കമേറ്റവര്‍ മാറി നില്‍ക്കട്ടെ'യെന്ന തലക്കെട്ടില്‍ ഔദ്യോഗിക മാധ്യമമായ 'കത്തോലിക്കസഭാ പത്ര'ത്തിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയെയും ആര്‍ ബാലകൃഷ്ണപിള്ളയെയും മുഖപ്രസംഗത്തില്‍ പേരെടുത്തു വിമര്‍ശിച്ചു. കെ സുധാകരന്റെ പേരും പരാമര്‍ശിച്ചു. 'അഴിമതിയുടെ കളങ്കമേറ്റവര്‍ ആരായാലും അവര്‍ ജനപ്രതിനിധികളാവാന്‍ പാടില്ല. ഈ സമീപനം സ്വീകരിക്കാനുള്ള പക്വതയും ജനാധിപത്യബോധവും രാഷ്ട്രീയ പാര്‍ടി നേതൃത്വം സ്വീകരിച്ചേ തീരൂ'.. എന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു.

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുകയും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കീഴിലുള്ള അതിരൂപത പുറത്തിറക്കുന്ന പത്രം വ്യക്തമാക്കി. ഈ നേതാക്കളെ പിന്തുണച്ചും വിമര്‍ശിച്ചും ആരോപണങ്ങളും കേസുകളും വിശകലനംചെയ്തും മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരായ ആരോപണങ്ങളും ജഡ്ജിമാരെപ്പറ്റി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ആരോപണത്തിലും പാമൊലിന്‍ കേസില്‍ ചില യുഡിഎഫ് നേതാക്കളെപ്പറ്റി ഭരണകക്ഷി ഉന്നയിച്ച ആരോപണത്തിലും നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ലേഖനം പറയുന്നു.

ഇത്തരം സംഭവങ്ങളോട് ആദര്‍ശബോധമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും പുലര്‍ത്തുന്ന നിലപാടാണ് കത്തോലിക്കസഭാ പത്രത്തിനുമുള്ളത്. ആര് തെറ്റുചെയ്താലും ശിക്ഷിക്കപ്പെടണം. ജനാധിപത്യസംവിധാനങ്ങള്‍ വഴി ബന്ധപ്പെട്ടവരെ കണ്ടെത്തണം. ഇക്കാര്യത്തില്‍ വ്യക്തികളുടെ വലുപ്പച്ചെറുപ്പം അപ്രസക്തമാണ്. വ്യക്തിയുടെയോ പ്രസ്ഥാനങ്ങളുടെയോ പ്രാധാന്യമോ കൊടിനിറമോ നീതിയുടെ നടത്തിപ്പില്‍ വിലങ്ങുതടിയാവരുത്. ഇടതു-വലതുപക്ഷ വ്യത്യാസമില്ലാതെ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്്. അഴിമതിയോടും ധാര്‍മിക അധ:പതനത്തിനോടും ക്രൈസ്തവ ദര്‍ശനങ്ങള്‍ക്ക് ഒരിക്കലും സന്ധിചെയ്യാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.

ദേശാഭിമാനി 130311

1 comment:

  1. കളങ്കിതരായ യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്ന് തൃശൂര്‍ അതിരൂപത പത്രത്തില്‍ മുഖപ്രസംഗം. 'കളങ്കമേറ്റവര്‍ മാറി നില്‍ക്കട്ടെ'യെന്ന തലക്കെട്ടില്‍ ഔദ്യോഗിക മാധ്യമമായ 'കത്തോലിക്കസഭാ പത്ര'ത്തിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയെയും ആര്‍ ബാലകൃഷ്ണപിള്ളയെയും മുഖപ്രസംഗത്തില്‍ പേരെടുത്തു വിമര്‍ശിച്ചു. കെ സുധാകരന്റെ പേരും പരാമര്‍ശിച്ചു. 'അഴിമതിയുടെ കളങ്കമേറ്റവര്‍ ആരായാലും അവര്‍ ജനപ്രതിനിധികളാവാന്‍ പാടില്ല. ഈ സമീപനം സ്വീകരിക്കാനുള്ള പക്വതയും ജനാധിപത്യബോധവും രാഷ്ട്രീയ പാര്‍ടി നേതൃത്വം സ്വീകരിച്ചേ തീരൂ'.. എന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു.

    ReplyDelete