Thursday, May 24, 2012

ഫാക്ടിലെ 2 ട്രേഡ് യൂണിയനുകള്‍ ഒന്നാകുന്നു


ഫാക്ടിലെ ആദ്യകാല രണ്ട് ട്രേഡ് യൂണിയനുകള്‍ ലയിച്ച് ഒന്നാകുന്നു. 1947 മുതല്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് എംപ്ലോയീസ് അസോസിയേഷനും 1969ല്‍ രൂപീകരിച്ച ഫാക്ട് കൊച്ചിന്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് സിഡി എംപ്ലോയീസ് യൂണിയനുമാണ് ലയിക്കുന്നത്. ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ വലിയ തൊഴിലാളി സംഘടനയാണ് എംപ്ലോയീസ് അസോസിയേഷന്‍. പകുതിയിലേറെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് കൊച്ചി ഡിവിഷനിലെ എംപ്ലോയീസ് യൂണിയന്‍. 25നു വൈകിട്ട് നാലിന് കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് ലയനസമ്മേളനം.

പതിനായിരത്തോളം ജീവനക്കാര്‍ ജോലിചെയ്തിരുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര-പൊതുമേഖലാ സ്ഥാപനമായിരുന്നു ഫാക്ട്. 1991ലെ പുത്തന്‍ സാമ്പത്തികനയത്തെത്തുടര്‍ന്ന് ഫാക്ട് പ്രതിസന്ധിയിലായി. ഇപ്പോള്‍ 3120 ജീവനക്കാര്‍ മാത്രമാണ് ഫാക്ടിലെ എല്ലാ ഡിവിഷനുകളിലുമായുള്ളത്. ഇതില്‍ തൊഴിലാളികള്‍ 1755 പേരായി ചുരുങ്ങി. ഒമ്പതു തൊഴിലാളിസംഘടനകളാണ് ഈ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നത്. ട്രേഡ് യൂണിയനുകളുടെ ബാഹുല്യം പലവിധത്തിലുള്ള കാലതാമസം ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ട്രേഡ് യൂണിയനുകള്‍ ലയിക്കുന്നതിലേക്കു നയിച്ചത്. 1972ല്‍ ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐടിയു യൂണിയനും എച്ച്എംഎസ് യൂണിയനും ഫാക്ട് എംപ്ലോയീസ് അസോസിയേഷനില്‍ ലയിച്ചിരുന്നു. ഫാക്ട് സിഡി എംപ്ലോയീസ് യൂണിയന്‍ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥാണ് ഫാക്ട് സിഡി എംപ്ലോയീസ് യൂണിയന്റെ പ്രസിഡന്റ്. ഇരു യൂണിയനുകളും ലയിച്ച് ഒന്നാകാനായി സിഐടിയു അഫിലിയേഷന്‍ ഉപേക്ഷിക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍രംഗത്തെ പ്രധാനിയായ എസ് സി എസ് മേനോനാണ് ദീര്‍ഘകാലം ഫാക്ട് എംപ്ലോയീസ് അസോസിയേഷനെ നയിച്ചത്. ശാരീരിക അവശതകളെത്തുടര്‍ന്ന് അടുത്തിടെ അദ്ദേഹം നേതൃസ്ഥാനം ഒഴിയുകയായിരുന്നു. കെ ചന്ദ്രന്‍പിള്ളയാണ് ഫാക്ട് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ്.

ലയനസമ്മേളനം കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. കെ ചന്ദ്രന്‍പിള്ള അധ്യക്ഷനാകും. എം എം ലോറന്‍സ് (സിഐടിയു സംസ്ഥാന സെക്രട്ടറി), ആര്‍ ചന്ദ്രശേഖരന്‍ (സംസ്ഥാന പ്രസിഡന്റ് ഐഎന്‍ടിയുസി), കാനം രാജേന്ദ്രന്‍ (സംസ്ഥാന സെക്രട്ടറി എഐടിയുസി), അഡ്വ. എം പി ഭാര്‍ഗവന്‍ (സംസ്ഥാന പ്രസിഡന്റ് ബിഎംഎസ്), പി രാജീവ് എംപി, എന്‍ കെ പ്രേമചന്ദ്രന്‍ (യുടിയുസി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം), അഹമ്മദ് ഉണ്ണികുളം (സംസ്ഥാന പ്രസിഡന്റ് എസ്ടിയു) എന്നിവര്‍ പങ്കെടുക്കുമെന്ന് കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാക്ട് സിഡി എംപ്ലോയീസ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി എസ് അഷ്റഫ്, ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി എസ് മുരളി, ഫാക്ട് സിഡി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ സി ബേബി, മറ്റു നേതാക്കളായ കെ എ നാദിര്‍ഷ, എ രാജഗോപാല്‍, എം എം ജബ്ബാര്‍ എന്നിവരും പങ്കെടുത്തു.

deshabhimani 240512

1 comment:

  1. ഫാക്ടിലെ ആദ്യകാല രണ്ട് ട്രേഡ് യൂണിയനുകള്‍ ലയിച്ച് ഒന്നാകുന്നു. 1947 മുതല്‍ ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് എംപ്ലോയീസ് അസോസിയേഷനും 1969ല്‍ രൂപീകരിച്ച ഫാക്ട് കൊച്ചിന്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് സിഡി എംപ്ലോയീസ് യൂണിയനുമാണ് ലയിക്കുന്നത്. ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷനിലെ വലിയ തൊഴിലാളി സംഘടനയാണ് എംപ്ലോയീസ് അസോസിയേഷന്‍. പകുതിയിലേറെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് കൊച്ചി ഡിവിഷനിലെ എംപ്ലോയീസ് യൂണിയന്‍. 25നു വൈകിട്ട് നാലിന് കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് ലയനസമ്മേളനം

    ReplyDelete