Saturday, May 19, 2012

സിപിഐ എമ്മിനെതിരെ മാധ്യമഭീകരത: ഇ പി


സിപിഐ എമ്മിനെതിരെ കേരളത്തില്‍ നടക്കുന്നത് മാധ്യമഭീകരതയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. പയ്യാമ്പലത്ത് ഇ കെ നായനാര്‍ അനുസ്മരണച്ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് ഇവര്‍. അനുദിനം കള്ളക്കഥകള്‍ കെട്ടിപ്പൊക്കി നേതാക്കളെ കുടുക്കാനാണ് ശ്രമം. ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവിനെ കൊന്ന് കുറ്റം പാര്‍ടിയുടെ തലയിലിടാന്‍ ശ്രമിച്ചതിന് തുല്യമാണ് ഇത്. ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആരെയും കൊല്ലുന്നത് പാര്‍ടിയുടെ നിലപാടല്ല. ഇത് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സത്യം വെളിച്ചത്ത് വരാതിരിക്കാനുള്ള അന്വേഷണമാണ് നടത്തുന്നത്. അര്‍ഹതയില്ലാതെ ഐപിഎസ് നേടിയ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിന്റെ തലപ്പത്ത് എത്തിച്ചത് അതിനാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ടിയെ ഇടറാതെ നയിച്ച നേതാവാണ് നായനാര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റേത് ഒറ്റുകാരുടെ പാരമ്പര്യമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഗാന്ധിത്തൊപ്പിയണിഞ്ഞ കത്തിവേഷമാണത്. കമ്യൂണിസ്റ്റുകാരെ ഒറ്റിക്കൊടുക്കാന്‍ നടന്ന "ചെറുപയര്‍സംഘ"ത്തിന്റെ പ്രതിനിധിയാണ് മുല്ലപ്പള്ളി. ഒഞ്ചിയത്തെ മണ്ടോടി കണ്ണന്‍ രക്തസാക്ഷിയായത് ഈ സംഘത്തിന്റെ പ്രവര്‍ത്തനം മൂലമാണ്. ടി പി ചന്ദ്രശേഖരന്‍ വധം മറയാക്കി സിപിഐ എമ്മിനെ കുടുക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. സിബിഐ മുല്ലപ്പള്ളി പറയുന്നത് കേള്‍ക്കണമെന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ സംസാരം. 56 സിപിഐ എം പ്രവര്‍ത്തകരെയാണ് കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ അരുംകൊല ചെയ്തത്. വര്‍ഗീയതക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് ഇത്. ജനങ്ങളെ അണിനിരത്തിയാണ് കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമങ്ങളെ പാര്‍ടി പ്രതിരോധിക്കുന്നത്. ഇപ്പോള്‍ യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ആസൂത്രിതമായ ഗൂഢാലോചനയെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

സമുന്നത കമ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാരുടെ എട്ടാം ചരമദിനം ആചരിച്ചു. പയ്യാമ്പലത്ത് സ്മൃതിമണ്ഡത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ ഭാര്യ ശാരദടീച്ചറും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തി. കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാനസെക്രട്ടറിലയറ്റംഗം എം വി ഗോവിന്ദന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു.

പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും പതാക ഉയര്‍ത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ മാനേജരും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വരദരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കെ വരദരാജന്‍ അധ്യക്ഷനായി. റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് എന്നിവര്‍ പങ്കെടുത്തു. ചീഫ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു സ്വാഗതം പറഞ്ഞു. ഇ എം എസ് അക്കാദമിയില്‍ ബാലസംഘം പ്രവര്‍ത്തകര്‍ നായനാര്‍ പൂങ്കാവനമൊരുക്കി.

deshabhimani news

1 comment:

  1. സിപിഐ എമ്മിനെതിരെ കേരളത്തില്‍ നടക്കുന്നത് മാധ്യമഭീകരതയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. പയ്യാമ്പലത്ത് ഇ കെ നായനാര്‍ അനുസ്മരണച്ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് ഇവര്‍. അനുദിനം കള്ളക്കഥകള്‍ കെട്ടിപ്പൊക്കി നേതാക്കളെ കുടുക്കാനാണ് ശ്രമം. ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവിനെ കൊന്ന് കുറ്റം പാര്‍ടിയുടെ തലയിലിടാന്‍ ശ്രമിച്ചതിന് തുല്യമാണ് ഇത്. ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആരെയും കൊല്ലുന്നത് പാര്‍ടിയുടെ നിലപാടല്ല. ഇത് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സത്യം വെളിച്ചത്ത് വരാതിരിക്കാനുള്ള അന്വേഷണമാണ് നടത്തുന്നത്. അര്‍ഹതയില്ലാതെ ഐപിഎസ് നേടിയ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിന്റെ തലപ്പത്ത് എത്തിച്ചത് അതിനാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ടിയെ ഇടറാതെ നയിച്ച നേതാവാണ് നായനാര്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

    ReplyDelete