Friday, May 18, 2012

അന്വേഷണസംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശം


ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് കോടതിയുടെ രൂക്ഷവിമര്‍ശം. കഴിഞ്ഞദിവസം അറസ്റ്റിലായ നാലുപേരെ വ്യാഴാഴ്ച വൈകിട്ട് നാലിന് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജി രാജീവ് ജയരാജ് അന്വേഷണസംഘത്തെ വിമര്‍ശിച്ചത്. ബുധനാഴ്ച സമര്‍പ്പിച്ച എഫ്ഐആറിലെ വിവരങ്ങളും യഥാര്‍ഥ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതാണ് വിമര്‍ശത്തിനിടയാക്കിയത്.

ഇതിനിടെ അന്വേഷണ സംഘം രണ്ടുപേരെ കൂടി വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പാട്യം കിഴക്കയില്‍ സനോജ് (32), കുന്നോത്ത് പറമ്പ് വടക്കയില്‍ മനോജ് (47) എന്നിവരെയാണ് അന്വേഷണ സംഘത്തിലെ സിഐ വി വി ബെന്നി അറസ്റ്റ് ചെയ്തത്. ഇവരെ വെള്ളിയാഴ്ച കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഒരാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും മറ്റുള്ള നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഇതിനായി കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ ഗൂഢാലോചന കാണിക്കുന്ന 120 ബി വകുപ്പ് ചേര്‍ത്തിരുന്നില്ല. ഇതിനുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച പ്രത്യേക സംഘത്തെ കോടതി വിമര്‍ശിച്ചത്. എഫ്ഐആറില്‍ പ്രധാന വകുപ്പ് ചേര്‍ക്കാതിരുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണോയെന്ന് കോടതി ചോദിച്ചു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ ഇതെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച ഹാജരാക്കിയ നാലു പ്രതികളെ ക്കുറിച്ച് ഒന്നും പറയാതെ കോടതി മറ്റു കേസുകളിലേക്ക് കടന്നു. ഇതോടെ ബുധനാഴ്ചത്തെ എഫ്ഐആറില്‍ 120 ബി വകുപ്പ് ചേര്‍ത്ത് പ്രത്യേക സംഘം കോടതിക്ക് നല്‍കി.

ഇതിന് പുറമെ വ്യാഴാഴ്ച ഹാജരാക്കിയ നാലു പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടും മറ്റു മൂന്നുപേരെ ആവശ്യപ്പെടാതെയുമുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. ഈ നാലുപേര്‍ക്കുമെതിരെ 120 ബി വകുപ്പാണ് ചുമത്തിയിരുന്നത്. ഗൂഢാലോചനയില്‍ നാലുപേരും പങ്കാളികളായിരിക്കെ ഒരാളെ മാത്രം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതിന്റെ സാംഗത്യം കോടതി ആരാഞ്ഞു. ആ പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. അത് എവിടെയാണ് കാണിച്ചിട്ടുള്ളതെന്നായി അപ്പോള്‍ കോടതി. ഇതോടെ അന്വേഷണസംഘം വീണ്ടും വിയര്‍ത്തു. ഒടുവില്‍ 7.15നാണ് അപേക്ഷ കോടതി തീര്‍പ്പാക്കിയത്.

കുന്നുമ്മക്കര രാമചന്ദ്രനെ 14 ദിവസത്തേക്കും മറ്റുള്ള മൂന്നുപേരെ നാലു ദിവസത്തേക്കും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ജോഷി ചെറിയാന്‍, സന്തോഷ്, പ്രകാശന്‍ പടന്നയില്‍ എന്നിവരാണ് പ്രതികളുമായി കോടതിയിലെത്തിയത്. ബുധനാഴ്ച അറസ്റ്റിലായ രാമചന്ദ്രന്റെ ഭാര്യയുടെ അനുജത്തിയുടെ അയല്‍വാസിയാണ് വ്യാഴാഴ്ച അറസ്റ്റിലായ മനോജ്. മനോജ് വഴിയാണ് കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന കൊടി സുനിയെ രാമചന്ദ്രന്‍ പരിചയപ്പെടുന്നതെന്ന് സിഐ ബെന്നി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ടി കെ രജീഷിനെ കൂത്തുപറമ്പിലെ മുറിയില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന ആരോപണമാണ് സനോജില്‍ ഉന്നയിക്കുന്നത്. ഇതോടെ മൂന്നുദിവസമായി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

deshabhimani 180512

1 comment:

  1. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് കോടതിയുടെ രൂക്ഷവിമര്‍ശം. കഴിഞ്ഞദിവസം അറസ്റ്റിലായ നാലുപേരെ വ്യാഴാഴ്ച വൈകിട്ട് നാലിന് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജി രാജീവ് ജയരാജ് അന്വേഷണസംഘത്തെ വിമര്‍ശിച്ചത്. ബുധനാഴ്ച സമര്‍പ്പിച്ച എഫ്ഐആറിലെ വിവരങ്ങളും യഥാര്‍ഥ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതാണ് വിമര്‍ശത്തിനിടയാക്കിയത്.

    ReplyDelete