Friday, May 18, 2012

മുല്ലപ്പള്ളിയ്ക്ക് കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം: എളമരം കരീം


 ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേസില്‍ ഇടപെടുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച കോണ്‍ഗ്രസ് നേതാവിനെപ്പോലെ തരംതാണിരിക്കയാണ് കേന്ദ്ര മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് പ്രതിപ്പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത്. താന്‍ ഉദ്ദേശിക്കുന്ന വേഗത്തില്‍ പ്രതിപ്പട്ടിക തയാറാവാത്തതിനാലാവാം സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുന്നത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്റെ ഗൂഢരാഷ്ട്രീയ ലക്ഷ്യം സാധിക്കാനും മുല്ലപ്പള്ളി ശ്രമിക്കുന്നു. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചതു മുതല്‍ അതിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന നേതാവാണ് മുല്ലപ്പള്ളി.

കൊല നടന്നതുമുതല്‍ സിപിഐ എമ്മിനെതിരെ മുല്ലപ്പള്ളിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പരസ്യമായ പ്രചാരണത്തിലാണ്. എഫ്ഐആര്‍ തയാറാക്കുംമുമ്പ് എങ്ങനെ അവര്‍ സിപിഐ എമ്മില്‍ കുറ്റമാരോപിച്ചു എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. മുമ്പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. യുഡിഎഫിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്. പിറവത്തെപോലെ ജയിച്ചുകയറാമെന്ന വ്യാമോഹം യുഡിഎഫിന് നഷ്ടപ്പെട്ടിരിക്കയാണ്. കാലുമാറ്റക്കാരന് എതിരായ ജനവികാരം ശക്തിപ്പെടുകയാണ്. യുഡിഎഫ് ഭരണത്തിന്റെ പതനം കുറിയ്ക്കുന്ന ഫലമാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അറ്റകൈ എന്ന നിലയിലാണ് ചന്ദ്രശേഖരന്‍ വധക്കേസിനെ സിപിഐ എമ്മിനെതിരെ യുഡിഎഫ് ഉപയോഗിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വിശദാംശം എന്ന നിലയില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കഥകള്‍ മാധ്യമങ്ങളില്‍ വരുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. ചിലര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് മാധ്യമങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കും. പിന്നാലെ പൊലീസ് അവരെ കസ്റ്റഡിയിലെടുത്ത് ഇത്തരം കഥകള്‍ക്ക് വിശ്വാസ്യത നല്‍കുന്ന ആക്ഷേപങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. പിന്നീട് അവരെ പ്രതികളാക്കും. ഇതാണ് അന്വേഷണത്തിന്റെ രീതി.

കള്ളക്കേസിന് പശ്ചാത്തലമൊരുക്കുന്നതിന് സിപിഐ എം വിരുദ്ധ മാധ്യമങ്ങളെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുകയാണ്. ഇത്തരം മാധ്യമങ്ങള്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമ പ്രചാരണം ഉണ്ടാക്കുന്ന പുകമറയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും എതിരായ ആക്രമണം ആര്‍എംപിക്കാര്‍ തുടരുകയാണ്. പൊലീസിന്റെ കണ്‍മുമ്പിലാണ് അക്രമം നടക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അക്രമം തടയാനോ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനോ തയാറായിട്ടില്ല. അക്രമികള്‍ക്ക് വടകര സ്വദേശി കൂടിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളിയുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് അനുമാനിക്കാം. ഈ തീക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും എളമരം കരീം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, എം മെഹബൂബ്, കെ ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani news

2 comments:

  1. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തിന്റെ തുടക്കം മുതല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേസില്‍ ഇടപെടുന്നുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച കോണ്‍ഗ്രസ് നേതാവിനെപ്പോലെ തരംതാണിരിക്കയാണ് കേന്ദ്ര മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് പ്രതിപ്പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത്. താന്‍ ഉദ്ദേശിക്കുന്ന വേഗത്തില്‍ പ്രതിപ്പട്ടിക തയാറാവാത്തതിനാലാവാം സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുന്നത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തന്റെ ഗൂഢരാഷ്ട്രീയ ലക്ഷ്യം സാധിക്കാനും മുല്ലപ്പള്ളി ശ്രമിക്കുന്നു. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചതു മുതല്‍ അതിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന നേതാവാണ് മുല്ലപ്പള്ളി.

    ReplyDelete
  2. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പിടിയിലായത് പരല്‍ മീനുകള്‍ മാത്രമാണെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണ്. ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ പോലും കേസില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുംതിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായത് പരല്‍ മീനുകള്‍ മാത്രമാണെന്നത് കഴിഞ്ഞദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ സിബിഐ അന്വേഷിക്കുമെനും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

    ReplyDelete