Friday, May 18, 2012

രാഷ്ട്രീയ ഇടപെടല്‍ അന്വേഷണം വഴിതിരിക്കുന്നു: സിപിഐ എം


യുഡിഎഫിന്റെ താളത്തിന് തുള്ളുന്ന പൊലീസുദ്യോഗസ്ഥര്‍ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുംവിധമാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുള്ള ഗൂഢാലോചനയില്‍ ഒരുവിഭാഗം പൊലീസുദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. യുഡിഎഫ് നേതാക്കളുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ഇടപെടല്‍ നിഷ്പക്ഷ അന്വേഷണം അസാധ്യമാക്കിയിരിക്കയാണ്. ചില ഉദ്യോഗസ്ഥരും യുഡിഎഫ് നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് അന്വേഷണം. പാര്‍ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മാധ്യമങ്ങള്‍പ്രചരിപ്പിക്കുന്നു. പിന്നാലെ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് ചോദ്യംചെയ്ത് കിട്ടിയ വിവരങ്ങള്‍ എന്ന പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. പൊലീസുമായി ഉറ്റബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ നേതൃത്വം. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടക്കുന്ന മാധ്യമ വിചാരണ എല്ലാ മര്യാദയും ലംഘിച്ചു.

വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലെന്ന് പാര്‍ടി വ്യക്തമാക്കിയതാണ്. ഒഞ്ചിയം ഏരിയ കമ്മിറ്റി ഗൂഢാലോചന നടത്തിയെന്ന പ്രചാരണം അസംബന്ധമാണ്. കൊല നടന്ന രാത്രി തന്നെ മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങള്‍ അനുസരിച്ചാണ് അന്വേഷണം നീങ്ങുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ശക്തമായി നേരിടും. മാധ്യമങ്ങളുടെ കള്ളപ്രചാരണത്തെത്തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം വ്യാപകമായി. ഓര്‍ക്കാട്ടേരി പഞ്ചായത്തിലെ മുയിപ്രയില്‍ ആര്‍എംപി ഗുണ്ടകള്‍ സിപിഐ എം അനുഭാവികളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയാണ്. എല്ലാവരും സ്ഥലം വിടണമെന്നാണ് ആവശ്യം. പൊലീസിന്റെ സാന്നിധ്യത്തിലാണിത്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പൊലീസ് നിഷ്ക്രിയമാണ്. നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കൈയേറ്റത്തിനിരയായി. ഇത് തുടര്‍ന്നാല്‍ സ്വയം പ്രതിരോധത്തിന് സിപിഐ എം സന്നദ്ധമാകേണ്ടിവരും. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ജില്ലയിലെ പൊലീസ് ഉത്തരവാദിയായിരിക്കും. പാര്‍ടിക്കെതിരായ കള്ളപ്രചാരണം നേരിടാനും ശത്രുക്കളുടെ കടന്നാക്രമണം ചെറുക്കാനും മുഴുവന്‍ പാര്‍ടിപ്രവര്‍ത്തകരും രംഗത്തിറങ്ങണം-പ്രസ്താവന പറഞ്ഞു.

"അട്ടിമറിനീക്കം പ്രതിഷേധാര്‍ഹം"

കണ്ണൂര്‍: സിപിഐ എം നേതാക്കളെ പ്രതികളാക്കി ചന്ദ്രശേഖരന്‍ വധാന്വേഷണം ഗതിതിരിച്ചു വിടാനും അന്വേഷണം അട്ടിമറിക്കാനും നടത്തുന്ന ഹീനീക്കം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണം ഭരണ-രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ്. സിപിഐ എമ്മിന് ഒരു പങ്കുമില്ലാത്ത സംഭവത്തില്‍ പാര്‍ടി ഏരിയ കമ്മിറ്റികള്‍ക്ക് ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. പ്രതികളെയും അന്വേഷണ രീതിയും ആദ്യം ഭരണ-രാഷ്ട്രീയ നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ ദിശയിലേക്ക് പൊലീസ് അന്വേഷണം നീങ്ങുന്നു. ഇത് യഥാര്‍ഥ കൊലയാളികളെ രക്ഷിക്കാനും നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകരെ പ്രതികളാക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ്. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തില്‍നിന്ന് സ്വയം ഒഴിവാകുകയാണ്. അന്വേഷണസംഘത്തെ തീരുമാനിക്കുമ്പോള്‍ തങ്ങള്‍ക്ക് പറ്റുന്നവരെ നിയോഗിക്കാനുള്ള ശ്രമവും നടന്നു.

വധത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ടി ഏരിയകള്‍ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ ഗൂഢാലോചനക്കാരാണെന്നും വ്യാജ വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ഗൂഢലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒരു പാര്‍ടിയെയും അതിന്റെ നേതാക്കളെയും തകര്‍ക്കാനും തേജോവധം ചെയ്യാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇത് ജനം തിരിച്ചറിയും. ശത്രുക്കള്‍ കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ 503 പേരും കണ്ണൂരില്‍ 160 പേരുമാണ്. കമ്യൂണിസ്റ്റുകാര്‍ കടന്നുവന്നത് കനല്‍ വഴികളിലൂടെയാണ്. സമൂഹത്തിനായി ജീവിക്കുന്നവരാണവര്‍. ആ പാര്‍ടിയെയും പ്രവര്‍ത്തകരെയുമാണ് കൊലയാളി സംഘമായി ചിത്രീകരിക്കുന്നത്. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കുന്ന ഇത്തരം പ്രചാരണം ജനം അവജ്ഞയോടെ തള്ളുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐ എം നേതാവിനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ഒഞ്ചിയം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ നേതാക്കളെ ചോദ്യംചെയ്തെന്നും കസ്റ്റഡിയിലെടുത്തെന്നും തെറ്റായ വാര്‍ത്ത. വധവുമായി ബന്ധപ്പെട്ടുള്ള നുണവാര്‍ത്തകളുടെ പ്രളയത്തിലാണ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന വാര്‍ത്തകള്‍. സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും വടകര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഇ എം ദയാനന്ദനെ പൊലീസ് ചോദ്യം ചെയ്തുവെന്നായിരുന്നു വ്യാഴാഴ്ച നല്‍കിയ കള്ള വാര്‍ത്ത. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോള്‍ വടകര ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തുവെന്നാണ് വാര്‍ത്ത. ദയാനന്ദനെ പൊലീസ് വിളിച്ച് വരുത്തുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പൊലീസ് ആവശ്യപ്പെടുമ്പോള്‍ വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ച് വിട്ടയച്ചുവെന്നാണ് കേരള കൗമുദി വാര്‍ത്ത. ഇല്ലാത്ത ചോദ്യംചെയ്യല്‍ ലേഖകന്റെ ഭാവനയിലുദിച്ചതാണ്. അടിസ്ഥാനരഹിതമായ വാര്‍ത്തയിലൂടെ അപവാദപ്രചാരണം നടത്തുന്നതിന്റെ ഭാഗമാണിതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കള്ള വാര്‍ത്ത നല്‍കി പാര്‍ടിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഹീനമായ നടപടിയില്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani 180512

1 comment:

  1. യുഡിഎഫിന്റെ താളത്തിന് തുള്ളുന്ന പൊലീസുദ്യോഗസ്ഥര്‍ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുംവിധമാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുള്ള ഗൂഢാലോചനയില്‍ ഒരുവിഭാഗം പൊലീസുദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. യുഡിഎഫ് നേതാക്കളുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ഇടപെടല്‍ നിഷ്പക്ഷ അന്വേഷണം അസാധ്യമാക്കിയിരിക്കയാണ്. ചില ഉദ്യോഗസ്ഥരും യുഡിഎഫ് നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് അന്വേഷണം. പാര്‍ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മാധ്യമങ്ങള്‍പ്രചരിപ്പിക്കുന്നു. പിന്നാലെ പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് ചോദ്യംചെയ്ത് കിട്ടിയ വിവരങ്ങള്‍ എന്ന പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. പൊലീസുമായി ഉറ്റബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ നേതൃത്വം. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടക്കുന്ന മാധ്യമ വിചാരണ എല്ലാ മര്യാദയും ലംഘിച്ചു.

    ReplyDelete