Thursday, May 10, 2012
അച്ഛന്റെ ഒളിവിലെ ഓര്‍മകളുമായി മകളെത്തി
കുന്നമംഗലം: അച്ഛന്റെ ഒളിവിലെ ഓര്‍മകള്‍ കുടികൊള്ളുന്ന അഭയകേന്ദ്രം തേടി മകളെത്തി. മനസ്സില്‍ പിന്നെയും പിന്നെയും മുളപൊട്ടിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും സ്പന്ദനം നിലയ്ക്കാത്ത സാന്നിധ്യമായി ആ സ്മരണകള്‍ മാറി. 1942-43 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഇ എംഎസ് നമ്പൂതിരിപ്പാടിന് ഒളിവില്‍ അഭയം നല്കിയ പരേതനായ മാട്ടാട്ടില് കിട്ടയുടെ ചെറുകുളത്തൂരിലെ വീട്ടിലേക്കാണ് ഇ എം എസിന്റെ മകള്‍ ഇ എം രാധ എത്തിയത്. 38 ദിവസമാണ് ഇ എം എസ് ഈ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കിട്ടയുടെ മകള്‍ സുഗുണയും മകന്റെ ഭാര്യ നയനയും വീട്ടുകാരും ചേര്‍ന്ന് ഇ എം രാധയെ സ്വീകരിച്ചു. അക്കാലത്തെ ഓര്‍മകള്‍ അന്ന് പന്ത്രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന മേലെപുത്തലത്ത് കേളുക്കുട്ടി ഓര്‍മിച്ചെടുത്തു. നടപ്പുദീനം കൊടികുത്തി വാണ കാലത്തായിരുന്നു ഇ എം എസ് ഇവിടെ താമസിച്ചത്. 47ല്‍ കോഴിക്കോട്ടുവച്ചാണ് ഇ എം എസിനെ പൊലീസ് പിടികൂടുന്നത്. അപ്പോള്‍ ചിക്കന്‍പോക്സ് പിടിപെട്ട നിലയിലായിരുന്നു അദ്ദേഹം. കട്ടിലോടുകൂടിയാണ് അന്ന് ഇ എം എസിനെ അറസ്റ്റ് ചെയ്തതെന്ന് ഇ എം രാധ കേളുക്കുട്ടിയോട് പറഞ്ഞു. അന്നുതന്നെയാണ് ഇ എം ശ്രീധരനെ അമ്മ പ്രസവിച്ചതെന്നും രാധ ഓര്‍മിച്ചു.
ഇ എം എസിന്റെ ഓര്‍മകള്‍ ചികഞ്ഞെടുത്തപ്പോള്‍ കേളുക്കുട്ടി വാചാലനായി. ഇ എംഎസിന്റെ ഉറക്കവും ഉണരലും അതില്‍ കൃത്യസമയം പാലിച്ചിരുന്നതും ഇ എം ശ്രീധരനെ തിരുവനന്തപുരത്തുവച്ച് കണ്ടുമുട്ടിയതും സംസാരിച്ചതും മറ്റുമെല്ലാം. ഹിറ്റ്ലറുടെ സേന സോവിയറ്റ് യൂണിയനിലേക്ക് കുതിച്ചുകയറിയപ്പോള് എല്ലാം തകരില്ലേ എന്ന ചോദ്യത്തിന് ശക്തി സംഭരിക്കാന്‍ സേന പിന്നോട്ടുമാറിയതാണെന്ന ഇ എംഎസിന്റെ മറുപടിയും മറ്റും അദ്ദേഹം രാധയോട് പറഞ്ഞു. 38 ദിവസത്തെ ഒളിവുജീവിതത്തിനിടയില്‍ ഇ എം എസിന് വായിക്കാനായി ഇംഗ്ലീഷ് പത്രങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു. ഇത് ആര്‍ക്കാണെന്ന സംശയം ചില ആളുകള്‍ക്ക് ബലപ്പെട്ടതോടെയാണ് ഇ എം എസ് ചെട്ടിക്കടവ് പുഴ കടന്ന് മറ്റൊരു അഭയകേന്ദ്രത്തിലേക്ക് പോയത്. പിറ്റേന്നുതന്നെ പൊലീസെത്തി അന്വേഷണം നടത്തി. മാട്ടാട്ടില് ഇ എം രാധ എത്തിയതറിഞ്ഞ് ചെറുകുളത്തൂരിലെ നിരവധി സ്ത്രീകള്‍ അവരെ നേരിട്ട് കാണാനെത്തി. അവിടെനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് രാധ പോയത്. ചെറുകുളത്തൂര്‍ നേത്രദാനഗ്രാമത്തില് കെ പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച ഇ എം എസ് അനുസ്മരണത്തില്‍ പങ്കെടുക്കാനാണ് രാധ എത്തിയത്.
deshabhimani 100512
Subscribe to:
Post Comments (Atom)

അച്ഛന്റെ ഒളിവിലെ ഓര്‍മകള്‍ കുടികൊള്ളുന്ന അഭയകേന്ദ്രം തേടി മകളെത്തി. മനസ്സില്‍ പിന്നെയും പിന്നെയും മുളപൊട്ടിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും സ്പന്ദനം നിലയ്ക്കാത്ത സാന്നിധ്യമായി ആ സ്മരണകള്‍ മാറി. 1942-43 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഇ എംഎസ് നമ്പൂതിരിപ്പാടിന് ഒളിവില്‍ അഭയം നല്കിയ പരേതനായ മാട്ടാട്ടില് കിട്ടയുടെ ചെറുകുളത്തൂരിലെ വീട്ടിലേക്കാണ് ഇ എം എസിന്റെ മകള്‍ ഇ എം രാധ എത്തിയത്. 38 ദിവസമാണ് ഇ എം എസ് ഈ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കിട്ടയുടെ മകള്‍ സുഗുണയും മകന്റെ ഭാര്യ നയനയും വീട്ടുകാരും ചേര്‍ന്ന് ഇ എം രാധയെ സ്വീകരിച്ചു.
ReplyDelete