Sunday, May 13, 2012

പൊലീസ് അസോ. സമ്മേളനം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വേദിയാക്കി


നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം

പത്തനംതിട്ട: പരസ്യമായ രാഷ്ട്രീയ പ്രചാരണത്തിനും ചര്‍ച്ചയ്ക്കും വേദിയാക്കി പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഉദ്ഘാടകനടക്കം സംസാരിച്ചവരെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയമാണ് പ്രസംഗിച്ചത്. കീഴ്വഴക്കം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ പ്രസംഗകരുടെ നീണ്ടനിരയായിരുന്നു. പ്രസംഗിച്ചവരൊക്ക കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായാണ് പറഞ്ഞത്. മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും വാഴ്ത്താനും പ്രസംഗകര്‍ മടിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ യുഡിഎഫിന്റേതാക്കിമാറ്റി മേനിപറച്ചില്‍ ശനിയാഴ്ചയും തുടര്‍ന്നു. പൊലീസ് സംഘടനയില്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നിരിക്കെയാണ് ഇതൊക്കെ അരങ്ങേറിയത്.

സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശം പ്രതിനിധികളില്‍നിന്ന് ഉയര്‍ന്നു. പൊലീസുകാരുടെ സ്ഥലംമാറ്റം നിശ്ചയിച്ചു നല്‍കുക മാത്രമാണ് അസോസിയേഷന്‍ പുതിയ കമ്മിറ്റി ചെയ്തതെന്ന് ഭൂരിപക്ഷംപേരും ചര്‍ച്ചയില്‍ ഉന്നയിച്ചു. അസോസിയേഷന്‍ നേതാക്കള്‍ ഖദറിട്ട് നടക്കുകയല്ലാതെ ജോലി ചെയ്യുന്നില്ല. ഇത് മറ്റുപൊലീസുകാര്‍ക്ക് ജോലിഭാരം കൂട്ടുന്നു. എട്ട് മണിക്കൂര്‍ ജോലി എന്നുള്ളത് പല സ്റ്റേഷനിലും നടപ്പാക്കാനായിട്ടില്ല. ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം അടൂര്‍, തിരുവല്ല നഗരസഭകളില്‍ പൊളിഞ്ഞുപോയതും പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നടന്ന പുരോഗതികളല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അസോസിയേഷന്റെ മുന്‍ സംഘടനാ ഭാരവാഹികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാഞ്ഞത് പ്രതിഷേധത്തിനിടയാക്കി. 32 പേരില്‍ നാലുപേര്‍ക്ക് മാത്രമാണ് ചര്‍ച്ചയ്ക്ക് അവസരം നല്‍കിയത്. അടൂര്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ചിലര്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയത് സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടാക്കി.

പൊലീസ് അസോ. സമ്മേളനം കോണ്‍ഗ്രസ് മേളയാക്കി; വന്‍ പണപ്പിരിവും

പത്തനംതിട്ട: പത്തനംതിട്ടയില്‍ നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കോണ്‍ഗ്രസ് മേളയാക്കി മാറ്റി. ഷൈന്‍ടവര്‍ ഓഡിറ്റോറിയത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനമാണ് കോണ്‍ഗ്രസ് നേതാക്കളുടെയും എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും സാന്നിധ്യംകൊണ്ട് കോണ്‍ഗ്രസ് സമ്മേളനമായത്. സംഘടനയുടെ നാളിതുവരെയുള്ള കീഴ്വഴക്കമനുസരിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ്. എന്നാല്‍, ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനത്തിന് നിശ്ചയിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ ശിവദാസന്‍നായരെയാണ്. വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനമെന്നപേരില്‍ ജില്ലാ പൊലീസ് ചീഫിനെ ക്ഷണിച്ചിരുന്നു. സമ്മേളനം ഉദ്ഘാടനമെന്ന കീഴ്വഴക്കം സംഘടനയില്‍ മുമ്പുണ്ടായിട്ടില്ല. കൂടാതെ അഭിവാദ്യത്തിന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും ചില കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പേരിനായി എന്‍ജിഒ യൂണിയന്റെ ഒരു പ്രതിനിധിയുടെ പേരും നോട്ടീസിലുണ്ട്. ചുരുക്കത്തില്‍ സമ്മേളനം എന്‍ജിഒ അസോസിയേഷന്‍ സമ്മേളനമാക്കി മാറ്റി അസോസിയേഷന്‍ നേതൃത്വം കോണ്‍ഗ്രസ് കൂറ് ഊട്ടി ഉറപ്പിക്കുകയായിരുന്നു.

പുതിയ സംഘടനാ നേതൃത്വം വന്നതിന്ശേഷം പൊലീസുകാരുടെ ക്ഷേമത്തിന് പുതുതായി ഒരുആവശ്യവും സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനോ നടപ്പിലാക്കിക്കാനോ സാധിക്കാത്തത് പൊലീസ് അസോസിയേഷന്റെ മറ്റ് ജില്ലകളിലെ സമ്മേളനങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സമ്മേളനത്തിന്റെ മറവില്‍ വന്‍ പണപ്പിരിവ് നടന്നതായും ആക്ഷേപമുയര്‍ന്നു. ജില്ലയിലെ പാറമട ഉടമകളില്‍നിന്നും ജ്വല്ലറികളില്‍നിന്നും വന്‍തോതിലാണ് പണപ്പിരിവ് നടത്തിയിട്ടുള്ളത്. വന്‍തുക നല്‍കാന്‍ വിസമ്മതിച്ച പാറമട ഉടമകള്‍ക്ക് ഭീഷണി സ്വരത്തില്‍ താക്കീതും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റേതാക്കി മാറ്റികൊണ്ടുള്ള മേനിപറച്ചിലും സമ്മേളനത്തില്‍ നടന്നു. ജനമൈത്രി പൊലീസ് സംവിധാനവും സമയബന്ധിതമായി പ്രമോഷന്‍ നടപ്പാക്കാന്‍ ശ്രമമാരംഭിച്ചതും കാന്റീന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, അധിക തസ്തിക സൃഷ്ടിച്ച് പ്രമോഷന്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാളേറെയായിട്ടും പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് അസോസിയേഷന്‍ നേതൃത്വം നേട്ടങ്ങളെല്ലാം തങ്ങളുടേതെന്ന് മേനിപറച്ചില്‍ നടത്തുന്നത്.

deshabhimani 130512

1 comment:

  1. പത്തനംതിട്ട: പരസ്യമായ രാഷ്ട്രീയ പ്രചാരണത്തിനും ചര്‍ച്ചയ്ക്കും വേദിയാക്കി പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഉദ്ഘാടകനടക്കം സംസാരിച്ചവരെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയമാണ് പ്രസംഗിച്ചത്. കീഴ്വഴക്കം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ പ്രസംഗകരുടെ നീണ്ടനിരയായിരുന്നു. പ്രസംഗിച്ചവരൊക്ക കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായാണ് പറഞ്ഞത്. മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും വാഴ്ത്താനും പ്രസംഗകര്‍ മടിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ യുഡിഎഫിന്റേതാക്കിമാറ്റി മേനിപറച്ചില്‍ ശനിയാഴ്ചയും തുടര്‍ന്നു. പൊലീസ് സംഘടനയില്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നിരിക്കെയാണ് ഇതൊക്കെ അരങ്ങേറിയത്.

    ReplyDelete