Monday, May 14, 2012

ബിനാലെ: വസ്തുതകള്‍ വിശദീകരിച്ച് സംഘാടകര്‍


കണ്ണൂര്‍: ആധുനിക ചിത്രകലാലോകത്തേക്ക് വാതായനം തുറക്കുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന ചിത്രകലാസംരംഭം വിവാദമായ പശ്ചാത്തലത്തില്‍ വസ്തുതകള്‍ വിശദീകരിച്ച് മുഖ്യസംഘാടകര്‍. കേരള ചിത്രകലാപരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് വിശദീകരണം. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ചിത്രകാരന്മാര്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവുമാണ് സംവാദത്തില്‍ പങ്കെടുത്തത്.

കലാനിര്‍മിതികള്‍ വില്‍ക്കാനുള്ള കേന്ദ്രമാണ് ബിനാലെ എന്നത് തെറ്റിദ്ധാരണയാണ്. ഇത് സംവേദനവേദിയാണ്. ചിത്രം, ശില്‍പം, നാട്യകല, ഡോക്യുമെന്ററി, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. അന്തര്‍ദേശീയപ്രാധാന്യമുള്ള നഗരങ്ങളിലാണ് ബിനാലെ സംഘടിപ്പിക്കുന്നത്. വെനീസിലായിരുന്നു ആദ്യ ബിനാലെ. ചൈന, ബ്രസീല്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ സംരംഭമുണ്ട്. 2012 ഡിസംബര്‍ 12 മുതല്‍ 90 ദിവസമാണ് കൊച്ചി ബിനാലെ.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രി എം എ ബേബി മുന്‍കൈയെടുത്താണ് ബിനാലെ സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്. അഞ്ചുകോടിരൂപയും അനുവദിച്ചു. എറണാകുളം ദര്‍ബാര്‍ഹാള്‍ നവീകരിക്കുന്ന പ്രവൃത്തിക്കും അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ചില ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ ബിനാലെക്കെതിരെ പ്രചാരണം നടത്തുകയാണ്. നടത്തിപ്പ് സുതാര്യമല്ലെന്നാണ് പ്രധാനവാദം. ചുവപ്പുനാടകളുടെ ഔപചാരികത ഒഴിവാക്കിയതാണ് ഉദ്യോഗസ്ഥമേധാവികളെ ചൊടിപ്പിച്ചത്. രവിവര്‍മ്മയുടെ കാലം മുതല്‍ കേരളത്തിന്റെ ചിത്രകാരന്മാര്‍ നാടുവിടുകയാണ്. ആഗോളനിലവാരത്തിലുള്ള ചിത്രകലാപരിസരം സംസ്ഥാനത്ത് സൃഷ്ടിക്കുകയാണ് ബിനാലെയുടെ ആദ്യലക്ഷ്യമെന്ന് റിയാസ് കോമു പറഞ്ഞു. ഇതിന് നടപടികള്‍ പുരോഗമിക്കുകയാണ്. സാമൂഹികവും സാംസ്കാരികവുമായ പുരോഗമനത്തിന് ബിനാലെ പാതയൊരുക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സാംസ്കാരികസംരംഭങ്ങള്‍ ബ്യൂറോക്രാറ്റുകളുടെ പിടിയിലൊടുങ്ങുന്ന ദുരന്തം ബിനാലെക്കുണ്ടാകാതെ പ്രതിരോധിക്കണമെന്ന് മോഡറേറ്റര്‍ എ വി അജയകുമാര്‍ പറഞ്ഞു. ചിത്രകലാ പരിഷത്ത് പ്രസിഡന്റ് ഹരീന്ദ്രന്‍ ചാലാട് അധ്യക്ഷനായി. കെ കെ ആര്‍ വെങ്ങര സ്വാഗതവും ഗോവിന്ദന്‍ കണ്ണപുരം നന്ദിയും പറഞ്ഞു. സ്ലൈഡ് പ്രദര്‍ശനവുമുണ്ടായി.

deshabhimani 140512

2 comments:

  1. ആധുനിക ചിത്രകലാലോകത്തേക്ക് വാതായനം തുറക്കുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന ചിത്രകലാസംരംഭം വിവാദമായ പശ്ചാത്തലത്തില്‍ വസ്തുതകള്‍ വിശദീകരിച്ച് മുഖ്യസംഘാടകര്‍. കേരള ചിത്രകലാപരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് വിശദീകരണം. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ചിത്രകാരന്മാര്‍ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവുമാണ് സംവാദത്തില്‍ പങ്കെടുത്തത്.

    ReplyDelete
  2. What is the credibility of the people involved in setting up this kind of a forum do they have the credibility to avail rs 5 cr grant from the goverent. Also they should explain the detailed expenditure of the Durban hall renovation

    ReplyDelete