Friday, May 25, 2012

പൊറുക്കില്ല; കുണ്ടുചിറക്കാര്‍ "വീരഭൂമി"യുടെ ഈ ആഭാസം


നിറംപിടിപ്പിച്ച നുണക്കഥയിലൂടെ പൊന്ന്യം കുണ്ടുചിറഗ്രാമത്തെ മാതൃഭൂമി അപമാനിച്ചു. ജനങ്ങള്‍ ഐക്യത്തോടെയും സമാധാനപരമായും ജീവിക്കുന്ന നാടിനെ ഒളിസങ്കേതമെന്നും ബോംബ് നിര്‍മാണകേന്ദ്രമെന്നുമാണ് പത്രം അധിക്ഷേപിച്ചത്. സിപിഐ എം ശക്തികേന്ദ്രമാണെന്നത് മാത്രമാണ് അടിസ്ഥാനരഹിതമായ ഈ വാര്‍ത്തക്ക് പിന്നില്‍. പ്രദേശത്തെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് മാതൃഭൂമി ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

സിപിഐ എം ബന്ധുക്കള്‍ മാത്രമല്ല, വ്യത്യസ്തപാര്‍ടികളില്‍പെട്ട ജനങ്ങള്‍ ഇടകലര്‍ന്ന് താമസിക്കുന്ന പ്രദേശമാണ് കുണ്ടുചിറ. കമ്യൂണിസ്റ്റ് ഭൂരിപക്ഷ പ്രദേശമാണെങ്കിലും മറ്റുരാഷ്ട്രീയപാര്‍ടികളില്‍ വിശ്വസിക്കുന്നതുകൊണ്ട് ആര്‍ക്കും ഒരുഉപദ്രവവും ഇവിടെ ഉണ്ടാവാറില്ല. തലശേരിയും സമീപപ്രദേശങ്ങളും രാഷ്ട്രീയസംഘര്‍ഷത്തിന്റെ പിടിയിലാവുമ്പോഴും കുണ്ടുചിറ എന്നും ശാന്തമായിരുന്നു. നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ട്, ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ബഹുഭൂരിപക്ഷത്തിന്റെ പാര്‍ടിയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കുണ്ടുചിറയില്‍ മാറിയത്. ഈ വളര്‍ച്ചയുടെ ഭാഗമായാണ് രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ആറോളം ക്ലബ്ബും വായനശാലയും സ്ഥാപിച്ചത്. ജനങ്ങളുടെ സഹായത്തോടെ ക്ലബ്ബുകള്‍ കെട്ടിടംപണിതു. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനങ്ങള്‍ ഒത്തുചേരുന്ന ഇടങ്ങളാണിന്നവ. മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വായിക്കാന്‍ കോണ്‍ഗ്രസുകാരടക്കമുള്ളവര്‍ എത്തുന്നത് ഈ വായനശാലകളിലാണ്. നാടിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ കേന്ദ്രങ്ങളെന്നതിനൊപ്പം, പ്രദേശത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു തീര്‍ക്കുന്ന ഇടങ്ങള്‍കൂടിയാണ് ഈ സ്ഥാപനങ്ങള്‍. എന്തുപ്രശ്നമുണ്ടായാലും പാര്‍ടിയെ സമീപിച്ചാല്‍ നീതിയുക്തമായി പരിഹരിക്കുമെന്ന് ബോധ്യമുള്ള ജനങ്ങള്‍ നേതാക്കളെ സമീപിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ തീര്‍ക്കുന്ന മാതൃകാപ്രവര്‍ത്തനത്തെ മഹാഅപരാധമായാണ് മാതൃഭൂമി ചിത്രീകരിക്കുന്നത്. ഗ്രാമസഭകള്‍ ചേരുന്നതുവരെ ഈ ക്ലബ്ബുകളിലാണെന്നാണ് മറ്റൊരു ആക്ഷേപം. കമ്യൂണിസ്റ്റ് വിരുദ്ധത തലക്കുപിടിച്ചവര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനാവൂ.

അപരിചിതരെ പാര്‍ടിക്കാരുടെ വിചാരണ കഴിഞ്ഞേ കടന്നുപോവാന്‍ അനുവദിക്കുന്നുള്ളൂവെന്നതാണ് മറ്റൊരു നുണ. ഒരിക്കലെങ്കിലും ഇതുവഴി കടന്നുപോയിരുന്നെങ്കില്‍ ഇത്തരമൊരു അഭിപ്രായം പറയുമായിരുന്നില്ല. സ്വന്തം പത്രത്തിന്റെ പ്രാദേശികലേഖകനോടോ കുണ്ടുചിറയിലെ കോണ്‍ഗ്രസുകാരോടോ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു അബദ്ധം വച്ചുകാച്ചുമായിരുന്നില്ല. കുണ്ടുചിറ എ കെ ജി ക്ലബ്ബിന് തൊട്ടടുത്ത വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്നത് കോണ്‍ഗ്രസ്അനുഭാവമുള്ള കുടുംബമാണെന്നത് മാത്രം മതി മാതൃഭൂമി കെട്ടിപ്പൊക്കിയ നുണക്കഥ അപ്പാടെ പൊളിയാന്‍.

deshabhimani 250512

ഇത് ജാഗ്രത ബ്ലോഗിലെ പതിനായിരാ‍മത്തെ പോസ്റ്റ് ആണ്.

2 comments:

  1. നിറംപിടിപ്പിച്ച നുണക്കഥയിലൂടെ പൊന്ന്യം കുണ്ടുചിറഗ്രാമത്തെ മാതൃഭൂമി അപമാനിച്ചു. ജനങ്ങള്‍ ഐക്യത്തോടെയും സമാധാനപരമായും ജീവിക്കുന്ന നാടിനെ ഒളിസങ്കേതമെന്നും ബോംബ് നിര്‍മാണകേന്ദ്രമെന്നുമാണ് പത്രം അധിക്ഷേപിച്ചത്. സിപിഐ എം ശക്തികേന്ദ്രമാണെന്നത് മാത്രമാണ് അടിസ്ഥാനരഹിതമായ ഈ വാര്‍ത്തക്ക് പിന്നില്‍. പ്രദേശത്തെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് മാതൃഭൂമി ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

    ReplyDelete
  2. പതിനായിരാ‍മത്തെ പോസ്റ്റ് !

    Wow !

    ReplyDelete