Friday, May 25, 2012

സിപിഐ എം വേട്ടയ്ക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡ


സിപിഐ എം ഏരിയാസെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടച്ച പൊലീസ് നടപടി കേരള രാഷ്ട്രീയത്തില്‍ ഗുരുതര പ്രത്യാഘാതത്തിന് തിരികൊളുത്തും. ഭരണ-മാധ്യമ-ആര്‍എംപി കൂട്ടുകെട്ടിന്റെ താളത്തിനു തുള്ളിയാണ്, അവര്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എംപിക്ക് സഹായം നല്‍കുന്ന ചില ബാഹ്യകേന്ദ്രങ്ങളും ഇതിന് അരുനിന്നു. കെപിസിസി പ്രസിഡന്‍റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച പേരാണ് ഏരിയാസെക്രട്ടറി സി എച്ച് അശോകേന്‍റത്. പൊലീസ് കേസ് അന്വേഷിക്കുകയല്ല; ഭരണനേതൃത്വം നിര്‍ദേശിച്ച വഴിയില്‍ തെളിവും മൊഴിയും സൃഷ്ടിക്കുകയാണ്. അന്വേഷണ പുരോഗതി പുറത്തറിയിക്കുന്നത് നിയമ വിരുദ്ധമെന്നറിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ ഇടവിട്ട് ഇഷ്ട മാധ്യമങ്ങള്‍ക്ക് നിര്‍മ്മിത കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. സിപിഐ എം വേട്ടക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡയാണ് അന്വേഷണത്തിന്റെ മറവില്‍ നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഇത്രയും നീചമായ രാഷ്ട്രീയക്കളി അടിയന്തരാവസ്ഥയിലാണുണ്ടായത്. സിപിഐ എം വിരോധം മൂത്ത മാധ്യമങ്ങളുടെ പിന്തുണയുടെ മറവില്‍ ഈ അതിക്രമത്തിനും അധികാര ദുര്‍വിനിയോഗത്തിനും രാഷ്ട്രീയ പകപോക്കലിനും നീതീകരണം കണ്ടെത്തുകയാണ് സര്‍ക്കാര്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുലാക്കാക്കിയുള്ള ഈ നടപടി പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കും. ഒപ്പം ഭരണത്തിലിരിക്കുന്നവര്‍ എതിരാളികളെ തകര്‍ക്കാന്‍ പൊലീസിനെ ആയുധമാക്കുന്നിെന്‍റ എക്കാലത്തേക്കുമുള്ള റെക്കോഡ് സൃഷ്ടിക്കും.

നുണപ്രചാരണങ്ങളിലൂടെയും അധികാരത്തിെന്‍റ മുഷ്ക് പ്രയോഗിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരായ കരുത്തന്‍ താക്കീതാണ് വ്യാഴാഴ്ച വടകരയില്‍ കണ്ടത്. കാക്കിപ്പടയെ വിന്യസിപ്പിച്ച് യുഡിഎഫ് അജന്‍ഡ നടപ്പാക്കിക്കളയാമെന്നു വ്യാമോഹിക്കുന്നവരെ പാര്‍ടിയുടെ കരുത്തിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഒഞ്ചിയത്തെയും വടകരമേഖലയിലെയും ആയിരങ്ങള്‍ ഹര്‍ത്താല്‍ ദിവസമായിട്ടും വടകര ടൗണിലേക്ക് കുതിച്ചെത്തിയത്. ഏതാനും നേതാക്കളെ കൊലക്കേസില്‍ പെടുത്തിയാല്‍ പാര്‍ടിയുടെ ശക്തിചോര്‍ന്നുപോകുമെന്ന് ചിന്തിക്കുന്നവരുടെ ഭീരുത്വവും ഈ അറസ്റ്റില്‍ പ്രതിഫലിക്കുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സിപിഐ എം നേതാക്കളെ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് ഗവണ്‍മെന്റില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പാര്‍ടിക്ക് ഇതില്‍ ബന്ധമില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ചു പറഞ്ഞതാണ്. എന്നിട്ടും പാര്‍ടി നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാന്‍ വന്‍സമ്മര്‍ദ്ദമാണ് പൊലീസിനുമേല്‍. തെളിവുകളില്ലാതെ പാര്‍ട്ടി നേതൃത്വത്തിനു മേല്‍ കുറ്റം ചുമത്താനുള്ള ശ്രമം പൊലീസ് സംഘത്തിലെ ചിലര്‍തന്നെ എതിര്‍ത്തപ്പോള്‍ അവരെ അവഗണിച്ച് ആജ്ഞാനുവര്‍ത്തികളെ രംഗത്തിറക്കി. കേസ് എങ്ങനെ പോയാലും പ്രശ്നമില്ല; സിപിഐ എം നേതാക്കള്‍ ഉടന്‍ പിടിയിലാവണം എന്ന നിര്‍ദേശം അനുസരിക്കാന്‍ എല്ലാ നിയമങ്ങളും നീതിയും മര്യാദയും അതിലംഘിച്ച് പൊലീസ് മുന്നോട്ടുപോകുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നേതാക്കളോട് അന്വേഷണസംഘത്തിന് മുമ്പില്‍ എത്താന്‍ പറയുക, എത്തിയില്ലെങ്കില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുക, വീടുകയറുക, അതിന്റെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുക-ഇതാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനു തൊട്ടുമുമ്പ് എല്‍ഡിഎഫിനെതിരെ വന്‍പ്രചാരണം അഴിച്ചുവിടാന്‍തക്കവിധം ഇത് തുടരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട അന്നുമുതല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട് മാധ്യമപിന്തുണയോടെ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഒഞ്ചിയം-ഓര്‍ക്കാട്ടേരി മേഖലയിലെ അക്രമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്ത പൊലീസാണ്, ഉമ്മന്‍ചാണ്ടിയുടെ ആജ്ഞയ്ക്കൊപ്പിച്ച് സിപിഐ എം വേട്ടക്കിറങ്ങിയത്. ഇത് കടുത്ത ജനരോഷത്തിലേക്കാണ് നയിക്കുക എന്ന് വടകരയിലെ വ്യാഴാഴ്ചത്തെ അനുഭവം തെളിയിച്ചു. നശിപ്പിക്കാനൊരുങ്ങിയാല്‍ ആയിരം മടങ്ങ് ശക്തിയോടെ പ്രതികരിക്കാനുള്ള സിപിഐ എമ്മിന്റെ കരുത്തിന്റെ വിളംബരമാകും ശനിയാഴ്ച നടക്കുന്ന എസ്പി ഓഫീസ് മാര്‍ച്ച്. വരും നാളുകളില്‍ ഈ പ്രതിഷേധം സംസ്ഥാനത്താകെ പടരും-സര്‍ക്കാരിന്റെ നീച കൃത്യങ്ങള്‍ക്കുള്ള പരസ്യ വിചാരണയായി അത് മാറും.

ലക്ഷ്യം രാഷ്ട്രീയം, അന്വേഷണം യുഡിഎഫിന്റെ വഴിക്ക്തന്നെ

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യുഡിഎഫിന്റെ രാഷ്ട്രീയക്കളി മറനീക്കി പുറത്താകുന്നു. സിപിഐ എം ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന്റെയും ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന്റെയും അറസ്റ്റോടെ രാഷ്ട്രീയ ഗൂഢാലോചന കൂടുതല്‍ വെളിപ്പെട്ടു. കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ പറയുന്നവഴിയില്‍ അന്വേഷണം നീങ്ങുന്നുവെന്നതിന്റെ വലിയ തെളിവ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കണ്ടുള്ള കളിയാണിതെന്നും വ്യക്തം. പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ച സമയത്താണ് അറസ്റ്റ് എന്നതും ശദ്ധേയം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലടക്കം ഇത് ചര്‍ച്ചയാകാതെ രാഷ്ട്രീയമായി വഴിതിരിച്ചുവിടുകയാണ് അറസ്റ്റിലൂടെ.

പാര്‍ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഹീനതന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്. സി എച്ച് അശോകന്റെ അറസ്റ്റിലൂടെ കേസ് രാഷ്ട്രീയ ദുരുപയോഗം ചെയ്യുന്നു എന്ന വാദം നിഷ്പക്ഷമതികളടക്കം അംഗീകരിക്കുന്നു. അശോകന്‍ സിപിഐ എമ്മിന്റെ ഒഞ്ചിയം ഏരിയാസെക്രട്ടറിയും കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും മാത്രമല്ല, എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളമാകെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമാണ്. അശോകനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വടകരയില്‍ ഉപവസിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സമാനമായ പ്രസ്താവന നടത്തി. ഭരണകക്ഷി നേതാക്കള്‍ പറയുക, അതനുസരിച്ച് അന്വേഷിക്കുക, അറസ്റ്റ ചെയ്യുക-അതാണിപ്പോള്‍ സംഭവിക്കുന്നത്. അറസ്റ്റ്, തുടര്‍ന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തലായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍, ചാനലുകളിലൂടെ വിചാരണ. 20 ദിവസമായി കേരളത്തില്‍ അരങ്ങേറുന്നത് ഇതെല്ലാം. അതില്‍ ഒടുവിലത്തെ ഇരയാണ് അശോകനും കൃഷ്ണനും. ഇവരുടെ പിറകേ ഇനി ഉന്നത നേതാക്കളെന്ന് മാധ്യമാന്വേഷകരുടെ വെളിപ്പെടുത്തലുമുണ്ട്.

അശോകന് വധവുമായി ബന്ധമുണ്ടെന്നും അതിനാല്‍ നേരത്തെ നാടുവിട്ടെന്നുമായിരുന്നു തുടക്കത്തില്‍ യുഡിഎഫ്-മാധ്യമ ക്വട്ടേഷന്‍കാര്‍ പ്രചരിപ്പിച്ചത്. ഈ നുണക്കഥയുടെ പ്രധാന പ്രചാരകനും കെപിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ കള്ളം എഴുന്നള്ളിക്കല്‍. കൊല നടന്ന നാലിന് സി എച്ച് അശോകന്‍, പാര്‍ടി ജില്ലാകമ്മിറ്റി അംഗം ആര്‍ ഗോപാലന്‍, ഒഞ്ചിയം ലോക്കല്‍സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍, ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം വി വി രാഘവന്‍ എന്നിവര്‍ക്ക് കൊലയില്‍ പങ്കുണ്ടെന്നാരോപിച്ച ചെന്നിത്തല ഇവര്‍ വീടുവിട്ടുപോയെന്ന് പറഞ്ഞു. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അശോകന്‍ കൊല്ലത്ത് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് പോയതായിരുന്നു. ചെന്നിത്തലയുടെ കള്ളക്കഥ മറയാക്കിയാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അടുത്തദിവസങ്ങളിലും അറസ്റ്റും നടപടികളും തുടരുമെന്നാണ് യുഡിഎഫ്-പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നെയ്യാറ്റിന്‍കര വരെ ഘട്ടംഘട്ടമായി ചന്ദ്രശേഖരന്‍ വധം ആഘോഷിക്കാനാണ് പദ്ധതി.
(പി വി ജീജോ)

വടകരയിലും ഒഞ്ചിയത്തും ഉജ്വല പ്രതിഷേധം

വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വടകരയിലും ഒഞ്ചിയത്തും ആയിരങ്ങളുടെ പ്രകടനം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി എച്ച് അശോകന്‍, ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെയോടെ ആയിരങ്ങള്‍ വടകരയിലെത്തി. കേളുഏട്ടന്‍സ്മാരകത്തില്‍ നിന്നാരംഭിച്ച് അഞ്ചുവിളക്ക് ചുറ്റിയായിരുന്നു പ്രകടനം. വടകരയില്‍ നടന്ന പ്രകടനത്തിന് സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സതീദേവി, എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, കെ ശ്രീധരന്‍, വി പി കുഞ്ഞികൃഷ്ണന്‍, ആര്‍ ഗോപാലന്‍, ടി കെ കുഞ്ഞിരാമന്‍, പി എ മുഹമ്മദ് റിയാസ്, കെ ടി കുഞ്ഞിക്കണ്ണന്‍, കെ കെ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിപ്ലവഭൂമിയായ ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ്വേട്ട അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഒഞ്ചിയം ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ നാദാപുരംറോഡില്‍ പ്രകടനം സംഘടിപ്പിച്ചത്. നിരോധനാജ്ഞയും ഹര്‍ത്താലും മാനിക്കാതെ സ്ത്രീകളടക്കം അണിനിരന്ന പ്രതിഷേധറാലി പാര്‍ടിവിരുദ്ധരെ ഞെട്ടിക്കുന്നതായി. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഒഞ്ചിയത്തിന്റെ വിപ്ലവ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനക്കെതിരെ രക്തസാക്ഷി ഗ്രാമങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒഴുകിയെത്തി.

deshabhimani 250512

1 comment:

  1. സിപിഐ എം ഏരിയാസെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടച്ച പൊലീസ് നടപടി കേരള രാഷ്ട്രീയത്തില്‍ ഗുരുതര പ്രത്യാഘാതത്തിന് തിരികൊളുത്തും. ഭരണ-മാധ്യമ-ആര്‍എംപി കൂട്ടുകെട്ടിന്റെ താളത്തിനു തുള്ളിയാണ്, അവര്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എംപിക്ക് സഹായം നല്‍കുന്ന ചില ബാഹ്യകേന്ദ്രങ്ങളും ഇതിന് അരുനിന്നു. കെപിസിസി പ്രസിഡന്‍റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച പേരാണ് ഏരിയാസെക്രട്ടറി സി എച്ച് അശോകേന്‍റത്. പൊലീസ് കേസ് അന്വേഷിക്കുകയല്ല; ഭരണനേതൃത്വം നിര്‍ദേശിച്ച വഴിയില്‍ തെളിവും മൊഴിയും സൃഷ്ടിക്കുകയാണ്. അന്വേഷണ പുരോഗതി പുറത്തറിയിക്കുന്നത് നിയമ വിരുദ്ധമെന്നറിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ ഇടവിട്ട് ഇഷ്ട മാധ്യമങ്ങള്‍ക്ക് നിര്‍മ്മിത കഥകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. സിപിഐ എം വേട്ടക്കുള്ള കോണ്‍ഗ്രസ്-മാധ്യമ അജന്‍ഡയാണ് അന്വേഷണത്തിന്റെ മറവില്‍ നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഇത്രയും നീചമായ രാഷ്ട്രീയക്കളി അടിയന്തരാവസ്ഥയിലാണുണ്ടായത്. സിപിഐ എം വിരോധം മൂത്ത മാധ്യമങ്ങളുടെ പിന്തുണയുടെ മറവില്‍ ഈ അതിക്രമത്തിനും അധികാര ദുര്‍വിനിയോഗത്തിനും രാഷ്ട്രീയ പകപോക്കലിനും നീതീകരണം കണ്ടെത്തുകയാണ് സര്‍ക്കാര്‍.

    ReplyDelete