Friday, May 25, 2012
ജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രം
അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് കുതന്ത്രത്തിനും തയ്യാറാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തെളിയിച്ചത്. കിങ്കരന്മാരെ ഇറക്കിവിട്ട് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്തിരിപ്പിക്കല്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഗത്യന്തരമില്ലാതെ രാജിവയ്ക്കുന്നിടത്തേക്ക് എത്തിക്കല്‍, മുന്‍ സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കല്‍... പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പയറ്റിയ കുതന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല.
തുടരന്വേഷണം ആവശ്യപ്പെട്ട ഏജന്‍സി അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതിയില്‍ വാദിക്കുന്നതും കോടതി അത് നിരാകരിച്ച് അന്വേഷണത്തിന് ഉത്തരവിടുന്നതും കേസില്‍ കണ്ടു. പാമൊലിന്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ ഉത്തരവാദിത്തമുണ്ട് എന്നു കണ്ടെത്തിയ വിജിലന്‍സ് അത് വിഴുങ്ങി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. തുടരന്വേഷണം ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കാനുള്ള ചെപ്പടിവിദ്യയാക്കി. വിജിലന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 2011 മാര്‍ച്ചില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം അനുവദിച്ചത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍, മെയ് 13ന് വിജിലന്‍സ് മലക്കംമറിഞ്ഞു. അന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദവി എളുപ്പമാക്കാനായി വിജിലന്‍സ് ഡയറക്ടര്‍ കോടതിയിലെത്തി. വേറെ ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് അവകാശപ്പെട്ടു. ഇത് തള്ളിയ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. അതോടെ ജഡ്ജിക്കെതിരെ ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതാക്കളെ ഇറക്കിവിട്ടു. ചീഫ് വിപ്പ് പി സി ജോര്‍ജിനായിരുന്നു ജഡ്ജിയെ നേരിടാനുള്ള മുഖ്യചുമതല. ജഡ്ജിയെ ജോര്‍ജ് വ്യക്തിപരമായി അധിക്ഷേപിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. 2011 ഒക്ടോബറില്‍ ഹൈക്കോടതി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ പി എ അഹമ്മദ് രാജിവച്ചു.
ഇറക്കുമതി ഘട്ടത്തില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലാണ് 20 വര്‍ഷം പഴക്കമുള്ള പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് വഴിതെളിച്ചത്. പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 15 ശതമാനം സേവനചാര്‍ജ് നല്‍കി 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ മൊഴിയിലുണ്ട്. രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയ മാത്യുവും കോടതിയില്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികള്‍, ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ നിഷേധിക്കാനാകാത്ത പങ്കുണ്ടെന്ന് വ്യക്തമാക്കി.
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുമാണ് പാമൊലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാണിച്ചത്. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ മുഖ്യമന്ത്രിയായപ്പോഴും തീരുമാനിച്ചിരുന്നു. പക്ഷേ, കോടതി അംഗീകരിച്ചില്ല. പാമൊലിന്‍ ഇറക്കുമതി നടന്നത് ഉമ്മന്‍ചാണ്ടിയുടെ അംഗീകാരത്തോടെയാണെന്ന സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക്കിന്റെ മൊഴിയെക്കുറിച്ച് മൗനംപാലിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പാമൊലിന്‍ ഇറക്കുമതി അടിയന്തരാവശ്യമുള്ള കാര്യമായിരുന്നില്ലെന്ന ടി എച്ച് മുസ്തഫയുടെ ആദ്യമൊഴിയും മുക്കി.
deshabhimani 250512
Subscribe to:
Post Comments (Atom)
അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് കുതന്ത്രത്തിനും തയ്യാറാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തെളിയിച്ചത്. കിങ്കരന്മാരെ ഇറക്കിവിട്ട് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്തിരിപ്പിക്കല്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഗത്യന്തരമില്ലാതെ രാജിവയ്ക്കുന്നിടത്തേക്ക് എത്തിക്കല്‍, മുന്‍ സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കല്‍... പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പയറ്റിയ കുതന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല.
ReplyDelete