Friday, May 25, 2012

ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് സ്വീകരിച്ചു


പാമൊലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി സ്വീകരിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മതിയായ തെളിവില്ലെന്ന റിപ്പോര്‍ടിലെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍, വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ ഉമ്മന്‍ചാണ്ടിയടക്കം ആരെയും പ്രതിയാക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ പറഞ്ഞു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കേസ് ജൂണ്‍ 18ലേക്ക് മാറ്റി.

പാമൊലിന്‍ ഇറക്കുമതിയില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ മറ്റു വാദങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട് തള്ളണമെന്നാവശ്യപ്പട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട മുന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനം, പാമൊലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അഡ്വ. അഞ്ജു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. പുതിയ തെളിവ് ഹാജരാക്കിയാല്‍ ഉമ്മന്‍ചാണ്ടിയടക്കം ആര്‍ക്കെതിരെയും കേസെടുക്കാന്‍ ഇപ്പോഴത്തെ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയ പ്രതികളുടെ അപേക്ഷകള്‍ കോടതി പിന്നീട് പരിഗണിക്കും. റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചാല്‍ പാമൊലിന്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് വി എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇറക്കുമതി ഫയല്‍ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമാക്കാന്‍ മുഖ്യമന്ത്രിക്കാണ് അവകാശം. എന്നാല്‍, ധനമന്ത്രി ഫയലില്‍ ഒപ്പിട്ടതുകൊണ്ടു മാത്രം പ്രതിയാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഫയലില്‍ ഒപ്പുവച്ച മുഖ്യമന്ത്രി കരുണാകരന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി എച്ച് മുസ്തഫ, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു എന്നിവര്‍ പ്രതികളായത് ഒപ്പിന്റെ പേരിലല്ല, ടെണ്ടര്‍ ക്ഷണിക്കാതെ പാമൊലിന്‍ ഇറക്കുമതിക്ക് ഗൂഢാലോചന നടത്തിയതടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു ഭാസ്കര്‍ സര്‍ക്കാരിനു വേണ്ടിഹാജരായി.

1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. ഉത്തരവ് പഠിച്ചശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വി എസിന്റെ അഭിഭാഷകന്‍ ടി ബി ഹൂദും ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണന്താനത്തിന്റെ അഭിഭാഷകന്‍ എന്‍ കെ ഉണ്ണികൃഷ്ണനും പറഞ്ഞു. കേസ് നേരത്തേ പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ആറിനാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട് ആവശ്യപ്പട്ടത്. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോള്‍ പി കെ ഹനീഫ കേസില്‍ നിന്നു പിന്മാറി. ഹനീഫയെ അധിക്ഷേപിച്ച് ജോര്‍ജ് നടത്തിയ പരസ്യപ്രസ്താവനയെ തുടര്‍ന്ന് സമര്‍പ്പിച്ച രണ്ട് കോടതിയലക്ഷ്യ ഹര്‍ജികളും വാദികള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

deshabhimani 250512

1 comment:

  1. പാമൊലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി സ്വീകരിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മതിയായ തെളിവില്ലെന്ന റിപ്പോര്‍ടിലെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍, വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ ഉമ്മന്‍ചാണ്ടിയടക്കം ആരെയും പ്രതിയാക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ പറഞ്ഞു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കേസ് ജൂണ്‍ 18ലേക്ക് മാറ്റി.

    ReplyDelete