എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരന്തത്തിന്റെ നീറ്റലില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജനതയെ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. ദുരന്തബാധിതര്‍ക്ക് ആശ്വാസമേകിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതികളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. ദുരന്തബാധിതരോട് കുറച്ചുകൂടി മനുഷ്യത്വം കാട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനുപോലും പരസ്യമായി പ്രതികരിക്കേണ്ടിവന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാളികളും കാസര്‍കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകരും യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
ഒന്നര വര്‍ഷംമുമ്പ് ഐക്യരാഷ്ട്രസഭതന്നെ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിലേക്കെത്തിയത് കാസര്‍കോട്ടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. സ്റ്റോക്ഹോമില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ കീടനാശിനി പുനരവലോകന സമ്മേളനത്തില്‍ ഈ വിഷഭീകരനെതിരെ തെളിവായി ചൂണ്ടിക്കാട്ടിയതും കാസര്‍കോട്ടെ ദുരന്തമാണ്. അന്ന് സംസ്ഥാനസര്‍ക്കാരും എന്‍ഡോസള്‍ഫാനെതിരെ പരസ്യമായി രംഗത്തുവന്നു. കേന്ദ്രം എന്‍ഡോസള്‍ഫാനുവേണ്ടി ശക്തമായി വാദിക്കുകയും മറ്റുരാജ്യങ്ങളെയും സ്വതന്ത്ര പ്രതിനിധികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുകയുംചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം ജനപക്ഷത്തുനിന്ന് പോരാടിയത്. അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ദുരന്തമേഖലയില്‍ പലതവണയെത്തി പ്രശ്നങ്ങള്‍ മനസിലാക്കി. രോഗികളുടെ ചികിത്സക്കും ജീവിതത്തിനും വേണ്ടി എല്ലാ സഹായവും നല്‍കി. മുഴുവന്‍ രോഗികളെയും സര്‍ക്കാര്‍ ദത്തെടുത്തതായി പ്രഖ്യാപിച്ചു, എല്ലാവര്‍ക്കും ചികിത്സയും പെന്‍ഷനും നല്‍കി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം പുനഃപരിശോധിച്ച് 4282 പേരുണ്ടെന്ന് കണ്ടെത്തി. പിന്നീട് 682 പേരെക്കൂടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരെ ദിവസങ്ങളോളം കാസര്‍കോട് ക്യാമ്പ് ചെയ്യിച്ചു. എല്ലാ ചികിത്സയും എവിടെയും സര്‍ക്കാര്‍ ചെലവില്‍ നല്‍കി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിന് ആവശ്യമായ ഫണ്ടനുവദിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കാവശ്യമായ ഒരാവശ്യത്തിനും കാലതാമസമുണ്ടായില്ല. പെന്‍ഷനുപുറമെ എല്ലാവര്‍ക്കും സൗജന്യറേഷനും നല്‍കി. മൊബൈല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് വീട്ടിലെത്തി ചികിത്സിക്കാനുള്ള സൗകര്യവുമേര്‍പ്പെടുത്തി. ഇക്കാര്യങ്ങളൊക്കെ നോക്കി നടത്താന്‍മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ച 11 പഞ്ചായത്തിലും ഓരോ ഐസിഡിഎസ് സൂപ്പര്‍വൈസറെ നിയമിച്ചു.
എന്നാല്‍, അതൊക്കെ പഴങ്കഥ. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തി. പ്രവര്‍ത്തിക്കാത്ത കമ്മിറ്റിയെ നിയോഗിച്ച് നിലവിലുണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിനെ നോക്കുകുത്തിയാക്കി. പുതിയകമ്മിറ്റിയുടെ പേരില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ എന്ന പദംതന്നെ ഒഴിവാക്കി. പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല. റേഷന്‍ കിട്ടിയിട്ടും മാസങ്ങളായി. ചികിത്സക്ക് സ്വന്തം കാശുമുടക്കണമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും മരുന്നുമില്ല. അങ്ങോട്ടുപോയിട്ട് പ്രയോജനവുമില്ല. ഇതുമൂലം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ മരണനിരക്ക് ഗണ്യമായി വര്‍ധിച്ചു. നിത്യവും ഒന്നും രണ്ടും മരണം. മതിയായ പരിചരണം കിട്ടാതെയാണ് മിക്കവരും മരണത്തിനു കീഴടങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ മൊത്തമായി കുഴിച്ചിട്ട നഞ്ചന്‍പറമ്പിലെ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചത് ഏറ്റവും ഒടുവിലത്തെ തെളിവ്. നിര്‍ധന കുടുംബത്തിലെ കുഞ്ഞിന് മംഗളൂരുവില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന് പറഞ്ഞാണ് ജനറല്‍ ആശുപത്രിയില്‍നിന്ന് വിട്ടത്. വിദഗ്ധ ചികിത്സക്ക് പണമില്ലാത്തതിനാല്‍ കുട്ടിയുമായി വീട്ടിലേക്കാണ് രക്ഷിതാക്കള്‍ പോയത്. ഒരാഴ്ചക്കുള്ളില്‍ ഈ പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി.
എന്‍ഡോസള്‍ഫാന്‍ തളിക്കാതായതോടെ ദുരിത ജന്മത്തിന് കുറവുണ്ടെങ്കിലും നഞ്ചന്‍പറമ്പ്പോലുള്ള സ്ഥലത്ത് ഇപ്പോഴും വൈകല്യങ്ങളുമായി കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത് ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്ന കേന്ദ്ര മനുഷ്യാവകാശ കമീഷന്റെ ഉത്തരവും നടപ്പാക്കുന്നില്ല. നഷ്ടപരിഹാരത്തിന് 120 കോടി രൂപ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കണമെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ കൃഷിവകുപ്പ് ഉത്തരവിറക്കി. പ്ലാന്റേഷന്‍ കോര്‍പറേഷന് അതിനുള്ള ബാധ്യതയില്ലെന്ന ചീഫ്സെക്രട്ടറിയുടെ അഭിപ്രായം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന നിലപാടിനെതിരെ മനുഷ്യാവകാശ കമീഷന്‍ പരസ്യമായി രംഗത്തുവന്നു. കൊടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് കമീഷന്‍ ഒടുവില്‍ പറഞ്ഞത്. കാസര്‍കോട്ടെ അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് സാമൂഹ്യാരോഗ്യ വിഭാഗത്തിന്റെ ശാസ്ത്രീയ പഠനറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനിയുടെ ജനറല്‍ മാനേജരുമായി ആലോചിച്ച് പുനഃപരിശോധിക്കണമെന്ന് പറയാനും യുഡിഎഫ് സര്‍ക്കാര്‍ മടിച്ചില്ല. സുപ്രീംകോടതിയും ഐസിഎംആറും അംഗീകരിച്ച റിപ്പോര്‍ട്ടാണ് തിരുത്താന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രിതന്നെ രംഗത്തുവന്നു.
(എം ഒ വര്‍ഗീസ്)
deshabhimani 180512
എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരന്തത്തിന്റെ നീറ്റലില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജനതയെ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു. ദുരന്തബാധിതര്‍ക്ക് ആശ്വാസമേകിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതികളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. ദുരന്തബാധിതരോട് കുറച്ചുകൂടി മനുഷ്യത്വം കാട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനുപോലും പരസ്യമായി പ്രതികരിക്കേണ്ടിവന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാളികളും കാസര്‍കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകരും യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
ReplyDelete