Monday, May 14, 2012

ഐടിഐയുടെ സ്ഥലം നോട്ടമിട്ട് റിയല്‍ എസ്റ്റേറ്റ് ലോബി


പാലക്കാട് നഗരത്തില്‍ എന്ത് വികസനപ്രവൃത്തി ആലോചിക്കുമ്പോഴും ആദ്യം നോട്ടമിടുന്നത് ദേശീയപാതയോരത്തെ ഐടിഐയുടെ 102 ഏക്കര്‍ സ്ഥലം. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലും. പാലക്കാട് എംഎല്‍എ ആഴ്ചതോറും പ്രഖ്യാപിക്കുന്ന വികസനപ്രവൃത്തികള്‍ക്കെല്ലാം ഈ സ്ഥലമാണ് ചൂണ്ടിക്കാട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ദേശീയ പാതയോരത്തെ ഈ കണ്ണായ സ്ഥലം എന്തിന്റെയെങ്കിലും പേരില്‍ അടിച്ചെടുക്കാന്‍ നഗരസഭയിലെ കോണ്‍ഗ്രസിന്റെ റിയല്‍ എസ്റ്റേറ്റ് ലോബിയും ശക്തമായി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരുകോക്കസ്സാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതിനുള്ള സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പാലക്കാടിന് ഐഐടി ലഭിക്കുമെന്നും അത് ഐടിഐയുടെ സ്ഥലത്ത് സ്ഥാപിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഐഐടി ഇനിയും സ്വപ്നമായതിനാല്‍ പാലക്കാട് ജില്ലയില്‍ വിമാനത്താവളത്തിന് പദ്ധതിയായെന്നും അതും മണപ്പുള്ളിക്കാവിലെ ഐടിഐയുടെ സ്ഥലത്താണെന്നും പ്രചാരണം നടന്നു. ഇതും നടക്കാതായപ്പോള്‍ ബജറ്റില്‍പോലും പ്രഖ്യാപിക്കാത്ത പാലക്കാട് മെഡിക്കല്‍കോളേജ് ഇവിടെ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതുവിധേനയും സ്ഥലം തട്ടിയെടുക്കുക എന്നലക്ഷ്യത്തോടെ പരമാവധി ശ്രമിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് ലോബി. ഐടിഐ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് 1989ല്‍ വി പി സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് മണപ്പുള്ളിക്കാവിലെ 102 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയത്. പിന്നീട് ഐടിഐ വ്യവസായ പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇപ്പോള്‍ ബിഐഎഫ്ആറിന് കീഴിലാണ്. യഥാര്‍ഥത്തില്‍ ബിഐഎഫ്ആറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ സ്ഥലം ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ പീഡിത വ്യവസായ പട്ടികയിലായതിനാല്‍ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇപ്പോള്‍ ഐടിഐയും ഐഎസ്ആര്‍ഒയും സംയുക്തമായി റോക്കറ്റിന്റെ അനുബന്ധഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി ഇവിടെ സ്ഥാപിക്കാന്‍ ചര്‍ച്ച നടക്കുകയാണ്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതായും പറയുന്നു. ഈ ഫാക്ടറിയുടെ വരവ് തടസ്സപ്പെടുത്തി സംസ്ഥാനസര്‍ക്കാരിന്കൂടി താല്‍പ്പര്യമുള്ള പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എന്നാല്‍ ഇതൊന്നും നടക്കില്ലെന്നറിഞ്ഞിട്ടും എല്ലാ പദ്ധതികളും ഐടിഐ സ്ഥലത്തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പിന്നില്‍ മറ്റൊരു പ്രചാരണ തന്ത്രവുമുണ്ട്. ഇല്ലാത്ത പദ്ധതികളുടെപേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ജനപ്രതിനിധിക്ക് ഈ സ്ഥലം ചൂണ്ടിക്കാണിക്കാനും മടിയില്ല.

deshabhimani 140512

1 comment:

  1. പാലക്കാട് നഗരത്തില്‍ എന്ത് വികസനപ്രവൃത്തി ആലോചിക്കുമ്പോഴും ആദ്യം നോട്ടമിടുന്നത് ദേശീയപാതയോരത്തെ ഐടിഐയുടെ 102 ഏക്കര്‍ സ്ഥലം. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ കീഴിലും. പാലക്കാട് എംഎല്‍എ ആഴ്ചതോറും പ്രഖ്യാപിക്കുന്ന വികസനപ്രവൃത്തികള്‍ക്കെല്ലാം ഈ സ്ഥലമാണ് ചൂണ്ടിക്കാട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ദേശീയ പാതയോരത്തെ ഈ കണ്ണായ സ്ഥലം എന്തിന്റെയെങ്കിലും പേരില്‍ അടിച്ചെടുക്കാന്‍ നഗരസഭയിലെ കോണ്‍ഗ്രസിന്റെ റിയല്‍ എസ്റ്റേറ്റ് ലോബിയും ശക്തമായി രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരുകോക്കസ്സാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതിനുള്ള സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

    ReplyDelete