Saturday, May 12, 2012

ഫസല്‍വധം: സത്യവാങ്മൂലത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും


ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തി സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെയും ഇടപെടലിനെ തുടര്‍ന്നാണ് കേസില്‍ സിപിഐ എം നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തിയുള്ള റിപ്പോര്‍ട്ട് സിബിഐ നല്‍കിയതെന്നാണ് ആക്ഷേപം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖേനയാണ് ഇതിനുള്ള കരുക്കള്‍ നീക്കിയത്. തീവ്രവാദബന്ധം സംശയിക്കുന്ന ഒരു ഓഫീസറുടെ സഹായവുമുണ്ടായി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവരെ മാപ്പുസാക്ഷികളാക്കാമെന്ന് പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തിയതായും സംശയിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയനീക്കത്തിന്റെ തുടര്‍ച്ചയാണിത്.

പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സിപിഐ എം നേതൃത്വത്തെ ഫസല്‍വധക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ടായത്. ഇപ്പോള്‍ നെയ്യാറ്റിന്‍കര ലക്ഷ്യമിട്ട് കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. കൊടി സുനി ഒന്നാംപ്രതിയായ കേസില്‍ സിപിഐ എം നേതാക്കളെ ഗൂഢാലോചനയില്‍പ്പെടുത്തി അറസ്റ്റ്ചെയ്താല്‍ ചന്ദ്രശേഖരന്‍ വധക്കേസിലും ദുരൂഹത സൃഷ്ടിക്കാനാവുമെന്ന കണക്കുകൂട്ടലും വൃത്തികെട്ട ഈ രാഷ്ട്രീയക്കളിക്കുപിന്നിലുണ്ട്. ഫസല്‍വധത്തില്‍ സിപിഐ എമ്മിന് ബന്ധമില്ലെന്ന് നേരത്തെ പലവട്ടം വ്യക്തമാക്കിയതാണ്. പാര്‍ടിയുമായി ഒരു ബന്ധവുമില്ലാത്തയാളായിരുന്നു ഫസല്‍. ഇയാളെ കൊലപ്പെടുത്തേണ്ട ഒരു ആവശ്യവും സിപിഐഎമ്മിനുണ്ടായിരുന്നില്ല. എന്‍ഡിഎഫ് പ്രവര്‍ത്തകനും പത്രവിതരണക്കാരനുമെന്നതിനപ്പുറമുള്ള സാമൂഹ്യബന്ധമൊന്നുമില്ലാത്ത ചെറുപ്പക്കാരന്‍. ലോക്കല്‍പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസില്‍ തുമ്പുണ്ടാക്കാനായില്ല. പ്രത്യേക അന്വേഷണസംഘം മൂന്നുപേരെ അറസ്റ്റ്ചെയ്തിരുന്നു.

പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ ഇടപെടല്‍ ശക്തമായത്. അന്വേഷണഘട്ടത്തില്‍തന്നെ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാര്‍ത്തകളാണ് തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഒടുവില്‍ മൂന്ന് സിപിഐ എം അനുഭാവികളെ സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി അറസ്റ്റ്ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍, തലശേരി ഏരിയകമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ചോദ്യംചെയ്യാനെന്ന മട്ടില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യാനും പദ്ധതിയിട്ടു. എന്നാല്‍, ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ജാമ്യാപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള നാണംകെട്ട കളിക്ക് സിബിഐ ഇറങ്ങിയത്.

deshabhimani 130512

1 comment:

  1. ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തി സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെയും ഇടപെടലിനെ തുടര്‍ന്നാണ് കേസില്‍ സിപിഐ എം നേതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തിയുള്ള റിപ്പോര്‍ട്ട് സിബിഐ നല്‍കിയതെന്നാണ് ആക്ഷേപം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖേനയാണ് ഇതിനുള്ള കരുക്കള്‍ നീക്കിയത്. തീവ്രവാദബന്ധം സംശയിക്കുന്ന ഒരു ഓഫീസറുടെ സഹായവുമുണ്ടായി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവരെ മാപ്പുസാക്ഷികളാക്കാമെന്ന് പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തിയതായും സംശയിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയനീക്കത്തിന്റെ തുടര്‍ച്ചയാണിത്.

    ReplyDelete