Thursday, May 24, 2012

സത്യം മറയ്ക്കുന്ന സംഘാരവം


"നാടിനും നാട്ടാര്‍ക്കും വീടിനും താങ്ങും തണലുമായി വളര്‍ന്നുവന്ന യൗവനത്തെ കോണ്‍ഗ്രസ് നേതാവും സംഘവും അറുത്തുമാറ്റുകയായിരുന്നു". ഏകമകന്റെ വേര്‍പാടില്‍ കണ്ണീര് തോരാതെ നാളുകള്‍ തള്ളിനീക്കുന്ന നെടുങ്കണ്ടം കല്ലാര്‍ വെള്ളാംകടവില്‍ അനീഷ് രാജന്റെ മാതാപിതാക്കളുടേതാണീ വാക്കുകള്‍. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ജനതയെ വിഘടിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നീക്കങ്ങളെ ചെറുത്തതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കത്തിക്കിരയായി ജീവന്‍ പൊലിഞ്ഞ അനീഷ് രാജന്റെ കുടുംബത്തിന് നീതി പോയിട്ട് ആശ്വാസവാക്കുപോലും അധികാരികളില്‍നിന്ന് ലഭിച്ചില്ല. മുറിവുകളുടെ എണ്ണവും ആഴവും കൊടിയുടെ നിറവും മാധ്യമശ്രദ്ധയും നോക്കി ജീവന്റെ വിലയും പ്രാധാന്യവും നിര്‍ണയിക്കുന്ന കപട വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ പറയുന്നു. മകനെ കഠാരകൊണ്ട് കുത്തിവീഴ്ത്തിയ പ്രതികളെ പിടികൂടാനോ ചോദ്യംചെയ്യാനോ, ആശ്വാസവാക്കു പറയാനോ ഇന്ന് മറ്റ് കാര്യങ്ങളില്‍ മുതലക്കണ്ണീരൊഴുക്കുന്ന പ്രമുഖരോ സംഘങ്ങളോ എത്തിയില്ല. ഘാതകരെ സംരക്ഷിക്കുന്ന നിലപാടാണ് പലരും സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മകനെ പ്രതിയാക്കിയ കാട്ടുനീതിയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മരണശേഷവും മകനെ കൊലയാളിയായി ചിത്രീകരിക്കാനാണ് ആഭ്യന്തരമന്ത്രിയും ഇടുക്കി എംപിയും കരുക്കള്‍ നീക്കിയത്.

കേരള- തമിഴ്നാട് ജനതകളുടെ ഐക്യവും സാഹോദര്യവും സംരക്ഷിക്കാന്‍ പ്രശ്നമേഖലയിലേക്ക് ഓടിയെത്തിയ എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെയും രൂപേഷിന്റെയും നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയതിനെ അപലപിക്കുന്നവര്‍ ഇതിനെ രാഷ്ട്രീയ കൊലപാതകമായി കാണുന്നുമില്ല; പ്രചരിപ്പിക്കുന്നുമില്ല. മാധ്യമശ്രദ്ധ കിട്ടാന്‍ ഇപ്പോള്‍ ഒരു കൊലപാതകത്തെ അപലപിക്കുന്ന നേതാക്കളാരും ഇവിടെ എത്തിയതുമില്ല, അന്വേഷിച്ചുമില്ലെന്ന് ഈ മാതാപിതാക്കള്‍ കണ്ണീരോടെ പറയുന്നു. ബിരുദം പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു ദുഷ്ടശക്തികള്‍ അനീഷിനെ അരുംകൊലചെയ്തത്. ഏത് അര്‍ധരാത്രിയിലും ആര് എന്ത് സഹായം ചോദിച്ചാലും കൂടെപോകാന്‍ മടി കാണിച്ചിരുന്നില്ല. രക്തദാനസേനയിലെ പ്രധാനിയായിരുന്ന അനീഷ് രക്തം കൊടുക്കുകയും കൊടുപ്പിക്കുകയുംചെയ്തത് മുന്നൂറോളം പേര്‍ക്കാണ്. പൊതുപ്രവര്‍ത്തനം കുറയ്ക്കണമെന്ന് അമ്മ പറയുമ്പോള്‍ താന്‍ ഒറ്റയ്ക്കല്ലെന്നും നിരവധി പേര്‍ ഒപ്പമുണ്ടെന്നും അനീഷ് പറഞ്ഞത് അമ്മ സബിത വേദനയോടെ ഓര്‍ക്കുന്നു.

സ്നേഹിച്ച് കൊതിതീരുംമുമ്പേ നരാധമന്മാര്‍ എന്റെ മകനെ എടുത്തു. മരണശേഷവും നീതി ലഭിക്കുന്നില്ല. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍മൂലം പ്രതികളെ രക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ അനീഷിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കൊലപാതക വകുപ്പിട്ട് കേസ് എടുത്തിരിക്കുന്നു. പ്രതിയെന്ന് കുറ്റം ആരോപിച്ച് കേസെടുത്ത അനീഷിന്റെ സുഹൃത്തിന്റെ വിവാഹവും മുടങ്ങി. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത് കെ കെ ജയചന്ദ്രന്‍ എംഎല്‍എയാണ്. തങ്ങള്‍ നേരിടുന്ന അവസ്ഥ പുറംലോകത്തെത്തിക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ മാധ്യമങ്ങളുമില്ലെന്ന് ഏക മകന്റെ വേര്‍പാടില്‍ ഹൈറേഞ്ച് മലമടക്കില്‍ നീതി കാത്ത് കഴിയുന്ന അമ്മ സബിതയും അച്ഛന്‍ രാജനും പറയുന്നു.

deshabhimani 240512

1 comment:

  1. "നാടിനും നാട്ടാര്‍ക്കും വീടിനും താങ്ങും തണലുമായി വളര്‍ന്നുവന്ന യൗവനത്തെ കോണ്‍ഗ്രസ് നേതാവും സംഘവും അറുത്തുമാറ്റുകയായിരുന്നു". ഏകമകന്റെ വേര്‍പാടില്‍ കണ്ണീര് തോരാതെ നാളുകള്‍ തള്ളിനീക്കുന്ന നെടുങ്കണ്ടം കല്ലാര്‍ വെള്ളാംകടവില്‍ അനീഷ് രാജന്റെ മാതാപിതാക്കളുടേതാണീ വാക്കുകള്‍.

    ReplyDelete