Thursday, May 24, 2012

പെട്രോള്‍ വില കൂട്ടിയത് ക്രൂഡോയില്‍ വില കുറയുമ്പോള്‍


അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി ഇടിയുമ്പോഴാണ് പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയ്ക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അയവുവന്നതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുതുടങ്ങിയത്. തങ്ങളുടെ ആണവപരിപാടികള്‍ പരിശോധിക്കാന്‍ യുഎന്‍ ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ വീണ്ടും അനുമതി നല്‍കിയതോടെ ക്രൂഡ് ഓയില്‍ വില കുറയുന്ന പ്രവണത തുടരുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ബജറ്റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ വലിയൊരു വിലവര്‍ധനയ്ക്ക് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 ശതമാനത്തിന്റെ ഇടിവാണ് വന്നത്. ഈ മാസം ആദ്യം ബാരലിന് 106 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 91 ഡോളറില്‍ എത്തി. എന്നാല്‍, തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ബാരലിന് 125 ഡോളറാണെന്ന വാദമാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രൂഡ് ഓയില്‍ വിലയിലെ കുറവുതന്നെയാണ് ഉയര്‍ന്നുനില്‍ക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഏതാണ്ട് മൂന്നുരൂപയുടെമാത്രം മാറ്റം വന്നപ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 16 ഡോളര്‍ കുറഞ്ഞു. ഈ വസ്തുത മറച്ചുവച്ചാണ് പെട്രോള്‍ വിലയില്‍ ഗണ്യമായ വര്‍ധനയ്ക്ക് തീരുമാനമെടുത്ത്. പൊതുമേഖലാ കമ്പനികളുടെ പേര് പറഞ്ഞാണ് വിലവര്‍ധനയെങ്കിലും റിലയന്‍സുപോലുള്ള സ്വകാര്യകമ്പനികള്‍ക്ക് സാമ്പത്തികനേട്ടം കൊയ്യാന്‍ അവസരമൊരുക്കുകയാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ ഇനിയും കാത്തിരുന്നാല്‍ ആഭ്യന്തരവില കൂട്ടാനാകില്ലെന്ന കണക്കുകൂട്ടലിലാണ് തിരക്കിട്ടുള്ള വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും മുതിര്‍ന്നിരിക്കുന്നത്.

വൈകാതെ ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലകളും ഉയര്‍ത്തും. ഡീസല്‍വില ലിറ്ററിന് മൂന്നുരൂപയും എല്‍പിജി വില സിലിണ്ടറിന് 50 രൂപയും കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. പെട്രോളിയം വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന പ്രത്യേക മന്ത്രിസഭാ സമിതി ഈ മാസം അവസാനം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സബ്സിഡി ചെലവ് ജിഡിപിയുടെ 2.5 ശതമാനത്തില്‍നിന്ന് 1.75 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. വളം, എണ്ണ സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ഭാഗമാണ് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ഇന്ധന വിലവര്‍ധന. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ഇന്ധനവിലകളില്‍ ഗണ്യമായ വര്‍ധനയാണ് സംഭവിച്ചത്. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 37 രൂപ (ഡല്‍ഹി വില) മാത്രമായിരുന്നു. എല്‍പിജി വില 281 രൂപയില്‍ നിന്ന് 399 രൂപയായി. ഡീസല്‍വില 26 രൂപയില്‍നിന്ന് 41 രൂപയായി. മണ്ണെണ്ണവില ഒമ്പത് രൂപയില്‍നിന്ന് 14.5 രൂപയിലെത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 22 തവണയും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 17 തവണയുമാണ് പെട്രോള്‍വില കൂട്ടിയത്. 2010 ജൂണില്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷംമാത്രം വില 14 തവണ വര്‍ധിപ്പിച്ചു. ലിറ്ററിന് 51 രൂപയായിരുന്ന വില 73 രൂപയായി വര്‍ധിച്ചു.

deshabhimani 240512

1 comment:

  1. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി ഇടിയുമ്പോഴാണ് പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയ്ക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അയവുവന്നതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുതുടങ്ങിയത്. തങ്ങളുടെ ആണവപരിപാടികള്‍ പരിശോധിക്കാന്‍ യുഎന്‍ ആണവോര്‍ജ ഏജന്‍സിക്ക് ഇറാന്‍ വീണ്ടും അനുമതി നല്‍കിയതോടെ ക്രൂഡ് ഓയില്‍ വില കുറയുന്ന പ്രവണത തുടരുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ബജറ്റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ വലിയൊരു വിലവര്‍ധനയ്ക്ക് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

    ReplyDelete