Wednesday, May 23, 2012

ഒഞ്ചിയത്ത് വീടിന് വീണ്ടും ബോംബേറ്


ഒഞ്ചിയത്ത് വീണ്ടും വീടിന് ബോംബേറ്. രക്തസാക്ഷി സ്ക്വയറിനടുത്തുള്ള ശില്‍പിയും കലാ-സാംസ്കാരിക പ്രവര്‍ത്തകനും സിപിഐ എം പ്രവര്‍ത്തകനുമായ പ്രഭകുമാര്‍ ഒഞ്ചിയത്തിന്റെ വീടിനാണ് ബോംബെറിഞ്ഞത്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം രണ്ടാംതവണയാണ് ഈ വീട് ആക്രമിക്കുന്നത്. തിങ്കളാഴ്ച പകല്‍ ഒരുസംഘം പാര്‍ടി വിരുദ്ധരും ദൃശ്യമാധ്യമ പ്രവര്‍ത്തകരും രക്തസാക്ഷിസ്ക്വയറിനുള്ളില്‍ കടന്ന് ചിത്രീകരണം നടത്തിയിരുന്നു. സിപിഐ എം നിയന്ത്രണത്തിലുള്ള രക്തസാക്ഷി സ്ക്വയറില്‍ അനുമതിയില്ലാതെ കടന്നുള്ള ചിത്രീകരണം പ്രഭകുമാര്‍ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള പകയും വിരോധവുമാണ് ബോംബേറിന് കാരണമെന്നറിയുന്നു.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് ആര്‍എംപിക്കാര്‍ ബോംബെറിഞ്ഞത്. വീടിന്റെ ചുമരിന് വിള്ളല്‍വീണു. കല്ലേറില്‍ ജനല്‍ഗ്ലാസുകളും തകര്‍ന്നു. ആര്‍എംപിക്കാര്‍ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇത് നാലാംതവണയാണ് വീട് ആക്രമിക്കുന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട മെയ് നാലിന് രാത്രിയുണ്ടായ കല്ലേറില്‍ വീടിന് വലിയ നാശമുണ്ടായി. അധ്യാപകനായ പ്രഭകുമാര്‍ നിര്‍മിച്ച യേസ് മാര്‍ക്സ് യുആര്‍ റൈറ്റ് എന്ന ഡോക്യുമെന്ററി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിന്റെ രൂപകല്‍പന നിര്‍വഹിച്ച ഇദ്ദേഹം സിപിഐ എം വെടിവെപ്പേറിയ ബ്രാഞ്ചംഗമാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി മോഹനന്‍, സി ഭാസ്കരന്‍, കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, ആര്‍ ഗോപാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. പൊലീസിന്റെ അറിവിലും സംരക്ഷണയിലുമാണ് അക്രമമെന്ന് എളമരം കരീം പറഞ്ഞു. ഇനിയും ഇതേ നിലതുടര്‍ന്നാല്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 230512

1 comment:

  1. ഒഞ്ചിയത്ത് വീണ്ടും വീടിന് ബോംബേറ്. രക്തസാക്ഷി സ്ക്വയറിനടുത്തുള്ള ശില്‍പിയും കലാ-സാംസ്കാരിക പ്രവര്‍ത്തകനും സിപിഐ എം പ്രവര്‍ത്തകനുമായ പ്രഭകുമാര്‍ ഒഞ്ചിയത്തിന്റെ വീടിനാണ് ബോംബെറിഞ്ഞത്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം രണ്ടാംതവണയാണ് ഈ വീട് ആക്രമിക്കുന്നത്. തിങ്കളാഴ്ച പകല്‍ ഒരുസംഘം പാര്‍ടി വിരുദ്ധരും ദൃശ്യമാധ്യമ പ്രവര്‍ത്തകരും രക്തസാക്ഷിസ്ക്വയറിനുള്ളില്‍ കടന്ന് ചിത്രീകരണം നടത്തിയിരുന്നു. സിപിഐ എം നിയന്ത്രണത്തിലുള്ള രക്തസാക്ഷി സ്ക്വയറില്‍ അനുമതിയില്ലാതെ കടന്നുള്ള ചിത്രീകരണം പ്രഭകുമാര്‍ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള പകയും വിരോധവുമാണ് ബോംബേറിന് കാരണമെന്നറിയുന്നു.

    ReplyDelete