Friday, May 16, 2014

അടിച്ചേല്‍പ്പിക്കുന്നത് 900 കോടിയുടെ അധിക ഭാരം

തിരു: മൂന്നുവര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ ബസ് ചാര്‍ജ് വര്‍ധനയിലൂടെ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരു വര്‍ഷം 900 കോടിയിലധികം രൂപയുടെ അധിക ബാധ്യത. മന്ത്രിസഭായോഗത്തില്‍ മാത്രം ചര്‍ച്ചചെയ്ത് ബസ് ചാര്‍ജ് വര്‍ധന എന്ന നയപരമായ തീരുമാനമെടുക്കുന്നതും ആദ്യമാണ്. അയ്യായിരത്തോളം ബസ് ഓടിക്കുന്ന കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 50 ലക്ഷം രൂപ അധിക വരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതനുസരിച്ച് കേരളത്തില്‍ സ്വകാര്യ- കെഎസ്ആര്‍ടിസിമേഖലയിലെ യാത്രക്കാരുടെ പ്രതിദിന അധിക ബാധ്യത ചുരുങ്ങിയത് രണ്ടരക്കോടി രൂപയാണ്. നിലവിലെ വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ കിലോമീറ്ററിന് 2.80 രൂപ യാത്രക്കാര്‍ നല്‍കേണ്ടിവരും. ബൈക്കിന് ചെലവ് കിലോമീറ്ററിന് ഒരു രൂപയോളമേ വരൂ. ഹ്രസ്വദൂരങ്ങളിലെ പതിവു യാത്രക്കാര്‍ ബൈക്കിലേക്ക് മാറുന്നതിന് ഇത് കാരണമാകും.

ഒന്നിലധികം യാത്രക്കാരുടെ ഒരേ പോയിന്റിലേക്കുള്ള യാത്രയ്ക്ക് ഓട്ടോറിക്ഷയാകും ലാഭമെന്നും കണക്ക് വ്യക്തമാക്കുന്നു. നിരത്തുകളില്‍ ചെറുവാഹനങ്ങള്‍ പെരുകുന്നതിന് ഇത് കാരണമാകും. പൊതുഗതാഗത സംവിധാനത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ സ്വകാര്യ യാത്രാസൗകര്യം ലഭ്യമാകുന്നതും അപൂര്‍വസംഭവമാണ്. അതേസമയം, ദീര്‍ഘദൂരയാത്രയില്‍ ബസ് ചാര്‍ജ് വര്‍ധന കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷിക്കുന്ന ഗുണമുണ്ടാക്കില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘദൂരയാത്രക്കാര്‍ റെയില്‍വേയെ കൂടുതല്‍ ആശ്രയിക്കുമെന്നതാണ് കാരണം.

ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസ് ചാര്‍ജ് വര്‍ധന വിഷയം മന്ത്രിസഭയിലേക്ക് നേരിട്ട് കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്. മറ്റ് എതിര്‍പ്പുകള്‍ വന്നാല്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ കഴിയില്ലെന്നതിനാലാണിത്. മുന്നണിനേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.

അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ ബസ് ചാര്‍ജുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും സര്‍വീസ് നടത്തിപ്പിലെ ചെലവില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍, നിരക്കിലാകട്ടെ ഇരട്ടിയിലധികം വര്‍ധനവുമുണ്ട്. തമിഴ്നാട്ടില്‍ നാലു കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്നുരൂപയാണ് നിരക്ക്. 20 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ടുരൂപയും. കേരളത്തില്‍ ഇതേ ദൂരത്തിന് ഇനി 17 രൂപ നല്‍കണം. ഫെയര്‍സ്റ്റേജിലെ അപാകം പരിഹരിക്കുകയെന്ന അജന്‍ഡ പരിഗണിക്കാതെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നതാണ് പ്രധാന ആക്ഷേപം. ഒരു ബസില്‍ 31 യാത്രക്കാര്‍ക്ക് സഞ്ചരിക്കാമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരക്കേറിയ സമയങ്ങളിലും റൂട്ടുകളിലും 100-110 വരെ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നത് സമിതിയുടെ പരിഗണനയില്‍ വന്നില്ല. സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എന്ന പേരില്‍ 2011 ആഗസ്തിലും 2012 നവംബറിലും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.

ജി രാജേഷ്കുമാര്‍

ബസ് ചാര്‍ജ് വര്‍ധന; പ്രതിദിന അധിക വരുമാനം 1645 രൂപ

തിരു: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് പ്രതിദിനം അധികം കിട്ടുന്നത് ശരാശരി 1645 രൂപ. ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ സര്‍ക്കാരിനു നല്‍കിയ വിവരങ്ങള്‍ ഈ അധിക വരുമാനത്തിന്റെ കണക്ക്് വ്യക്തമാക്കുന്നു. ഓര്‍ഡിനറി ബസില്‍ ആദ്യ എട്ട് ഫെയര്‍ സ്റ്റേജിലായി ശരാശരി 1160 യാത്രക്കാര്‍ കയറുന്നുവെന്നാണ് ഉടമകളുടെ വാദം. 2011ലെ ചാര്‍ജ് കൂട്ടലിനുശേഷം വരുമാനം ശരാശരി 7195 രൂപ. 2012ല്‍ വീണ്ടും നിരക്ക് കൂട്ടിയപ്പോള്‍ വരുമാനം 8570 രൂപയായി. ഇത്തവണത്തെ വര്‍ധനയോടെ ശരാശരി വരുമാനം 10,215 രൂപയാകും.

ഉടമകളുടെ കണക്കില്‍ ആദ്യസ്റ്റേജില്‍ ശരാശരി 400 യാത്രക്കാര്‍ കയറുന്നു. രണ്ടാംസ്റ്റേജില്‍ 300 പേരുണ്ടാകും. ഇവര്‍ മിനിമം നിരക്കായ ഏഴുരൂപവീതം നല്‍കുമ്പോള്‍ കിട്ടുന്നത് 4900 രൂപയാണ്. വര്‍ധനയ്ക്കുമുമ്പ് ഇത് 4200 രൂപയായിരുന്നു. മൂന്നാംസ്റ്റേജില്‍ 250 പേര്‍ ഒമ്പതു രൂപവീതം നല്‍കും. വരുമാനം 2250 രൂപ. കഴിഞ്ഞ തവണ 1750 രൂപ. നാലാംസ്റ്റേജില്‍ 100 പേര്‍ 10 രൂപ നല്‍കുമ്പോള്‍ കിട്ടുന്നത് 1000 രൂപ. നേരത്തെ 900. അഞ്ചില്‍ 60 പേര്‍ 12 രൂപയും ആറില്‍ 10 പേര്‍ 13 രൂപയും ഏഴില്‍ 25 പേര്‍ 15 രൂപയും എട്ടില്‍ 15 പേര്‍ 16 രൂപയും നല്‍കും. ഇതുവഴി കിട്ടുന്നത് 1465 രൂപയാണ്. ഇതുവരെ ഈ സ്റ്റേജുകളിലെ വരുമാനം 1270 രൂപയായിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാത്തതിനാല്‍ 2011ല്‍ ശരാശരി 350 രൂപമാത്രമാണ് കിട്ടിയതെന്ന് ഉടമകള്‍ പറയുന്നു. ഇതില്‍ 10 ശതമാനം വര്‍ധന കണക്കാക്കുമ്പോള്‍ 2012ല്‍ 450 രൂപയും ഇത്തവണ 600 രൂപയും വരുമാനമുണ്ടാകും. അതായത്, 2011 ആഗസ്തിലേക്കാള്‍ ശരാശരി 3020 രൂപയുടെ വരുമാനവര്‍ധനയാണ് ഇപ്രാവശ്യത്തെ നിരക്കുകൂട്ടലിലൂടെ ബസുടമകള്‍ക്ക് ലഭിക്കുന്നത്. ഈ കാലയളവില്‍ ലിറ്റര്‍ ഡീസലിന് 15.50 രൂപ വര്‍ധിച്ചു. ദിവസം 300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ബസിന് വഴിയുടെ അവസ്ഥയും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് ശരാശരി 85 ലിറ്റര്‍ ഡീസല്‍ വേണ്ടിവരുമെന്നാണ് വാഹന ഡീലര്‍മാര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് രണ്ടായിരത്തി പതിനൊന്നിലേക്കാള്‍ 1317 രൂപ മാത്രമാണ് ഇന്ധനച്ചെലവായി അധികം നല്‍കേണ്ടിവരുന്നത്.

ഫെയര്‍ സ്റ്റേജ്: അപാകം പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി-തിരുവഞ്ചൂര്‍

കോട്ടയം: ബസ്ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് നിലവിലെ ഫെയര്‍ സ്റ്റേജുകളിലെ അപാകം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ അടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വിദ്യാര്‍ഥികളുടെ ഇളവ് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കും കമ്മിറ്റിയില്‍ പരാതി സമര്‍പ്പിക്കാം. ബസ്ചാര്‍ജ് വര്‍ധനയെതുടര്‍ന്ന് യാത്രക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെയര്‍ സ്റ്റേജ് നിര്‍ണയം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും പ്രസ്ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ എല്‍ഐസിയുമായി ചേര്‍ന്നുള്ള പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ആദ്യം 500 കോടിയും പ്രതിവര്‍ഷം 450 കോടി വീതവും 12 വര്‍ഷം തുടര്‍ച്ചയായി അടച്ചാല്‍ നിലവിലും ഭാവിയിലും വിരമിക്കുന്ന മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ എല്‍ഐസി നല്‍കുന്ന പദ്ധതിയാണിത്. തൊഴിലാളി യൂണിയനുകളുമായും മറ്റ് തലങ്ങളിലും ചര്‍ച്ചചെയ്തശേഷം അന്തിമ തീരുമാനമെടുക്കും.

deshabhimani

No comments:

Post a Comment