Friday, May 16, 2014

ടെലികോം റിലയന്‍സിനു കൈമാറാനുള്ള തീരുമാനം ബിഎസ്എന്‍എല്ലിനെ തകര്‍ക്കും: എംപ്ലോയീസ് യൂണിയന്‍

തിരു: റിലയന്‍സ് ഇന്‍ഫോകോമിന് സൗജന്യമായി കേബിളിടാന്‍ അനുമതി നല്‍കുകയും അതിന് പകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഓഫീസുകളുടെ ടെലികോം സേവനം റിലയന്‍സിന് കൈമാറാനുള്ള തീരുമാനം ബിഎസ്എന്‍എല്ലിനെ തകര്‍ക്കുമെന്ന് ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിഎസ്എന്‍എല്‍ നല്‍കുന്ന വിവിധ ടെലികോം സേവനങ്ങള്‍ പടിപടിയായി ഉപേക്ഷിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് സൗജന്യമായ ബാന്‍ഡ്വിഡ്ത്ത് നല്‍കുന്നതിലൂടെ ബിഎസ്എന്‍എല്‍ നല്‍കിവരുന്ന ടെലികോം സേവനങ്ങള്‍ കൈയടക്കുക മാത്രമല്ല തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള ലക്ഷ്യംകൂടി റിലയന്‍സിനുണ്ട്. വിവിധ ഓഫീസുകളില്‍ റിലയന്‍സ് കണക്ടിവിറ്റി രൂപപ്പെടുന്നതോടെ ഇതിനുചുറ്റുമുള്ള പ്രദേശങ്ങളിലാകെ 4-ജി സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ചെലവില്ലാതെ റിലയന്‍സിന് സാധിക്കും.

 എല്‍ഡിഎഫ് ഭരണകാലത്ത് വിവിധ വകുപ്പുകള്‍ക്കുള്‍പ്പെടെ ടെലികോം സേവനങ്ങളും വിവിധ വകുപ്പുകളുമായി കരാറുണ്ടാക്കി പ്രത്യേക പാക്കേജുകളും ബിഎസ്എന്‍എല്‍ നല്‍കിയിരുന്നു. കേരളത്തില്‍ സ്കൂള്‍ അറ്റ് ഐടി പ്രോഗ്രാം മുതല്‍ സര്‍ക്കാര്‍ ഓഫീസുകളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (കെസ്വാന്‍), വാട്ടര്‍ അതോറിറ്റി, പൊലീസ് വകുപ്പ് ഉള്‍പ്പെടെയുള്ള മൊബൈല്‍ കണക്ഷന്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ബിഎസ്എന്‍എല്ലുമായി യോജിച്ചാണ് നല്‍കിയിരുന്നത്. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരാന്‍ തുടങ്ങി. പല വകുപ്പുകളും സ്വകാര്യ ടെലികോം കമ്പനികളുടെ സേവനത്തിനായി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നു. പൊതുമേഖലാ ടെലികോം കമ്പനികളുടെ സേവനം ഉപയോഗിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിര്‍ദേശം നല്‍കണമെന്ന് ദേശീയതലത്തില്‍ തന്നെ സംഘടനകള്‍ ചിദംബരം കമ്മിറ്റിക്ക് മുന്‍പാകെ നിവേദനം നല്‍കുകയും ചിദംബരം കമ്മിറ്റിയും ഡിഒടിയും തത്വത്തില്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു കടകവിരുദ്ധമായി, നിലവില്‍ ബിഎസ്എന്‍എല്‍ നല്‍കിവരുന്ന സേവനം ഉപേക്ഷിച്ച് സ്വകാര്യ ടെലികോം കമ്പനികളെ ആശ്രയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ബിഎസ്എന്‍എല്ലിനെ നഷ്ടത്തിലേക്ക് നയിക്കാന്‍മാത്രമേ ഈ നടപടികള്‍ ഉതകൂ. സ്വകാര്യ കമ്പനികളുമായുള്ള കരാറുകളില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്‍തിരിയുകയും ബിഎസ്എന്‍എല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും സന്നദ്ധമാകണം. ബിഎസ്എന്‍എല്‍ ഉന്നത മാനേജ്മെന്റ് അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം- പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment