Friday, May 16, 2014

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സോണിയയും രാഹുലും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

രാഷ്ട്രീയത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ശക്തമായ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും സോണിയ പറഞ്ഞു. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനേറ്റ പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയയും രാഹുലും വിജയിച്ചു

ന്യൂഡല്‍ഹി: കടുത്ത മല്‍സരത്തിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിജയിച്ചു. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും സോണിയയും രാഹുലും കടുത്ത മല്‍സരമാണ് നേരിട്ടത്. ഒരുവേള അമേഠിയില്‍ രാഹുല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

യുപിഎ മുന്നണി കേവലം 68 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പില്‍ 35 കേന്ദ്രമന്ത്രിമാരും പരാജയം മണക്കുകയാണ്. ഒന്‍പത് ഘട്ടങ്ങളിലായി നടന്ന പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 543 അംഗ ലോക്സഭയിലേക്ക് എണ്ണായിരം പേരാണ് മാറ്റുരച്ചത്.

ലോക്സഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍പേര്‍ വോട്ടുചെയ്ത തെരഞ്ഞെടുപ്പ് എന്ന ഖ്യാതിയും ഇതിനുണ്ട്. 68.38 ശതമാനം പോളിങ്. 55 കോടിയിലധികം പേരാണ് രാജ്യത്തിന്റെ ഭാവി ആരുടെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കാന്‍ പോളിങ് ബൂത്തിലെത്തിയത്.

നോട്ട കൂടുതല്‍ മലപ്പുറത്ത്

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി നിലവില്‍ വന്ന നിഷേധവോട്ടിന് കേരളത്തിലും ഇടം കിട്ടി. മലപ്പുറത്താണ് കൂടുതല്‍ പേര്‍ നോട്ടയിലേക്ക് തിരിഞ്ഞത്-21829. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്-3339.

 വയനാട് (10714), പാലക്കാട് (10555), ചാലക്കുടി (10552), ആലത്തൂര്‍ (19962), തൃശൂര്‍ (10050), ഇടുക്കി (10949), കോട്ടയം (13352), പത്തനംതിട്ട (16538),  ആലപ്പുഴ (11179) എന്നിവിടങ്ങളിലും നോട്ട പതിനായിരം കടന്നു. മറ്റിടങ്ങളിലെ കണക്ക്: കാസര്‍കോട്  (6103) , കണ്ണൂര്‍ (7026), വടകര (6107), കോഴിക്കോട് (6381), പൊന്നാനി (7494), എറണാകുളം (9727), മാവേലിക്കര (9459), കൊല്ലം (7876), ആറ്റിങ്ങല്‍ (6595).

ആം ആദ്മിക്ക് ആകെ 2,53,447 വോട്ട്

കൊച്ചി: ചൂലുംകൊണ്ട് തൂത്തുവാരാനിറങ്ങിയ ആംആദ്മി പാര്‍ടിക്ക് കേരളത്തില്‍ ആകെ നേടാനായത് രണ്ടര ലക്ഷം വോട്ടുകള്‍. 20 മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലൊഴികെ 15 ഇടത്ത് മല്‍സരിച്ച എല്ലാ ആംആദ്മി സ്ഥാനാര്‍ത്ഥികളും കൂടിയാണ് 2,53,447 വോട്ട് പിടിച്ചത്. കേരളത്തിലെ മുന്നണി സ്ഥാനാര്‍തികള്‍ ഒരു മണ്ഡലത്തില്‍ മാത്രം ഇതിലധികം വോട്ട് നേടി. ആം ആദ്മിയുടെ എറണാകുളത്ത് മല്‍സരിച്ച അനിത പ്രതാപിന് മാത്രമാണ് അരലക്ഷം വോട്ട് കടക്കാനായത്.

തൃശൂരില്‍ സാറജോസഫ് 44638ഉം ചാലക്കുടിയില്‍ കെ എം നൂറുദ്ദീന്‍ 35189ഉം കോട്ടയത്ത് അനില്‍ ഐക്കര 25781ഉം കോഴിക്കോട് കെ പി രതീഷ് 13934ഉം വയനാട് പിപിഎ സാഗര്‍ 10684ഉം തിരുവനന്തപുരത്ത് അജിത്ത് ജോയ് 12935ഉം വോട്ടുകളാണ് നേടിയത്. മറ്റുള്ളവര്‍ക്കെല്ലാം പതിനായിരത്തില്‍ താഴെ വോട്ടാണ് ലഭിച്ചത്. മറ്റിടങ്ങിലെ വോട്ടുകള്‍: കാസര്‍കോട്-4996, കണ്ണൂര്‍-6106, വടകര-6245,പൊന്നാനി-9504,പാലക്കാട്-4844, ഇടുക്കി-9948, ആലപ്പുഴ-9373, മാവേലിക്കര-7753 എന്നിങ്ങനെയാണ്. മലപ്പുറം, ആലത്തൂര്‍, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, എന്നിവിടങ്ങളിലാണ് ആം ആദ്മി മല്‍സരിച്ചിരുന്നില്ല.

deshabhimani

No comments:

Post a Comment