Thursday, May 1, 2014

തൊഴില്‍ "അഭയാര്‍ഥി"കളുടെ ജീവിതം ആരുകാണും

കണ്ണൂര്‍: പ്രത്യാശകള്‍ നിറച്ച ഇരുണ്ട കേന്ദ്രങ്ങളാണ് ജില്ലയില്‍ ഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികളുടെയും തൊഴിലിടങ്ങള്‍. കൊടിയ തൊഴില്‍ ചൂഷണത്തിനാണ് പലയിടങ്ങളിലും ഇവര്‍ വിധേയമാകുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനാല്‍ രോഗങ്ങള്‍ക്കടിപ്പെടുകയാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനൊ കുടിവെള്ള സൗകര്യമൊ ഇല്ലാതെ ദുരിതം തിന്നുകയാണ്. റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും ഇടത്തട്ടുകാരും സാമ്പത്തികമായി കൊടിയ ചൂഷണമാണ് നടത്തുന്നത്. ജില്ലയില്‍ ഏകദേശം നാലുലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എവിടെ കായികാധ്വാനം കൂടുതലുണ്ടൊ, അവിടെയെല്ലാം അന്യസംസ്ഥാനത്തൊഴിലാളികള്‍ വേണം എന്ന സ്ഥിതിയാണ്. ഹോട്ടല്‍, ഫര്‍ണിച്ചര്‍, കല്ലുവെട്ട്, വാര്‍പ്പ്, തേപ്പ് തുടങ്ങി പലവിധ ജോലികളിലും ഏര്‍പ്പെട്ടുവരികയാണ്. സംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് യൂണിയനുകളുടെ ഇടപെടലിന്റെ ഫലമായി പ്രാദേശികത്തൊഴിലാളികളുടേതിന് സമാനമായ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍, ഫര്‍ണിച്ചര്‍, വിവിധ കടകള്‍ എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ദുരിതം മാത്രമാണ് മിച്ചം.

പശ്ചിമ ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍പേര്‍ ജില്ലയിലെത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ ക്ഷേമത്തിനായി പദ്ധതികളൊന്നുമില്ല. പലരും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണ്. ഹോട്ടല്‍ ജോലിയെടുക്കുന്നവര്‍ക്ക് തുഛമായ കൂലിയാണ്, പ്രായപൂര്‍ത്തിയകാത്തവരടക്കം പണിയെടുക്കുന്നു. പുലര്‍ച്ചെ ജോലി തുടങ്ങിയാല്‍ രാവേറെ ചെന്നാലെ അവസാനിക്കു. കൂലിയും നന്നേക്കുറവ്. സംഘടിതരല്ലാത്തതിനാല്‍ നാവടക്കി പണിയെടുക്കകയാണ്. പത്തുമുതല്‍ പതിനഞ്ചു മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വരുന്നു. ജോലിസ്ഥലത്ത് തന്നെ കുടുക്കിയിടാനുള്ള തന്ത്രങ്ങളാണ് പല തൊഴിലുടമകളും പയറ്റുന്നത്. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി കെട്ടിട നിര്‍മാണരംഗത്ത് തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളെ വിതരണം നടത്തുന്നവര്‍ ഇവരില്‍നിന്ന് പ്രതിഫലത്തുക മുന്‍കൂട്ടി വാങ്ങി തൊഴിലിടങ്ങളിലേക്ക് വിട്ടുകൊടുക്കുകയാണ്. മെച്ചപ്പെട്ട കൂലിയും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ സ്ഥാപനങ്ങളും ഉടമകളും ആകര്‍ഷിക്കുക. എന്നാല്‍ ഇതിനുശേഷം മതിയായ താമസസൗകര്യമൊ ഭക്ഷണമൊ കൂലിയൊ നല്‍കാതെ കഠിനജോലിയെടുപ്പിക്കന്നു. പിഞ്ചുകുട്ടികളടക്കം ഈ കൂട്ടത്തിലുണ്ടാവും. അതിരാവിലെ മുതല്‍ പൊരിവെയിലില്‍ ഇരുട്ടുന്നതുവരെ ജോലി തുടരും. പുതിയ ജോലി സ്ഥലത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതുപൊലെ സ്ത്രീകളെയടക്കം ലോറിയിയാണ് കൊണ്ടുപോവുക. പലരും മാസങ്ങള്‍കൊണ്ട് തന്നെ രോഗികളായി നാട്ടിലേക്ക് തിരിച്ചുപോവുകയാണ്.

deshabhimani

No comments:

Post a Comment