Thursday, May 1, 2014

13000 എസ്ബിഐ ശാഖ നോക്കുകുത്തിയാകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വിഴുങ്ങിയ റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആദ്യഘട്ടമായി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഏകദേശം 5000 ഔട്ട്ലെറ്റുകള്‍ (എസ്ബിഐ സേവാ കേന്ദ്രങ്ങള്‍) സ്ഥാപിക്കും. എസ്ബിഐക്ക് രാജ്യത്ത് 13,000 ശാഖയുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വ്യാപാരം കുറഞ്ഞ ശാഖകളെ ഒഴിവാക്കിയും നഗരങ്ങളിലെ ഒന്നിലേറെ ശാഖകള്‍ കേന്ദ്രീകരിച്ച് ഒന്ന് എന്ന തോതിലാക്കിയുമാകും സേവാകേന്ദ്രങ്ങള്‍ തുടങ്ങുക. ഇതോടെ ബാങ്ക് ശാഖകളാകെ നോക്കുകുത്തിയാകും.

പ്രമുഖ കോര്‍പറേറ്റ് ആയ ടാറ്റായുടെ ഉടമസ്ഥതയിലുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി കേന്ദ്ര വിദേശമന്ത്രാലയം ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന്, സമാന്തര പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചതോടെ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് ചരമക്കുറിപ്പായപോലെയാകും ഇനി എസ്ബിഐ ശാഖകളുടെയും സ്ഥിതി. എസ്ബിഐയിലെ 2,21,336 ജീവനക്കാരുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 25ന് അതീവരഹസ്യമായി എസ്ബിഐയും റിലയന്‍സും ഒപ്പിട്ട കരാര്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വന്നെങ്കിലും ഇതുവരെ സേവാകേന്ദ്രങ്ങള്‍ തുടങ്ങിയില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകയെന്ന ധാരണയാണിതിനു പിന്നില്‍.

അതേസമയം, പ്രധാന നഗരങ്ങളിലെല്ലാം ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. അയ്യായിരം സേവാകേന്ദ്രങ്ങളാണ് തുടങ്ങുന്നതെങ്കിലും ലാഭ നഷ്ടങ്ങള്‍ നോക്കി ഇത് കൂട്ടാനും കുറയ്ക്കാനും റിലയന്‍സിന് അധികാരമുണ്ട്. ഉപയോക്താക്കളുടെ സേവനമായിരിക്കില്ല, റിലയന്‍സിന്റെ ലാഭക്കൊള്ളയായിരിക്കും ഇതിന്റെ മാനദണ്ഡവും. വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്ബിഐയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട "ബിസിനസ് കറസ്പോണ്ടന്റ്" പരിപാടിയാണ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചതെന്ന പ്രത്യേകതയും ഉണ്ട്. അന്ന് വ്യാപാരം വര്‍ധിപ്പിക്കാന്‍ രാജ്യവ്യാപകമായി ബിസിനസ് കറസ്പോണ്ടന്റ് എന്ന പേരില്‍ ഏജന്റുമാരെ വച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ ബാങ്കിന് കോടികളുടെ ബാധ്യത വരുത്തിവച്ചപ്പോള്‍ അതുപേക്ഷിക്കുകയായിരുന്നു. ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നതിന് അന്നുണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും ദുര്‍വ്യാഖ്യാനം ചെയ്താണ് ചര്‍ച്ചപോലും നടത്താതെയുള്ള ഈ കരാര്‍. അന്ന് വ്യക്തികളെയാണ് നിയമിച്ചതെങ്കില്‍ ഇപ്പോള്‍ അത് കോര്‍പറേറ്റിന് അടിയറ വയ്ക്കുന്ന നിലയിലേക്കെത്തി. അന്ന് ബിസിനസ് കറസ്പോണ്ടന്റുമാര്‍ വെറും ഏജന്റുമാരായിരുന്നെങ്കില്‍ ഇനിമുതല്‍ റിലയന്‍സ് സമാന്തര ബാങ്ക് ശാഖകള്‍ ആകുകയാണ്.

പൂജ്യം ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങല്‍, ഭവനവായ്പകളും സ്വത്ത് ഈട് വച്ചുള്ള വായ്പകളും വാഹനവായ്പകളും സ്വര്‍ണപ്പണയവായ്പകളും നല്‍കല്‍ എല്ലാം റിലയന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാകും. ചെറുകിട വ്യാപാര-വ്യവസായവായ്പകളും പൊതു ക്രെഡിറ്റ് കാര്‍ഡുകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും റിലയന്‍സ് നല്‍കും. സ്ഥിര നിക്ഷേപങ്ങളും ആവര്‍ത്തന നിക്ഷേപങ്ങളും സ്വീകരിക്കലും മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കലുമെല്ലാം ഈ സേവാകേന്ദ്രങ്ങള്‍ വഴിയാകുന്നതോടെ എസ്ബിഐ ശാഖകളിലുള്ള ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പണിയില്ലാതാകും.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പാസ്പോര്‍ട്ട് വിതരണം കോര്‍പറേറ്റുകളെ ഏല്‍പ്പിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്തുകൂടിയാണ് എസ്ബിഐയുമായുണ്ടാക്കിയ കരാര്‍ വിവരം പുറത്തുവിടാത്തത്. രാജ്യത്ത് ആകെ 37 പാസ്പോര്‍ട്ട് ഓഫീസുകളാണുണ്ടായിരുന്നതെങ്കില്‍ 77 സേവാകേന്ദ്രങ്ങളും 16 മിനി സേവാകേന്ദ്രങ്ങളും കോര്‍പറേറ്റ് കമ്പനിയായ ടാറ്റാ തുടങ്ങി. എന്നാല്‍, എസ്ബിഐക്ക് 13,000 ശാഖകളുണ്ടെന്നത് ഈ കരാറിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 36 വിദേശരാജ്യങ്ങളിലായി 160 വിദേശ ഓഫീസുകളും എസ്ബിഐക്കുണ്ട്. ഇവിടങ്ങളിലും സേവാ കേന്ദ്രങ്ങള്‍ തുടങ്ങുമോ എന്ന സംശയവും ബലപ്പെടുകയാണ്.

എം രഘുനാഥ് deshabhimani

No comments:

Post a Comment