Thursday, May 1, 2014

വീണ്ടും കണ്ണില്‍ പൊടിയിടല്‍

കണ്ണൂര്‍: രാജ്യത്തെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയായ കണ്ണൂരില്‍ ബുധനാഴ്ച അളന്നുതിരിച്ച് ഭൂമി നല്‍കിയത് ഏതാനും പേര്‍ക്ക്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നുസെന്റ് പട്ടയം ലഭിച്ചവര്‍ക്കാണ് സ്ഥലം വേര്‍തിരിച്ചുനല്‍കിയത്. തളിപ്പറമ്പ് താലൂക്കിലെ പെരിങ്ങോം, പെരിന്തട്ട, കയരളം വില്ലേജുകളിലെ ഭൂരഹിതര്‍ക്കാണ് സ്ഥലം നല്‍കിയത്. ഇതില്‍ കയരളത്ത് മാത്രമാണ് പട്ടയം ലഭിച്ചവരില്‍ ഭൂരിഭാഗവും ഭൂമിയില്‍ പ്രവേശിച്ചത്. പെരിങ്ങോത്തും പെരിന്തട്ടയിലും സാമാന്യം മോശമല്ലാത്ത ഭൂമി അളന്നുതിരിച്ചുവച്ചിട്ടും ഭൂരിഭാഗം പട്ടയക്കാരും സ്ഥലം ഏറ്റെടുക്കാനെത്തിയില്ല. ഭൂമി അളന്നുതിട്ടപ്പെടുത്താനെത്തിയ സര്‍വേയര്‍മാര്‍ക്ക് ഒരു സൗകര്യവും ഒരുക്കിക്കൊടുത്തില്ല. സര്‍ക്കാരിന് ഫണ്ടില്ലെന്ന് പറഞ്ഞതിനാല്‍ അളന്നുതിരിക്കേണ്ട ഭൂമിയിലെ കാടുകളും മറ്റും വെട്ടിത്തെളിച്ചത് പട്ടയം ലഭിച്ചവര്‍ തന്നെയാണ്. സ്ഥലം വേണമെങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ ഗുണഭോക്താക്കള്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം. വ്യക്തികള്‍ക്ക് പട്ടയം നല്‍കിയ ഭുമിയിലെ ഉഭയങ്ങള്‍ സര്‍ക്കാര്‍ വീണ്ടും പാട്ടം നല്‍കിയയിടത്തും ഇതാണ് അനുഭവം.

പട്ടയം നല്‍കിയ ഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലെന്നിരിക്കെ, കശുവണ്ടിയും റബറും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ലേലം ചെയ്ത് വിറ്റത് തികച്ചും നിയമവിരുദ്ധവും വ്യക്തികളുടെ സ്വത്തവകാശത്തിന്‍ മേലുള്ള കടന്നുകയറ്റവുമാണ്. സര്‍വേയര്‍മാര്‍ക്ക് ക്ഷാമമുള്ളതിനാല്‍ അവശേഷിക്കുന്ന പതിനായിരത്തോളം പട്ടയക്കാര്‍ക്ക് ഭൂമി അളന്നുകൊടുക്കല്‍ പ്രതിസന്ധിയിലാവും. പട്ടയം ലഭിച്ചിട്ട് ഇപ്പോള്‍ ആറുമാസം കഴിഞ്ഞു. ഒരുവര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്നാണ് നിബന്ധന. അതിനാല്‍ ഈ നിബന്ധന പ്രകാരം ആറുമാസത്തിന് ശേഷം ഭൂമി സര്‍ക്കാരിന് സ്വന്തമാകും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 90 ശതമാനം ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാകാന്‍ പോകുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തളിപ്പറമ്പ് താലൂക്കില്‍ ഭൂമി അനുവദിച്ച കണ്ണൂര്‍ താലൂക്കിലെ ഗുണഭോക്താക്കള്‍ ഉത്തരവും പട്ടയവും കൈപ്പറ്റാന്‍ ഒരാഴ്ചയ്ക്കുളളില്‍ അപേക്ഷ സമര്‍പ്പിച്ച വില്ലേജ് ഓഫീസില്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ തഹസില്‍ദാരുടെ അറിയിപ്പിച്ചുണ്ട്. കൈപ്പറ്റാത്തവരുടെ പട്ടയം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഇതിനൊപ്പമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ തട്ടിപ്പിന്റെ ഉള്ളുകള്ളികളാണ് ഇനിയുള്ള മാസങ്ങളില്‍ വെളിപ്പെടാന്‍ പോകുന്നത്. 11,033 പേര്‍ക്കാണ് പദ്ധതി പ്രകാരം പട്ടയം നല്‍കിയത്. 500.81 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. ഇതില്‍ മിക്കവയും വാസയോഗ്യമല്ലാത്ത ഭൂമിയാണ്.

deshabhimani

No comments:

Post a Comment