Thursday, May 15, 2014

ആര് വാഴും, ആര് വീഴും

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നാണ്. 543 അംഗ ലോക്സഭയിലേക്ക് എണ്ണായിരം പേരാണ് മാറ്റുരച്ചത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍പേര്‍ വോട്ടുചെയ്ത തെരഞ്ഞെടുപ്പ് എന്ന ഖ്യാതിയും ഇതിനുണ്ട്. 68.38 ശതമാനം പോളിങ്. 55 കോടിയിലധികം പേരാണ് രാജ്യത്തിന്റെ ഭാവി ആരുടെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കാന്‍ പോളിങ് ബൂത്തിലെത്തിയത്. 989 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടും.

അഭിപ്രായവോട്ടെടുപ്പുകളുടെയും എക്സിറ്റ്പോളുകളുടെയും ഫലം അനുസരിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തില്‍ വരും. ഒരു ചാനല്‍ ഒഴിച്ച് മറ്റെല്ലാവരും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിച്ചത്. വോട്ടിങ് സ്വഭാവം നിര്‍ണയിക്കുക എന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രമാണ്. ഇന്ത്യയില്‍ ആദ്യമായി ഈ രീതി പരീക്ഷിച്ചത് 1960 കളില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്(സിഎസ്ഡിഎസ്) ആണ്. ആദ്യമായി ഒരു ജനകീയ മാധ്യമത്തിലൂടെ എക്സിറ്റ് പോള്‍ ഫലവുമായി വന്നത് 1980ല്‍ പ്രണോയ് റോയിയാണ്. കൂടുതല്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചതോടെ അഭിപ്രായവോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും വര്‍ധിച്ചു. ആദ്യഘട്ടങ്ങളില്‍ അല്‍പ്പം വിശ്വാസ്യത ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് കുറഞ്ഞുവന്നു. 1998 ലും 1999 ലും എക്സിറ്റ് പോള്‍ ഫലം ഏതാണ്ട് ശരിയായിരുന്നെങ്കിലും 2004 ലും 2009 ലും അത് പൂര്‍ണമായും തെറ്റി. 2004 ല്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് ഏതാണ്ട് എല്ലാ ചാനലുകളും പ്രവചിച്ചത്.

ബിജെപിയുടെ "ഇന്ത്യ തിളങ്ങുന്നു" എന്ന പ്രചാരണത്തിന്റെ മറവില്‍ സഹാറ, ഔട്ട് ലുക് എന്നീ മാധ്യമങ്ങള്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിച്ചു. എന്നാല്‍, അവര്‍ പ്രവചിച്ചതിനേക്കാള്‍ 100 സീറ്റ് കുറവാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ബിജെപിസഖ്യത്തിന് ഭരണം ലഭിച്ചില്ലെന്നുമാത്രമല്ല കോണ്‍ഗ്രസ് സഖ്യം അധികാരമേറുകയുംചെയ്തു. എല്ലാ ചാനലുകളും പ്രവചിച്ചതിനേക്കാള്‍ 40 സീറ്റ് കോണ്‍ഗ്രസിന് വര്‍ധിച്ചു. 2009ല്‍ യുപിഎ സര്‍ക്കാര്‍ തിരിച്ചുവരുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഫലപ്രവചനം പരിശോധിച്ചാല്‍ ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞ സീറ്റുകള്‍ ലഭിച്ചിട്ടില്ലെന്നു കാണാം. കോണ്‍ഗ്രസിനെ അപേക്ഷിച്ച് സഖ്യമുണ്ടാക്കാന്‍ ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട നീക്കമാണ് ദളിത് വോട്ട് നേടാന്‍ നടത്തിയ ശ്രമം. ബിഹാറില്‍ ദളിത് നേതാവ് രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ടിയുമായും മഹാരാഷ്ട്രയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യ- അതാവലെ വിഭാഗവുമായും സഖ്യമുണ്ടാക്കി. പിന്നോക്ക വിഭാഗത്തിന്റെ വോട്ടുനേടാനും ബിജെപി കാര്യമായ ശ്രമംനടത്തി. ഇതിന്റെ ഭാഗമായാണ് ബിഹാറില്‍ പിന്നോക്ക കുശ്വാഹ സമുദായത്തിന്റെ നേതാവായ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോകസമതാ പാര്‍ടിയുമായും ഉത്തര്‍പ്രദേശില്‍ കുര്‍മികളുടെ പാര്‍ടിയായ അപ്നാദളുമായും സഖ്യമുണ്ടാക്കിയത്.

ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ടിയുമായും തമിഴ്നാട്ടില്‍ എംഡിഎംകെ, ഡിഎംഡികെ, പിഎംകെ എന്നീ പാര്‍ടികളുമായും മഴവില്‍ സഖ്യമുണ്ടാക്കി. പരമ്പരാഗത സഖ്യകക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ടികളുമായും ഹരിയാനയില്‍ ജാട്ട് ഇതര വോട്ട് ലക്ഷ്യമാക്കി കുല്‍ദീപ് ബിഷ്ണോയിയുടെ ഹരിയാന വികാസ് പാര്‍ടിയുമായും സഖ്യമുണ്ടാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ചെറുകിട പാര്‍ടികളുമായി ബിജെപിയുണ്ടാക്കിയ സഖ്യം അവര്‍ക്ക് ആ മേഖലകളില്‍ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. ബിജെപിക്കെതിരെ വിശാലമായ മതനിരപേക്ഷ സഖ്യത്തിന് രൂപംനല്‍കുന്നതില്‍ കോണ്‍ഗ്രസ് ഒരു താല്‍പ്പര്യവും കാട്ടിയില്ല. ബിഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യം കോണ്‍ഗ്രസിനേക്കാള്‍ ലാലുപ്രസാദ് യാദവിന്റെ താല്‍പ്പര്യമനുസരിച്ചാണ് രൂപംകൊണ്ടത്. ഈ സഖ്യം മോഡിയുടെ മുന്നേറ്റം തടയാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഗീയധ്രുവീകരണം ശക്തമാക്കാന്‍ എല്ലാ നീക്കവും ഇക്കുറി ബിജെപി നടത്തി. അമിത്ഷായും ഗിരിരാജ് സിങ്ങും തൊഗാഡിയയും മോഡി തന്നെയും നടത്തിയ വര്‍ഗീയച്ചുവയുള്ള പ്രസംഗങ്ങള്‍ ഇതിനുദാഹരണമാണ്. ഹിന്ദു-മുസ്ലിം തെരഞ്ഞെടുപ്പായി മാറ്റാനുള്ള ശ്രമമാണ് നടന്നത്.

അസമിലും മീറത്തിലും ഹൈദരാബാദിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ അപകടകരമായ സൂചനയാണ് നല്‍കുന്നത്. അതോടൊപ്പം പതിനായിരക്കണക്കിന് കോടി രൂപയെറിഞ്ഞ പ്രചാരണബോംബിങ്ങിനും ബിജെപി തയ്യാറായി. കോര്‍പറേറ്റുകളും ബിജെപിയും തമ്മിലുള്ള പരസ്യമായ ബാന്ധവം വ്യക്തമാക്കുന്നതാണ് ഈ പ്രചാരണങ്ങള്‍. എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ബിജെപി കൂടുതല്‍ സഖ്യകക്ഷികളെ നേടാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിന് പരമാവധി സഖ്യകക്ഷികളെ ലഭിക്കാതിരിക്കാനുള്ള ശ്രമം നടത്തണമെന്ന ബിജെപിയുടെ റിമോട്ട് കണ്‍ട്രോളര്‍ ആര്‍എസ്എസിന്റെ ഉപദേശം ശിരസ്സാവഹിച്ച് മോഡിയും കൂട്ടരും അതിനുള്ള ശ്രമം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മോഡിയും രാജ്നാഥ് സിങ്ങും ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്തി. മോഡി അധികാരത്തില്‍ വന്നാല്‍ സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കാന്‍ തയ്യാറാകണമെന്ന സന്ദേശവും ആര്‍എസ്എസ് നല്‍കിയിട്ടുണ്ട്. അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്ര നിര്‍മാണം, ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കല്‍, പൊതുസിവില്‍ കോഡ് എന്നിവയില്‍ നടപടികളുണ്ടാകണമെന്നാണ് ആര്‍എസ്എസിന്റെ ബുദ്ധിജീവിയായ എം ജി വൈദ്യയുടെ നിര്‍ദേശം. മുസ്ലിങ്ങളോട് ബാബറി മസ്ജിദ് നിന്ന സ്ഥലം സ്വമേധയാ കൈമാറാന്‍ നേരത്തേ വൈദ്യ ആവശ്യപ്പെട്ടിരുന്നു.

ബിജെപിയെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് മുതിര്‍ന്ന നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, സുഷമസ്വരാജ് എന്നിവരാണ് മോഡിയെ പൂര്‍ണമായും അംഗീകരിക്കാത്ത നേതാക്കള്‍. മോഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത ഈ നേതാക്കളുടെ ഭാവി തീരുമാനിക്കുക ബിജെപിക്ക് കടുത്ത തലവേദനയാണ്. തങ്ങള്‍ ഇഷ്ടപ്പെട്ട സീറ്റില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ ജോഷിയും അദ്വാനിയും അസ്വസ്ഥരുമാണ്. അധികാരത്തില്‍ വരുന്നപക്ഷം ബിജെപി നേരിടാനിരിക്കുന്ന പ്രതിസന്ധിയുടെ ചൂണ്ടുപലകയാണിതൊക്കെ.

യുദ്ധം തുടങ്ങുന്നതിനുമുമ്പേ കീഴടങ്ങിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പുതന്നെ സര്‍ക്കാര്‍ മാറുകയാണെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. തോറ്റാലും അത് രാഹുല്‍ഗാന്ധിയുടെ കഴിവുകേടുകൊണ്ടല്ലെന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. പാര്‍ടി തോറ്റാലും നേതാവിനെ തോല്‍ക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യമാണ് കോണ്‍ഗ്രസിന്. ജയിക്കാന്‍ ഒരു പാര്‍ടിയും സംഘടനയും ഇല്ലാതാക്കിയെന്ന ഖ്യാതിയുള്ള നേതാവാണ് രാഹുല്‍ഗാന്ധി. ഗാന്ധി കുടുംബത്തിനെതിരെ ശക്തമായ മുറുമുറുപ്പ് കോണ്‍ഗ്രസില്‍ തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഗാന്ധികുടുംബവുമാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായം. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ ഈ മുറുമുറുപ്പിന് ആക്കം വര്‍ധിക്കുമെന്നുറപ്പാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയ വിരുന്നില്‍നിന്ന് രാഹുല്‍ഗാന്ധി വിട്ടുനിന്നതും കോണ്‍ഗ്രസില്‍ എല്ലാം ശുഭമല്ലെന്ന സൂചനയാണ് നല്‍കുന്നത്. നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായുള്ള വിലക്കയറ്റവും അഴിമതിയുമാണ് യുപിഎയ്ക്കും കോണ്‍ഗ്രസിനുമെതിരെയുള്ള തരംഗം സൃഷ്ടിച്ചത്. പ്രധാന പ്രതിപക്ഷപാര്‍ടിയെന്ന നിലയില്‍ ബിജെപിക്കും മറ്റ് പ്രാദേശിക പാര്‍ടികള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചേക്കാം.

കോണ്‍ഗ്രസ് ഇതര ബിജെപി ഇതര മതനിരപേക്ഷ കക്ഷികള്‍ അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നതിനെ ആശ്രയിച്ചാകും ഭാവിരാഷ്ട്രീയം നിശ്ചയിക്കപ്പെടുക. ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ടിയും മായാവതിയുടെ ബഹുജന്‍സമാജ് പാര്‍ടിയും ബിഹാറില്‍ ലാലുവും നിതീഷ് കുമാറിന്റെ ഐക്യജനതാദളും ഒഡിഷയില്‍ ബിജെഡിയും തമിഴ്നാട്ടില്‍ എഐഎഡിഎംകെയും കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവും എത്രമാത്രം സീറ്റ് നേടുമെന്നതാണ് പ്രധാനം. ഈ പാര്‍ടികള്‍ക്ക് ബിജെപിയെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു ബദല്‍ പാത വെട്ടിത്തെളിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പാര്‍ടികള്‍ക്ക് ഇതിന്റെ ഭാഗമാകേണ്ടിവരും.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment