Thursday, May 15, 2014

മന്‍മോഹന്‍ പടിയിറങ്ങുമ്പോള്‍

ഒരു പതിറ്റാണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനത്തിരുന്നശേഷം അധികാരത്തിന്റെ പടിയിറങ്ങുന്ന ഡോ. മന്‍മോഹന്‍സിങ്ങിന് അഭിമാനിക്കാന്‍ വകനല്‍കുന്നതായി എന്തുണ്ട്? കാര്യമായി എന്തെങ്കിലുമുണ്ട് എന്ന് അദ്ദേഹംപോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല.

ഇന്ത്യകണ്ട മഹാകുംഭകോണങ്ങള്‍ക്ക് അധ്യക്ഷതവഹിച്ച പ്രധാനമന്ത്രിയെന്ന നിലയിലായിരിക്കും ഡോ. മന്‍മോഹന്‍സിങ്ങിനെ ചരിത്രം അടയാളപ്പെടുത്തുക. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളില്‍പോലും കനത്ത വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി, കോര്‍പറേറ്റുകള്‍ എന്ത് താല്‍പ്പര്യപ്പെട്ടോ അതൊക്കെ ചെയ്തുകൊടുത്ത പ്രധാനമന്ത്രി, ജനകീയപ്രശ്നങ്ങളില്‍നിന്ന് മുഖംതിരിച്ചുനിന്ന പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ടാവും. ഒന്നും മന്‍മോഹന്‍സിങ്ങിന് ശോഭയേറ്റുന്ന വിശേഷണങ്ങളല്ല.

ഇന്ത്യന്‍ ജനജീവിതത്തിന്റെ നാഡിമിടിപ്പ് എങ്ങനെയെന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍പോലും അറിഞ്ഞിട്ടില്ലാത്ത ടെക്നോക്രാറ്റ് ആണദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് യുവത്വം. എന്നാല്‍, ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ അദ്ദേഹം ഒരിക്കലും നിന്നില്ല. സ്വകാര്യജീവിത ഭദ്രതയുടെ ചിമിഴിലേക്ക് എന്നും ഒതുങ്ങിക്കൂടിയ അദ്ദേഹം സാമ്പത്തികവിദഗ്ധനായി, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചു. അങ്ങനെ എന്നും ഉയര്‍ന്നുപറന്നുകൊണ്ടിരുന്നു. മണ്ണിലെ മനുഷ്യനെയോ അവന്റെ ജീവിത ദുരിതങ്ങളെയോ അദ്ദേഹം ഒരിക്കലും കണ്ടില്ല. അങ്ങനെയൊന്ന് ഉണ്ട് എന്ന് അറിഞ്ഞതുമില്ല. ഈ ജീവിതാനുഭവമില്ലായ്മ അദ്ദേഹത്തിന്റെ അധികാരവിനിയോഗത്തില്‍ ഒട്ടൊന്നുമല്ല പ്രതിഫലിച്ചത്. കോണ്‍ഗ്രസിന്റെ നയങ്ങളും മന്‍മോഹന്‍സിങ്ങിന്റെ ജനത്തെ മറന്നുള്ള നിലപാടുകളും നന്നായി പരസ്പരം ചേര്‍ന്നു. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളെയെല്ലാം മാറ്റി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഡോ. മന്‍മോഹന്‍സിങ്ങിനെ നിശ്ചയിക്കാന്‍ സോണിയ ഗാന്ധി എന്ന കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍ മന്‍മോഹന്‍സിങ്ങിന്റെ വ്യക്തിപരമായ വിധേയത്വം, അരാഷ്ട്രീയത, വലതുപക്ഷ സാമ്പത്തികശാസ്ത്രം തുടങ്ങിയവതന്നെയാവണം. മന്‍മോഹന്‍സിങ് എന്നും സോണിയക്ക് "വിധേയ"നായി കഴിഞ്ഞുകൂടി. അപമാനിതനായ സന്ദര്‍ഭങ്ങളില്‍പോലും ആ വിധേയത്വത്തില്‍ വിട്ടുവീഴ്ച കാട്ടിയില്ല.

മന്‍മോഹന്‍സിങ് അംഗീകരിച്ച ഒരു ബില്‍ അധിക്ഷേപപൂര്‍വം രാഹുല്‍ഗാന്ധി പരസ്യമായി കീറിയെറിഞ്ഞപ്പോള്‍ അതും സഹിച്ചു. ഇത്തരമൊരാളെ കിട്ടുക എളുപ്പമല്ലല്ലോ. കോണ്‍ഗ്രസില്‍ സ്വന്തമായി തട്ടകം ഉണ്ടാക്കുകയോ സോണിയ ഗാന്ധി-രാഹുല്‍ഗാന്ധി അധികാര ദ്വന്ദ്വത്തിന് വെല്ലുവിളി ഉയര്‍ത്തുകയോ ചെയ്യില്ല മന്‍മോഹന്‍സിങ് എന്ന് സോണിയയോളം അറിഞ്ഞ മറ്റൊരാളുമുണ്ടാവില്ല. അതുതന്നെയാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് സോണിയ മന്‍മോഹനെ നിര്‍ദേശിച്ചതിനുപിന്നില്‍.

മന്‍മോഹന്‍സിങ്ങാകട്ടെ, സോണിയ ഗാന്ധിയുടെ ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറത്തേക്ക് ഒരിക്കലും വളര്‍ന്നില്ല. ഇന്ത്യപോലുള്ള വലിയ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തിന്റെ മഹത്വം ഈ "ഉദ്യോഗസ്ഥന്‍" ഒരിക്കലും മനസിലാക്കിയില്ല. പത്തുവര്‍ഷത്തെ അധികാരകാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ഒരു രാഷ്ട്രീയപ്രസ്താവന നടത്താന്‍ ധൈര്യപ്പെടാതിരുന്ന പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥന്‍ എന്നല്ലാതെ എന്താണ് വിളിക്കുക. ഇന്ത്യയില്‍ തിളച്ചുമറിയുന്ന രാഷ്ടീയ പ്രശ്നങ്ങള്‍ അടിക്കടിയുണ്ടായിക്കൊണ്ടിരുന്നു. ഒന്നിലും മന്‍മോഹന്‍സിങ്ങിന് അഭിപ്രായമുണ്ടായില്ല. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടയാളല്ല താന്‍ എന്ന മട്ടില്‍ ഒതുങ്ങിക്കൂടി അദ്ദേഹം.

പത്തുവര്‍ഷ കാലയളവില്‍ രണ്ടുതവണ അദ്ദേഹം രാജിഭീഷണി മുഴക്കി. രണ്ടും അമേരിക്കയ്ക്കുവേണ്ടി. ആണവകരാര്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കും എന്നതായിരുന്നു ഒന്ന്. അമേരിക്ക- ഇന്ത്യാസൈന്യങ്ങളുടെ സംയുക്താഭ്യാസ പ്രകടനം ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്നത് തടഞ്ഞാല്‍ രാജിവയ്ക്കും എന്നതായിരുന്നു മറ്റൊന്ന്. ജനങ്ങളുടെ ഏതെങ്കിലും പ്രശ്നം പരിഹരിക്കാനാവാത്തതുകൊണ്ട് രാജിവയ്ക്കും എന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞില്ല. ഒരുതവണപോലും ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത നിലയിലല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയത് എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ജനങ്ങളെ അഭിമുഖീകരിച്ചാല്‍മാത്രം എത്താനാവുന്ന ലോക്സഭ അദ്ദേഹത്തിന് വേണ്ടായിരുന്നു. രാജ്യസഭയില്‍ കടന്ന് പ്രധാനമന്ത്രിസ്ഥാനം നിലനിര്‍ത്തിപ്പോരുക എന്നതായിരുന്നു അദ്ദേഹത്തിന് സ്വീകാര്യമായത്.

തന്റെ മന്ത്രിസഭയില്‍ ആരൊക്കെ അംഗങ്ങളാവണം, ആര്‍ക്ക് എന്ത് വകുപ്പുകൊടുക്കണം എന്നൊക്കെ നിശ്ചയിക്കുന്നതില്‍പോലും അദ്ദേഹത്തിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. മന്ത്രിമാരെയും വകുപ്പുകളെയും നിശ്ചയിച്ചത് കോര്‍പറേറ്റ് വമ്പന്മാരാണെന്ന് നീരാ റാഡിയാ ടേപ്പ് സംഭവത്തിലൂടെ രാഷ്ട്രം കണ്ടു. പ്രധാനമന്ത്രി കാണേണ്ട ഫയലുകള്‍ നേരിട്ട് സോണിയ ഗാന്ധിയാണ് പരിശോധിച്ചിരുന്നതെന്നും ഫയലില്‍ പ്രധാനമന്ത്രി എഴുതേണ്ട കുറിപ്പുവരെ സോണിയയുടെ വസതിയില്‍നിന്ന് തയ്യാറായി എത്തുമായിരുന്നുവെന്നുമുള്ള വിവരവും പുറത്തുവന്നു. ആ ലജ്ജാകരമായ അവസ്ഥയിലും മന്‍മോഹന്‍സിങ്ങിന് പ്രധാനമന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിലേ താല്‍പ്പര്യമുണ്ടായുള്ളൂ.

മന്‍മോഹന്‍സിങ് ഭരണം ഒരു നല്ലകാര്യവും ചെയ്തില്ല എന്നുപറഞ്ഞുകൂടാ. ഒന്നുരണ്ടു കാര്യങ്ങള്‍ ചെയ്തു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം തുടങ്ങിയവ. എന്നാലത് ഒന്നാം യുപിഎ മന്ത്രിസഭാകാലത്താണ്. ഇടതുപക്ഷ പിന്തുണ നിലനില്‍ക്കാന്‍ അവ കൂടിയേ തീരൂ എന്നുവന്നപ്പോഴാണ്. രണ്ടാം യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസും യുപിഎയും അതിന്റെ തനിനിറം കാട്ടി. ചില്ലറ വില്‍പ്പനരംഗത്തുവരെ വിദേശനിക്ഷേപം, മറയില്ലാതെ അമേരിക്കാപ്രീണനം, അതിഭീമമായ കുംഭകോണങ്ങള്‍. അത്തരം നടപടികളിലൂടെ കോണ്‍ഗ്രസും യുപിഎയും ജനങ്ങളാല്‍ വെറുക്കപ്പെടുന്ന നിലയിലെത്തി. 1,76,000 കോടിയുടെ സ്പെക്ട്രം കുംഭകോണത്തിലെ ഓരോ ഫയലും പ്രധാനമന്ത്രി കണ്ടിരുന്നുവെന്നത് തെളിഞ്ഞു. കോള്‍ഗേറ്റ് കുംഭകോണമെന്ന 1,86,000 കോടിയുടെ ചരിത്രം സൃഷ്ടിച്ച അഴിമതി നടന്ന കാലത്ത് കല്‍ക്കരിവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയില്‍തന്നെ നിക്ഷിപ്തമായിരുന്നു എന്നതും വെളിപ്പെട്ടു. അഴിമതിക്കെതിരായ ലോകായുക്ത അന്വേഷണ പരിധിയില്‍നിന്ന് പുറത്തുനില്‍ക്കാന്‍ പ്രധാനമന്ത്രി വ്യഗ്രതപ്പെടുന്നത് ലോകം കണ്ടു. ജെപിസി അന്വേഷണം വെള്ളപൂശലാക്കി കോണ്‍ഗ്രസ് മാറ്റുന്നത് ജനങ്ങള്‍ കണ്ടു.

സാമ്പത്തിക ഉദാരവല്‍ക്കരണ-വിദേശവല്‍ക്കരണ നയങ്ങളിലൂടെ ധനമന്ത്രിസ്ഥാനത്തുനിന്നു പ്രധാനമന്ത്രിസ്ഥാനത്തേക്കുയര്‍ന്ന മന്‍മോഹന്‍സിങ്ങിനു കീഴില്‍ രാജ്യത്തിന്റെ സാമ്പത്തികസ്വാശ്രയത്വവും വിദേശരംഗത്തെ ചേരിചേരാ നയവും എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. രാജ്യവിരുദ്ധമായ ആണവകരാര്‍, അന്താരാഷ്ട്ര ആണവ ഏജന്‍സിയിലെ ഇറാന്‍ വിരുദ്ധവും അമേരിക്കന്‍ അനുകൂലവുമായ ഇന്ത്യന്‍നിലപാട് തുടങ്ങിയവ ചരിത്രത്തിലെ കറുത്തപാടുകളായി നിലനില്‍ക്കും.

ഈ സാമ്പത്തിക വിദഗ്ധന്റെ ഭരണത്തില്‍ സാമ്പത്തിക വികസനിരക്ക് കുറഞ്ഞു. വിദേശ ആശ്രയത്വം വര്‍ധിച്ചു. ജനജീവിതം പാപ്പരീകരിക്കപ്പെട്ടു. അഴിമതി സങ്കല്‍പ്പങ്ങളെപ്പോലും പൊളിച്ച് ഭീമാകാരമായ മാനങ്ങളിലേക്ക് വളര്‍ന്നു. ഇതിനെല്ലാം അധ്യക്ഷത വഹിച്ച പ്രധാനമന്ത്രിയായേ മന്‍മോഹന്‍സിങ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടൂ.

deshabhimani editorial

No comments:

Post a Comment