Thursday, May 15, 2014

വിദ്യാഭ്യാസ വായ്പയില്ല; പകരം സ്വര്‍ണ വായ്പ

കൊച്ചി: വിദ്യാഭ്യാസ വായ്പയ്ക്ക് സമീപിക്കുന്നവരെ ബാങ്കുകള്‍ ഈടുള്ള വായ്പകളിലേക്കു മാറ്റുന്നു. പുതുതായി വായ്പയെടുക്കാന്‍ ചെല്ലുന്നവരെയാണ് ഇങ്ങനെ മാറ്റുന്നത്. വിദ്യാഭ്യാസവായ്പ എടുക്കുന്നവര്‍ക്ക് മൊറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതാണ് ബാങ്കുകളുടെ നടപടി. നാലുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈടു വേണ്ട. എന്നാല്‍ ഈ വായ്പ വാങ്ങാന്‍ വരുന്നവരെ മറ്റു വായ്പകള്‍ എടുപ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ബാങ്കുകാര്‍. ഇതിലും പിന്മാറാത്തവരോടാണ് ഈട് ആവശ്യമുള്ള വായ്പകള്‍ എടുക്കാന്‍ ആവശ്യപ്പെടുന്നത്. വസ്തുവിന്റെ ആധാരമോ, സ്വര്‍ണമോ ആണ് ഈടായി നല്‍കേണ്ടത്. സ്വര്‍ണത്തിനോടാണ് പ്രിയം. വായ്പ കിട്ടാക്കടമാകാതിരിക്കാന്‍ ബാങ്ക് ഉന്നതാധികാരികളില്‍നിന്നുള്ള സമ്മര്‍ദംമൂലം മാനേജര്‍മാരാണ് ഇത്തരം നടപടികളിലേക്കു നീങ്ങുന്നത്. വായ്പകളിലെ ഇളവുകള്‍ പ്രഖ്യാപനം മാത്രമാക്കുകയും യഥാസമയം ബാങ്കുകള്‍ക്ക് ഉത്തരവു നല്‍കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു.

വിദ്യാഭ്യാസവായ്പ അല്ലാത്തതിനാല്‍ മൊറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കില്ല. ഇക്കാര്യം മനസ്സിലാക്കാതെ ബാങ്കുകളുടെ നിര്‍ബന്ധത്തില്‍ കുടുങ്ങുന്നവരുമുണ്ട്. നേഴ്സിങ് പഠനത്തിന് വായ്പയ്ക്കെത്തുന്ന പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരോടാണ് ഏറെയും ഈട് ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഏഴുലക്ഷത്തോളം പേര്‍ വിദ്യാഭ്യാസവായ്പ എടുത്തിട്ടുണ്ട്. ഇതില്‍ 40,000ലധികം നേഴ്സുമാര്‍ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തിഭീഷണി നേരിടുന്നു. വിദ്യാഭ്യാസവായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പണം ഉടനെ അടയ്ക്കാന്‍ ബാങ്കുകള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുമുണ്ട്. 2013 വരെയുള്ള പലിശ എഴുതിത്തള്ളിയെന്നും ബാക്കി മുതലും പലിശയും തിരികെ അടയ്ക്കാനുമാണ് ആവശ്യപ്പെടുന്നത്. 2009 മാര്‍ച്ച് 31 വരെ എടുത്ത വിദ്യാഭ്യാസവായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതായി ഇടക്കാല ബജറ്റ് അവതരിപ്പിക്കവെ മന്ത്രി പി ചിദംബരം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പലിശയിനത്തില്‍ 2600 കോടി രൂപ എഴുതിത്തള്ളുമെന്നും രാജ്യത്തെ ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഉത്തരവ് ഇതുവരെ കിട്ടിയില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. എന്നാല്‍, ഇതിനുശേഷം ബാങ്കുകള്‍ വായ്പയെടുത്തവരോട് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുക കിട്ടാക്കടമാകാതിരിക്കാനാണ് നടപടി.

അഞ്ജുനാഥ്

ബ്ലേഡ് മാഫിയ: പിടികൂടുന്നത് പരല്‍മീനുകളെ: കോടിയേരി

തിരൂര്‍: ബ്ലേഡ് മാഫിയയുമായി പൊലീസുകാര്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രിതന്നെ പറയുമ്പോഴും നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബ്ലേഡ് മാഫിയകളിലെ പരല്‍മീനുകളെ മാത്രമാണ് പൊലീസ് ഇപ്പോള്‍ പിടികൂടുന്നത്. വന്‍സ്രാവുകള്‍ കോണ്‍ഗ്രസ് സംരക്ഷണയില്‍ പുറത്ത് വിലസുകയാണ്. നിലവിലുള്ള ഗുണ്ടാ നിയമം ശരിയായി പ്രയോഗിച്ചാല്‍ ബ്ലേഡ് മാഫിയക്ക് തടയിടാം. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ "മുഖ്യധാര" മാസികയുടെ പ്രകാശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍മാരെ രാഷ്ട്രീയമായി നിയമിക്കുന്നതാണ് യുഡിഎഫിന്റെ പതിവ്. ബയോഡാറ്റപോലും പരിശോധിക്കാതെ നിയമിച്ചതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് എംജി സര്‍വകലാശാലാ വിസിയെ പുറത്താക്കേണ്ടിവന്നത്. ഡിസിസി സെക്രട്ടറിയെയാണ് കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലറാക്കിയത്. യോഗ്യത നോക്കാതെ പാര്‍ടിക്കാരെ ഇത്തരം സ്ഥാനങ്ങളില്‍ നിയോഗിക്കുന്ന ഏര്‍പ്പാട് എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടായിരുന്നില്ല. യുഡിഎഫിന്റെ നടപടികള്‍ കേരളത്തിന് നാണക്കേടാണ്. സ്പിരിറ്റ് കടത്തിനും ബാറുകളിലെ കൊള്ളക്കും സര്‍ക്കാരും എക്സൈസ് വകുപ്പും കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

22ന് ബാങ്കേഴ്സ് സമിതി യോഗം ചേരും

തിരു: ബ്ലേഡ് മാഫിയകളുടെ പിടിയില്‍ പെടാതിരിക്കാന്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 22ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേരാന്‍ ലീഡ് ബാങ്കിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ കടക്കെണിയില്‍ പെട്ട് ഒരു കുടുംബം ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്്. ജില്ലാതലത്തില്‍ ജില്ലാ ബാങ്കേഴ്സ് സമിതി ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കും യോഗംചേര്‍ന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ നടപടി എടുക്കും. സര്‍ക്കാര്‍ നിയന്ത്രിത ധനസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, മല്‍സ്യഫെഡ് തുടങ്ങിയവ മുഖേനയും എളുപ്പത്തില്‍ വായ്പ നല്‍കും. കേരള മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ വായ്പ ലഭ്യമാക്കുകയും ഇവിടെ ആര്‍ബിഐ നിര്‍ദേശിക്കുന്ന നിരക്കില്‍ കൂടുതല്‍ പലിശ ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുംചെയ്യും.

deshabhimani

No comments:

Post a Comment