Thursday, May 15, 2014

കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്വിരുദ്ധ മാധ്യമസഖ്യം: പി ജയരാജന്‍

കണ്ണൂര്‍: സിപിഐ എം വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് കണ്ണൂരില്‍ മാര്‍ക്സിസ്റ്റ്വിരുദ്ധ മാധ്യമ സിന്‍ഡിക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പാര്‍ടി ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കേരള കൗമുദി ഫ്ളാഷില്‍ വന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇതിന് തെളിവാണ്. അപവാദ പ്രചാരണത്തിനെതിരെ കേരളകൗമുദി ഫ്ളാഷ് കണ്ണൂര്‍ ഓഫീസിന് മുന്നില്‍ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ വ്യാജവാര്‍ത്ത അവഗണിച്ച ചില വലതുപക്ഷ മാധ്യമങ്ങളും അതേറ്റുപിടിച്ച് പാര്‍ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. വ്യാജവാര്‍ത്തക്ക് പിന്നാലെ ഒരു സിപിഐ എം നേതാവിനെ വ്യക്തിഹത്യചെയ്യുന്ന ബാനര്‍ പ്രത്യക്ഷപ്പെടുമെന്ന വിവരം നേരത്തെ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ ലേഖകന് ലഭിച്ചു. ഇയാള്‍ ക്യാമറാമാനോട് രാത്രി ഓഫീസിലുണ്ടാകണമെന്നും ഇത് പകര്‍ത്തണമെന്നും ആവശ്യപ്പെട്ടു. രാവിലെ ദൃശ്യം സഹിതം ജയ്ഹിന്ദില്‍ വാര്‍ത്തവന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ, സിപിഐ എം ആണ് ഇത് പ്രചരിപ്പിക്കുന്നതെന്ന വാര്‍ത്തയുമായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഒരു പത്രം. വാര്‍ത്തക്കു പിറകില്‍ സിപിഐ എം നേതാക്കളല്ലേയെന്ന ചോദ്യം വാര്‍ത്താസമ്മേളനത്തിലും ഉന്നയിക്കപ്പെട്ടു. ഇതൊക്കെ വ്യാജവാര്‍ത്തയെ വെള്ളപൂശാനാണ്. മാന്യമായ നിലപാടാണ് കേരള കൗമുദി സ്വീകരിക്കുന്നതെങ്കില്‍ വ്യാജവാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിക്കണം. വാര്‍ത്തയുടെ ഉറവിടം കണ്ണൂര്‍തന്നെയാണ്. കണ്ണൂര്‍ ബ്യൂറോവിലെ ചുമതലപ്പെട്ടവര്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെ ഗൗരവമായിത്തന്നെ നേരിടും. വ്യാജവാര്‍ത്തയെ തുടര്‍ന്നുണ്ടായ ജനകീയ രോഷം ഒരു സത്യഗ്രഹത്തില്‍ അവസാനിക്കില്ല. പത്രമോഫീസിന് മുന്നില്‍ സത്യഗ്രഹം നടത്താനുള്ള വികാരം എന്താണെന്ന് പത്രസ്ഥാപന നടത്തിപ്പുകാര്‍ മനസ്സിലാക്കണം. സിപിഐ എം ശക്തമായ പ്രതിഷേധം അറിയിച്ചപ്പോള്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയാന്‍ കേരള കൗമുദി തയ്യാറാകേണ്ടതായിരുന്നു.

മാധ്യമ സിന്‍ഡിക്കറ്റ് എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസത്തെ അനുഭവം. ജയ്ഹിന്ദ് ചാനലിനേക്കാള്‍ വലിയ യുഡിഎഫ് വിധേയത്വമാണ് സ്വതന്ത്ര ചാനലെന്ന് അവകാശപ്പെടുന്ന ജീവന്‍ ടിവി അന്ന് പ്രകടിപ്പിച്ചത്. ജീവന്‍ ടിവിയുടെ ക്യാമറാമാനെ വോട്ടുചെയ്യാന്‍ അതിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുവദിച്ചില്ല. വോട്ടുചെയ്യുകയെന്ന ജനാധിപത്യ അവകാശംപോലും നിഷേധിച്ചു. ക്യാമറാമാന്‍ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന ധാരണയാണ് വോട്ടുമുടക്കാന്‍ കാരണം. പൗരന്റെ വോട്ടവകാശം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനമാണ് കണ്ണൂരിലെ മാധ്യമ സിന്‍ഡിക്കറ്റിന്റേത്. വ്യാജ വാര്‍ത്ത നല്‍കിയ സാമൂഹ്യ വിരുദ്ധനെ പത്രപ്രവര്‍ത്തക മേലങ്കിയണിയിച്ച് സംരക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നടക്കാന്‍പോകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment