Thursday, May 15, 2014

ഓപ്പണ്‍ സ്കൂള്‍ പാഠപുസ്തകം ഗൈഡ് ലോബിക്ക് ചോര്‍ത്തി

ഓപ്പണ്‍ സ്കൂള്‍ മൊഡ്യൂള്‍ നിര്‍മാണത്തിന്റെ മറവില്‍ പരിഷ്കരിച്ച പ്ലസ് വണ്‍ പാഠപുസ്തക ഉള്ളടക്കം ചോര്‍ത്തി ഗൈഡ് ലോബിയെ സഹായിക്കാന്‍ നീക്കം. ഒന്നാംവര്‍ഷത്തെ പാഠപുസ്തകം പുറത്തിറങ്ങുംമുമ്പ് ഉള്ളടക്കം ഗൈഡ് ലോബികളുടെ കൈകളില്‍ എത്തി. എസ്സിഇആര്‍ടി ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കിയുള്ള ഓപ്പണ്‍ സ്കൂള്‍ മൊഡ്യൂള്‍ നിര്‍മാണം വിവാദമായി. ലക്ഷങ്ങളുടെ അഴിമതിക്കാണ് ഓപ്പണ്‍ സ്കൂള്‍ അധികൃതരുടെ അണിയറനീക്കം. പാഠപുസ്തകങ്ങളുടെ രചനയും സിലബസ് നിര്‍മാണത്തിന്റെ ചുമതലയുമുള്ള എസ്സിഇആര്‍ടി അക്കാദമിക് ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കിയാണ് മൊഡ്യൂള്‍ പരിഷ്കരിക്കാനെന്ന പേരില്‍ ഓപ്പണ്‍ സ്കൂള്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് മെയ് 15വരെ ശില്‍പ്പശാല നടത്തുന്നത്. എസ്സിഇആര്‍ടിക്ക് ഗസ്റ്റ്ഹൗസ് കം ട്രെയിനിങ് സെന്റര്‍ ഉള്ളപ്പോഴാണ് സ്വകാര്യസ്ഥാപനം തെരഞ്ഞെടുത്തിരിക്കുന്നത്.

പാഠപുസ്തകങ്ങള്‍ പുറത്തിറങ്ങിയശേഷമാണ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യാനുള്ള മൊഡ്യൂള്‍ നിര്‍മാണം നടത്താറുള്ളത്. ഈവര്‍ഷം ഓപ്പണ്‍ സ്കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററാണ് മൊഡ്യൂള്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇദ്ദേഹവും എസ്സിഇആര്‍ടി ഡയറക്ടറും തമ്മിലുള്ള പടലപ്പിണക്കമാണ് അക്കാദമിക് ഉദ്യോഗസ്ഥരെ ഒഴിവാക്കി സ്വന്തം നിലയില്‍ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ കാരണം. ഡയറക്ടര്‍ ആദ്യം എതിര്‍ത്തെങ്കിലും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രത്യേക അനുമതി നല്‍കി. പാഠപുസ്തക രചനയടക്കമുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി എട്ട് കോടി രൂപ മുടക്കി എസ്സിഇആര്‍ടി ആസ്ഥാനത്തോട് അനുബന്ധിച്ചാണ് പുതിയ ഗസ്റ്റ്ഹൗസ് കം ട്രെയിനിങ് സെന്റര്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത് ഉദ്ഘാടനംചെയ്തത്. ഇവിടെവച്ച് ശില്‍പ്പശാല സംഘടിപ്പിച്ചാല്‍ ഓപ്പണ്‍ സ്കൂളിലെ ഉദ്യോഗസ്ഥര്‍ക്ക് ടിഎ/ഡിഎ അടക്കമുള്ള തുക ലഭിക്കുകയില്ലെന്ന് കണ്ടാണ് ശില്‍പ്പശാല ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയത്. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രതിനിധികളെ തെരഞ്ഞെടുത്തതിലും മാനദണ്ഡം പാലിച്ചിട്ടില്ല. ഓപ്പണ്‍ സ്കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഭാരവാഹിയായ അധ്യാപക സംഘടനയുടെ പ്രവര്‍ത്തകരെയാണ് തെരഞ്ഞെടുത്തത്.

deshabhimani

No comments:

Post a Comment