Saturday, May 17, 2014

എഐഎഡിഎംകെ മൂന്നാമത്തെ വലിയ കക്ഷി

ചെന്നൈ: ദേശീയതലത്തില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് തമിഴ്നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെയാണ്. മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2009ല്‍ എട്ട് സീറ്റ് നേടിയപ്പോള്‍ ഇത്തവണ 37 സീറ്റ് നേടി വന്‍ കുതിച്ചുചാട്ടമാണ് എഐഎഡിഎംകെ നടത്തിയത്. ആകെ 39 സീറ്റാണ് തമിഴ്നാട്ടിലെന്ന് അറിയുമ്പോഴാണ് കൗതുകം. മുഖ്യ എതിരാളിയായ കരുണാനിധിയുടെ ഡിഎംകെയ്ക്ക് തമിഴ്നാട്ടില്‍ വിലാസംപോലുമില്ലാതായി. ഒരു സീറ്റില്‍പ്പോലും വിജയംകാണാതെ അവര്‍ തകര്‍ന്നുതരിപ്പണമായി. കോണ്‍ഗ്രസിനും സംസ്ഥാനത്ത് ഇതുതന്നെയാണ് അവസ്ഥ. യുപിഎ സര്‍ക്കാരുകളില്‍ താക്കോല്‍സ്ഥാനങ്ങളിലിരുന്ന മന്ത്രിമാരും മന്ത്രിപുത്രന്മാരും നിലംതൊട്ടില്ല. അവര്‍ എട്ടുനിലയില്‍ പൊട്ടിയതോടെ കോണ്‍ഗ്രസിന് ഒറ്റസീറ്റില്‍പ്പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. കന്യാകുമാരിയില്‍ പി രാധാകൃഷ്ണന്റെ വിജയത്തിലൂടെ ബിജെപിയും ധര്‍മപുരിയില്‍ അന്‍പുമണി രാംദോസിന്റെ വിജയത്തിലൂടെ പട്ടാളി മക്കള്‍ കക്ഷിയും ആശ്വാസം നേടി. ജയലളിതവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും എന്‍ഡിഎയ്ക്കുമായി വിഭജിക്കപ്പെട്ടതാണ് ജയലളിതയ്ക്ക് തുണയായത്. എസ്പി, ബിഎസ്പി, ആര്‍ജെഡിപോലുള്ള പ്രാദേശികപാര്‍ടികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ജയലളിതയ്ക്ക് വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞത്, സംസ്ഥാനത്ത് ചോദ്യംചെയ്യപ്പെടാത്ത നേതാവെന്ന തരത്തിലുള്ള അവരുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.

കര്‍ണാടകത്തില്‍ ബിജെപി

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ കേരളവും ആന്ധ്രയും തമിഴ്നാടും കൈയൊഴിഞ്ഞപ്പോള്‍ കര്‍ണാടകം മാത്രമാണ് ബിജെപിക്ക് ആശ്വാസമായത്. ആകെയുള്ള 28 സീറ്റില്‍ ബിജെപി 17 സീറ്റ് നേടി. എന്നാല്‍, 2009ല്‍ ബിജെപിക്ക് 19 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് ഒമ്പതും ജനതാദള്‍ എസ് രണ്ട് സീറ്റും നേടി. ശിവമോഗയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ബെല്ലാരിയില്‍ ബി ശ്രീരാമുലു, ഉഡുപ്പിയില്‍ ശോഭ കരന്ത്ലജെ എന്നിവരാണ് ബിജെപിയില്‍ വിജയംകണ്ട പ്രമുഖര്‍. ചിക്കബെല്ലാപുരില്‍ എം വീരപ്പമൊയ്ലിയുടെയും ഗുല്‍ബര്‍ഗയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ജയം കോണ്‍ഗ്രസിന് പിടിവള്ളിയായി. മാണ്ഡ്യയില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും മാണ്ഡ്യയില്‍ സി എസ് പുട്ടരാജുവും ജനതാദള്‍ എസിന്റെ അഭിമാനം നിലനിര്‍ത്തി.

പച്ച തൊടാതെ ബിഎസ്പി

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ ഒന്നാമതാണ് മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ടി. ഉത്തര്‍പ്രദേശ് ഭരണം കയ്യാളിയിരുന്ന ബിഎസ്പിക്ക് ഇത്തവണ 80ല്‍ ഒരു സീറ്റ് പോലും നേടാനായില്ല. ഇതര സംസ്ഥാനങ്ങളിലെ 400ല്‍ അധികം സീറ്റുകളില്‍ മത്സരത്തിന് ഇറങ്ങിയെങ്കിലും എവിടെയും നിലം തൊട്ടില്ല. 1984ല്‍ ഉത്തര്‍പ്രദേശിലെ ദളിത് നേതാവായിരുന്ന കാന്‍ഷിറാം സ്ഥാപിച്ച പാര്‍ടിക്ക് ഒരു സീറ്റ് പോലും നേടാനാവാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. കാന്‍ഷിറാമിന് ശേഷം മായാവതിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജിച്ച പാര്‍ടി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം നില മെച്ചപ്പെടുത്തിയിരുന്നു. 1998ല്‍ അഞ്ച് സീറ്റായിരുന്നു ബിഎസ്പിക്ക്്. 99ല്‍ ഇത് 14 ആയി. 2004ല്‍ അഞ്ച് സീറ്റ് വര്‍ധിപ്പിച്ച് 19ല്‍ എത്തി. 2009ല്‍ പ്രാതിനിത്യം 21ല്‍ എത്തി. ഇതാണ് ഇക്കുറി വട്ടപ്പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. ഞെട്ടിക്കുന്ന ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ മായാവതി ഇതുവരെ തയ്യാറായിട്ടില്ല.

ആന്ധ്രയില്‍ നിലംതൊടാതെ ബിജെപി

ഹൈദരാബാദ്: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിനാണ് ഇക്കുറി ആന്ധ്രപ്രദേശ് സാക്ഷ്യംവഹിച്ചത്. സംസ്ഥാനം രണ്ടായി വിഭജിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്നനിലയ്ക്കാണ് രാജ്യത്തെ രാഷ്ട്രീയനിരീക്ഷകര്‍ സംസ്ഥാനത്തെ ഓരോചലനവും സൂക്ഷ്മമായി നിരീക്ഷിച്ചത്. 25 ലോക്സഭാ സീറ്റിലേക്കും ഒപ്പം 175 നിയമസഭാ സീറ്റിലേക്കുമാണ് സംസ്ഥാനം ജനവിധി തേടിയത്.

സംസ്ഥാനവിഭജനത്തോടെ രാഷ്ട്രീയാന്തരീക്ഷം കീഴ്മേല്‍ മറിഞ്ഞു. വിഭജനത്തെ ശക്തിയുക്തം എതിര്‍ത്ത വൈഎസ്ആര്‍ കോണ്‍ഗ്രസിനും രണ്ടുതവണയായി അധികാരത്തിന് പുറത്തുള്ള ടിഡിപിക്കും തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെകൂടി പ്രശ്നമായിരുന്നു. അരാകു, തിരുപ്പതി ലോക്സഭാ മണ്ഡലങ്ങളിലും 34 നിയമസഭാ സീറ്റിലും സിപിഐ എം ശക്തമായ മത്സരം കാഴ്ചവച്ചു. വിഭജനത്തോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എല്ലാ അടിത്തറയും ഇളകിയിരുന്നു. ചരിത്രത്തിലില്ലാത്തവിധം കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ കാരണമായതും ഇതുതന്നെ. തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി കിരണ്‍കുമാര്‍റെഡ്ഡി രാജിവയ്ക്കുകയും ജയ് സമൈക്യ ആന്ധ്ര എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിച്ച് കളത്തിലിറങ്ങുകയും ചെയ്തു. ജഗന്‍മോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് സീമാന്ധ്രയില്‍ ഒമ്പത് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടിഡിപിക്ക് 15 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്കും കിരണ്‍കുമാര്‍റെഡ്ഡിയുടെ ജെഎസ്പിക്കും ഒരു സീറ്റും നേടാനായില്ല. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി.

ആകെ 25 സീറ്റാണ് സീമാന്ധ്രയില്‍. ആകെയുള്ള 17 സീറ്റില്‍ 13 സീറ്റ് നേടി ടിആര്‍എസ് തെലങ്കാനയില്‍ കരുത്തുതെളിയിച്ചു. എന്‍ഡിഎക്കൊപ്പം ചേര്‍ന്ന മുന്‍ മുഖ്യമന്ത്രികൂടിയായ ചന്ദ്രബാബുനായിഡുവിന് ഇത് തന്റെ സ്വാധീനവും കരുത്തും തെളിയിക്കേണ്ട തെരഞ്ഞെടുപ്പായിരുന്നു. സര്‍വപ്രതാപിയായിരുന്ന ചന്ദ്രബാബു സംസ്ഥാന രാഷ്ട്രീയചരിത്രത്തില്‍നിന്നുതന്നെ ഇല്ലാതായ അവസ്ഥയിലായിരുന്നു. തെലങ്കാനയില്‍ രണ്ട് സീറ്റുമാത്രമാണ് ടിഡിപി നേടിയത്. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി. ആന്ധ്രപ്രദേശില്‍ ബിജെപി തകര്‍ന്നടിയുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. സീമാന്ധ്രയിലും തെലങ്കാനയിലും ബിജെപിക്ക് പച്ചതൊടാനായില്ല. ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റില്‍ പ്രതീക്ഷിച്ചപോലെ ടിആര്‍എസ് 64 സീറ്റ് നേടി ആധിപത്യം പുലര്‍ത്തി. കോണ്‍ഗ്രസ് 23 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ടിഡിപി 19 സീറ്റും മറ്റുള്ളവര്‍ 13 സീറ്റും നേടി. സീമാന്ധ്രയില്‍ ടിഡിപി 106 സീറ്റ് നേടി. വൈഎസ്ആര്‍ കോണ്‍ഗ്രസ് 65ലെത്തി. ഒറ്റസീറ്റുമാത്രം നേടി കോണ്‍ഗ്രസ് തകര്‍ന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റ് നേടി.

മോഡിയുടെ വിജയമെന്ന് അംഗീകരിക്കാതെ അദ്വാനി ക്യാമ്പ്

ന്യൂഡല്‍ഹി: ബിജെപിയുടെ വിജയം നരേന്ദ്രമോഡിയുടെ വിജയമാണെന്ന് അംഗീകരിക്കാതെ അദ്വാനി ക്യാമ്പ്. എന്‍ഡിഎ അധ്യക്ഷന്‍ എല്‍ കെ അദ്വാനിയും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും മോഡിയുടെ വിജയമല്ലെന്ന് ഉറപ്പിക്കുന്നു. മോശം ഭരണം, അഴിമതി, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച എന്നിവയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മൂന്ന് പ്രധാന കാരണങ്ങളെന്ന് അദ്വാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരിക്കലും വിജയിക്കാത്തിടത്തുപോലും ഇക്കുറി വിജയം കണ്ടു. വിജയത്തില്‍ മോഡിയുടെ നേതൃത്വം വഹിച്ച പങ്ക് എത്രയാണ്, ആര്‍എസ്എസിന്റെ പങ്ക് എത്രയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് വിലയിരുത്തപ്പെടേണ്ടതാണ്- അദ്വാനി പറഞ്ഞു. മോഡിയെ അദ്വാനി ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചതായി വാര്‍ത്തകളുണ്ട്.

പൂര്‍ണമായും ബിജെപിയുടെ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്ക് ലഭിച്ചിരിക്കയാണ്. എന്നാല്‍, സഖ്യകക്ഷികളെകൂടി സര്‍ക്കാരില്‍ പങ്കാളികളാക്കും- സുഷമ പറഞ്ഞു. ഏത് വകുപ്പാണ് താല്‍പ്പര്യപ്പെടുന്നതെന്ന ചോദ്യത്തിന് അതൊക്കെ പ്രധാനമന്ത്രിയുടെ വിവേചനാധികാരമാണെന്ന് സുഷമ പ്രതികരിച്ചു. ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങാകട്ടെ മോഡിയെ പ്രശംസയാല്‍ മൂടി. മോഡിയുടെ ഊര്‍ജസ്വലമായ നേതൃത്വമാണ് ബിജെപിക്ക് വന്‍വിജയം സമ്മാനിച്ചതെന്ന് രാജ്നാഥ് പറഞ്ഞു.

deshabhimani

No comments:

Post a Comment