Friday, May 16, 2014

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം

ന്യൂഡല്‍ഹി: 16ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അഭിപ്രായ സര്‍വേകളേയും കടത്തിവെട്ടുന്ന വിജയം നേടി. 543 അംഗ ലോക്സഭയില്‍ 284 സീറ്റുകള്‍ നേടിയ ബിജെപി ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം നേടി. എന്‍ഡിഎ സഖ്യം 335 സീറ്റാണ് നേടിയത്. 2009ല്‍ 203 സീറ്റ് നേടിയ കോണ്‍ഗ്രസ് കേവലം 47 സീറ്റുകളില്‍ ഒതുങ്ങി. 59 സീറ്റുകള്‍ മാത്രമാണ് യുപിഎ നേടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.

എന്‍ഡിഎ കേവല ഭൂരിപക്ഷം നേടിയതോടെ നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ 21ന് നടന്നേക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം സൂചന നല്‍കി. ഇത് ഭാരതത്തിന്റെ വിജയമാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. മോഡി മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച വിജയം നേടി. വഡോദരയില്‍ അഞ്ച് ലക്ഷത്തിനും മേലെയാണ് മോഡിയുടെ ഭൂരിപക്ഷം. വാരണാസിയില്‍ അദ്ദേഹം ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് മോഡി ജയിച്ചത്.

വടക്കേ ഇന്ത്യ ബിജെപി തൂത്തുവാരി. ഇത്തര്‍പ്രദേശില്‍ 80 ശതമാനം വോട്ടും നേടിയ ബിജെപി ആകെയുള്ള 80 സീറ്റില്‍ 72 ഇടത്തും വിജയിച്ചു. ഗുജറാത്ത്(26)രാജസ്ഥാന്‍(25) ചത്തീസ്ഗഢ്(11), ഗോവ(2), ഹിമാചല്‍പ്രദേശ്(4) സംസ്ഥാനങ്ങള്‍ ഒന്നൊഴിയാതെ എല്ലാ സീറ്റും ബിജെപി വിജയിച്ചു.

തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളില്‍ 36 ഉം നേടിയ ജയലളിതയുടെ എഐഎഡിഎംകെ മൂന്നാമത്തെ വലിയ കക്ഷിയായി. ബംഗാളില്‍ 34 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. യുപിയില്‍ കഴിഞ്ഞ തവണ 21 സീറ്റ് നേടിയ ബിഎസ്പിയ്ക്ക് ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റക്കക്ഷി ഭരണം

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ ശേഷം ഒരു കക്ഷി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്നത് മൂന്ന് പതിറ്റാണ്ടിന് ശേഷം. 16ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ 286 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. എന്‍ഡിഎ സഖ്യം 338 സീറ്റുകളില്‍ മുന്നേറുകയാണ്. പതിനാറ് തവണ നടന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിക്ക് മാത്രം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയത് എട്ട് തവണ മാത്രമാണ്.

1951ല്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 1971 വരെ കോണ്‍ഗ്രസിന്റെ ഏകാധിപത്യമായിരുന്നു. 1980, 1984 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. 1951-52 വര്‍ഷങ്ങളിലായി ആദ്യ പൊതുതെരഞ്ഞെടുപ്പ്. 1952 ഏപ്രിലില്‍ ആദ്യ ലോക്സഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് 364 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു ദേശീയ പാര്‍ടികളില്‍ രാംസ്ഥാനത്ത്. 49 സീറ്റില്‍ മത്സരിച്ച് 16 സീറ്റ് നേടി. 1957ല്‍ 371 സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. 110 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ടി 27 സീറ്റ് നേടി. 1962ല്‍ കോണ്‍ഗ്രസ് 361 സീറ്റും കമ്യൂണിസ്റ്റ് പാര്‍ടി 29 സീറ്റും നേടി. പിഎസ്പി 12, സ്വതന്ത്രാ പാര്‍ടി 18, സോഷ്യലിസ്റ്റ് പാര്‍ടി ആറ് എന്നിങ്ങനെയാണ് സീറ്റ്നില.

1964ല്‍ നെഹ്റു മരിച്ച് ലാല്‍ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. ശാസ്ത്രിയുടെ മരണത്തിനുശേഷം 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. 1967ല്‍ 283 സീറ്റ് നേടി കോണ്‍ഗ്രസ് കഷ്ടിച്ചാണ് കരകയറിയത്. സിപിഐ എം 19 സീറ്റിലും സിപിഐ 23 സീറ്റിലും വിജയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ടി 23 സീറ്റും സ്വതന്ത്രാ പാര്‍ടി 4 സീറ്റും നേടി. 1971ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിര നില മെച്ചപ്പെടുത്തി. 352 സീറ്റില്‍ വിജയിച്ചു. സിപിഐ എം 25 സീറ്റിലും സിപിഐ 23 സീറ്റിലും വിജയിച്ചു. ജനസംഘത്തിന് 22 സീറ്റുണ്ടായിരുന്നു.

1975ല്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥമൂലം 1976ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നടന്നില്ല. അടിയന്തിരാവസ്ഥയിലെ ക്രൂരതകളോട് ഉത്തരേന്ത്യ നടത്തിയ ശക്തമായ പ്രതികരണമാണ് 1977ലെ തെരഞ്ഞെടുപ്പില്‍ കണ്ടത്. കോണ്‍ഗ്രസ് 154 സീറ്റിലേക്കൊതുങ്ങി. ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ രാജ്നാരായണനോട് പരാജയപ്പെട്ടു. ഭാരതീയ ലോക്ദള്‍ (ജനതാ പാര്‍ടി) 295 സീറ്റ് നേടി. സിപിഐ എമ്മിന് 22 സീറ്റ് ലഭിച്ചു. സിപിഐ ഏഴ് സീറ്റ് നേടി. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായി അധികാരമേറ്റു.

ജനതാ പാര്‍ടിയിലെ കലഹങ്ങള്‍മൂലം മൊറാര്‍ജി ദേശായി ര് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനമൊഴിഞ്ഞു. പകരം പ്രധാനമന്ത്രിയായ ചരണ്‍സിങ്ങിനും ഒരുവര്‍ഷത്തിനപ്പുറം പോകാനായില്ല. 1980ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 353 സീറ്റ് നേടി അധികാരത്തിലെത്തി. 1984ല്‍ ഇന്ദിരയുടെ വധത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റ് നേടി. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് ഈ തെരഞ്ഞെടുപ്പിലാണ്. ബിജെപി അക്കൗണ്ട് തുറന്നതും ഈ തെരഞ്ഞെടുപ്പിലാണ്. 224 സീറ്റില്‍ മത്സരിച്ച് രണ്ട് സീറ്റില്‍ വിജയിച്ചു. 1989ല്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ടു. പിന്നീട് കൂട്ടുകക്ഷി ഭരണം.2004ലും 2009ലും യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത് കോണ്‍ഗ്രസിനെ മറ്റുകക്ഷികള്‍ പിന്തുണച്ചതിനാലാണ്.

യുഡിഎഫ് 12 എല്‍ഡിഎഫ് 8

തിരു: 16-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 12 സീറ്റിലും എല്‍ഡിഎഫ് എട്ട് സീറ്റിലും വിജയിച്ചു . ഇത്തവണയും ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. 2009ല്‍ നാലു സീറ്റ് നേടിയ എല്‍ഡിഎഫ് എട്ടു സീറ്റ് നേടി വിജയം ഇരട്ടിയാക്കി. അതേ സമയം യുഡിഎഫിന് നാല് സീറ്റ് നഷ്ടപ്പെട്ടു. എല്‍ഡിഎഫിന്റെ സിറ്റിങ് എംപിമാര്‍ എല്ലാം ജയിച്ചപ്പോള്‍ യുഡിഎഫിന് നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു.

കാസര്‍ക്കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ആറ്റിങ്ങല്‍, ഇടുക്കി എന്നിവിടങ്ങളില്‍ എല്‍ഡിഎഫും കോഴിക്കോട്, വടകര, പൊന്നാനി, മലപ്പുറം, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം,മാവേലിക്കര, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യുഡിഎഫും വിജയിച്ചു. സിപിഐ എം (5), സിപിഐ എം സ്വതന്ത്രര്‍ (2), സിപിഐ (1), കോണ്‍ഗ്രസ് (8), മുസ്ലിംലീഗ് (2), കേരള കോണ്‍ഗ്രസ് എം(1), ആര്‍എസ്പി (1) എന്നിങ്ങനെയാണ് ജയം. ആദ്യ ജയം സി എന്‍ ജയദേവനും പി കെ ശ്രീമതിയും നേടി. കണ്ണൂരില്‍ 6566 വോട്ടിന് സിറ്റിങ് എം പിയായ കോണ്‍ഗ്രസിന്റെ കെ സുധാകരനെയാണ് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായ പി കെ ശ്രീമതി പരാജയപ്പെടുത്തിയത്. തുടക്കം മുതലെ വ്യക്തമായ ലീഡ് പുലര്‍ത്തിയ പി കെ ശ്രീമതി ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയെങ്കിലും വീണ്ടും ശക്തമായി തിരിച്ചെത്തുകയായിരുന്നു.

തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ സി എന്‍ ജയദേവന്‍ 38227 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ കെ പി ധനപാലനെയാണ് തോല്‍പിച്ചത്. ചാലക്കുടി മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്നു കെ പി ധനപാലന്‍. പാലക്കാട് സിപിഐ എമ്മിലെ എം ബി രാജേഷ് 1,05323 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ ജനത ദള്‍ (എസ്) സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി. പൊന്നാനിയില്‍ 25410 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായ വി അബ്ദുള്‍ റഹ്മാനെയാണ് പരാജയപ്പെടുത്തിയത്. കൊല്ലത്ത് യുഡിഎഫിലെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ത്ഥി എം എ ബേബിയേക്കാള്‍ 37649 വോട്ടിന്റെ ഭുരിപക്ഷമാണുള്ളത്. കോഴിക്കോട് യുഡിഎഫിലെ സിറ്റിങ് എംപി കൂടിയ എം കെ രാഘവന്‍ വിജയിച്ചു. സിപിഐ എമ്മിലെ എ വിജയരാഘവനേക്കാള്‍ 16883 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. മാവേലിക്കരയില്‍ യുഡിഎഫിലെ കൊടികുന്നില്‍ സുരേഷ് വിജയിച്ചു. എല്‍ഡിഎഫിലെ ചെങ്ങറ സുരേന്ദ്രനെ 32737 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വയനാട് യുഡിഎഫിലെ എം ഐ ഷാനവാസ് സിപിഐയിലെ സത്യന്‍ മൊകേരിയെ 20870 വോട്ടിന് പരാജയപ്പെടുത്തി. മലപ്പുറത്ത് യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് 1,94739 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ പികെ സൈനബയെ പരാജയപ്പെടുത്തി. എറണാകുളത്ത് കോണ്‍ഗ്രസ് ഐയിലെ പ്രൊഫ. കെ വി തോമസ് സിപിഐ എമ്മിലെ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ 87,047 വോട്ടിന് പരാജയപ്പെടുത്തി. കാസര്‍കോട് സിറ്റിംഗ് എംപി സിപിഐ എമ്മിലെ പി കരുണാകരന്‍ 6921 വോട്ടിന് യുഡിഎഫിലെ ടി സിദ്ദിക്കിനെ പരാജയപ്പെടുത്തി. ആറ്റിങ്ങലില്‍ സിറ്റിംഗ് എംപി എല്‍ഡിഎഫിലെ സമ്പത്ത് 69378 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി. ആലത്തൂരില്‍ സിറ്റിംഗ് എംപി എല്‍ഡിഎഫിലെ പി കെ ബിജു 37312 വോട്ടിന് യുഡിഎഫിലെ കെ എ ഷീബയെ പരാജയപ്പെടുത്തി. ചാലക്കുടിയില്‍ എല്‍ഡിഎഫിലെ ഇന്നസെന്‍റ് 13884 വോട്ടിന് സിറ്റിംഗ് എംപി യുഡിഎഫിലെ പി സി ചാക്കോയെ തോല്‍പ്പിച്ചു. ഇടുക്കിയില്‍ എല്‍ഡിഎഫിലെ അഡ്വ. ജോയ്സ് ജോര്‍ജ് 50542 വോട്ടിന്റെ ഭുരിപക്ഷത്തിന് കോണ്‍ഗ്രസിലെ ഡീന്‍ കുര്യക്കോസിനെ പരാജയപ്പെടുത്തി.

കോട്ടയത്ത് യുഡിഎഫിലെ ജോസ് കെ മാണി 120599 എല്‍ഡിഎഫിലെ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി. തിരുവനന്തപുരത്ത് മാറിമാറി മറിഞ്ഞു നിന്ന് ലീഡ് നില അവസാന ഘട്ടത്തില്‍ യുഡിഎഫിലെ ശശി തരൂരിന് അനുകൂലമായി മാറി. 15470 വോട്ടിന് ബിജെപിയിയെ ഒ രാജഗോപാലിനെയാണ് തോല്‍പിച്ചത്. എല്‍ഡിഎഫിലെ ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്താണ്. പത്തനംതിട്ടയില്‍ യുഡിഎഫിലെ അന്റോ ആന്റണി 56191 വോട്ടിന് എല്‍ഡിഎഫിലെ പീലിപ്പോസ് തോമസിനെ തോല്‍പ്പിച്ചു. ,ആലപ്പുഴയില്‍ യുഡിഎഫിലെ കെ സി വേണുഗോപാല്‍ 19407 വോട്ടിന് എല്‍ഡിഎഫിലെ പി ബി ചന്ദ്രബാബുവിനെ പരാജയപ്പെടുത്തി. , വടകരയില്‍ യുഡിഎഫിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്‍ഡിഎഫിലെ 3306 വോട്ടിന് എല്‍ഡിഎഫിലെ എ എന്‍ ഷംസീറിനെ തോല്‍പ്പിച്ചു.

deshabhimani

No comments:

Post a Comment