Friday, May 16, 2014

എല്‍ഡിഎഫിന് ഇരട്ടി നേട്ടം: സിപിഐ എം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2009-നേക്കാള്‍ എല്‍ഡിഎഫിന് ഇരട്ടി സീറ്റുകള്‍ വിജയിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പത്രക്കുറിപ്പിലറിയിച്ചു. 20-ല്‍ 8 സീറ്റ് എല്‍ഡിഎഫിന് നല്‍കിയ വിജയത്തില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തകരേയും ജനങ്ങളേയും സിപിഐ എം അഭിനന്ദിച്ചു. മറ്റു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തവര്‍ക്കും നന്ദി രേഖപ്പെടത്തി.

ദേശീയതലത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നരേന്ദ്രമോഡി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ്സിനാണ് സാധ്യത എന്ന ധാരണയില്‍നിന്ന് കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പൊതുവെ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് യുഡിഎഫിന് 12 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത്. യു.ഡി.എഫിന് അഭിമാനിക്കാന്‍ കഴിയുന്ന വിജയമല്ല. 2004-ല്‍ ലഭിച്ച 16 സീറ്റിനേക്കാള്‍ ഒരു സീറ്റ് എങ്കിലും അധികം നേടും എന്ന് പ്രഖ്യാപിച്ചുനടന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ ഫലമാണ് ഉണ്ടായത്. 2009-ല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളില്‍ അവരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

എന്നാല്‍, എല്‍ഡിഎഫ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേടേണ്ടിയിരുന്ന വിജയം എന്തുകൊണ്ട് ഉണ്ടായില്ല എന്ന കാര്യം പ്രത്യേകം പരിശോധിക്കുന്നതാണ്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്നും പത്രകുറിപ്പില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment