Sunday, May 18, 2014

വയനാട് ജില്ല എല്‍ഡിഎഫിനൊപ്പം

കല്‍പ്പറ്റ:അഴിമതിക്കും ജനവഞ്ചനക്കുമെതിരെ വിധിയെഴുതി വയനാട് ജില്ല ചരിത്രം തിരുത്തി.16ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നാണ് വയനാട്ടുകാര്‍ ജനാധിപത്യ അവകാശം കൃത്യമായി വിനിയോഗിച്ചത്. മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയത്. മാനന്തവാടിയില്‍ 8666 വോട്ടിന്റെയും ബത്തേരിയില്‍ 8983 വോട്ടിന്റെയും ഭൂരിപക്ഷമാണ് സത്യന്‍മൊകേരിക്ക് ലഭിച്ചത്.കല്‍പ്പറ്റയില്‍ കേവലം 1880 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാനവാസിന് കിട്ടിയത്. 2009ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ പല യുഡിഎഫ് കോട്ടകളിലും ഷാനവാസിന് ശക്തമായ തിരിച്ചടി കിട്ടി.

കഴിഞ്ഞ തവണ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും പതിനായിരത്തിലധികം വോട്ടുമായി ലീഡ് ചെയ്ത ഷാനവാസിന് പക്ഷേ ഇക്കുറി ഞാണിന്മേല്‍ കളിയായിരുന്നു. തുടക്കത്തില്‍ ആറായിരം വോട്ടിന്റെ ലീഡ് നേടിയ ഷാനവാസ് തുടര്‍ന്ന് പിന്നോട്ട് പോയി. പകുതി വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ഷാനവാസിന്റെ ലീഡ് കുത്തനെ ഇടിഞ്ഞു. സത്യന്‍മൊകേരി മുന്നിലെത്തി.52.73 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞതോടെ 264 വോട്ടിന് സത്യന്‍മൊകേരി മുന്നിലെത്തി.53.76 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 1307 വോട്ടിന് ലീഡ് തുടര്‍ന്നെങ്കിലും പിന്നീട് ഷാനവാസ് ഭൂരിപക്ഷത്തിലെത്തുകയായിരുന്നു.ആകെ പോള്‍ ചെയ്ത 914015 വോട്ടുകളില്‍ 3,77,035 വോട്ട് ഷാനവാസിന് ലഭിച്ചപ്പോള്‍ 356165 വോട്ടാണ് സത്യന്‍മൊകേരിക്ക് കിട്ടിയത്. കഴിഞ്ഞ തവണ 823891 പേര്‍ വിധി നിര്‍ണയിച്ചപ്പോള്‍ 410703 വോട്ടാണ് ഷാനവാസിന് ലഭിച്ചത്. ഏറെ വിയര്‍ത്തെങ്കിലും കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ ജാള്യത യുഡിഎഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നതാണ് ഇത്തവണ 20870 ആയി കുറഞ്ഞത്. കഴിഞ്ഞ തവണ 49 ശതമാനം വോട്ടുകളാണ് ഷാനവാസിന് കിട്ടിയത്. ഇക്കുറി 41.25 ശതമാനമായി കുറഞ്ഞു. അതേ സമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന് 98,901 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. യുഡിഎഫിന് 33,668 വോട്ടുകള്‍ കുറഞ്ഞു. 2009ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് നിയമസഭ തെരഞ്ഞെടുപ്പില്‍ 1,32,834 ആയി കുറഞ്ഞു. 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വീണ്ടും 20,870 ആയി കുറഞ്ഞു. അതേ സമയം എല്‍ഡിഎഫിന് വോട്ടുകള്‍ കൂടി വരുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ ലോക സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2,57,264 വോട്ടുകളാണ് കിട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അത് 3,27,684 ആയി വര്‍ദ്ധിച്ചു. 2014ലെ ലോകസഭതെരഞ്ഞെടുപ്പില്‍ 3,56,165 വോട്ട് ലഭിച്ചു. തങ്ങളുടെ ശക്തി ദുര്‍ഗമായി യുഡിഎഫ് കണക്കാക്കുന്ന വയനാട്ടില്‍ യുഡിഎഫിന്റെ അടിത്തറ ഇളകുന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ 62996 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. ഈ തെരഞ്ഞെടുപ്പില്‍ അത് 47619 ആയി കുറഞ്ഞു.അതായത് മാനന്തവാടിയില്‍ 15377 വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞു. ബത്തേരിയില്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 71509 വോട്ട് കിട്ടിയത് ഇത്തവണ 54182 ആയി കുറഞ്ഞു. കുറഞ്ഞത് 17327 വോട്ടുകള്‍. കല്‍പ്പറ്റയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 67018 വോട്ട് കിട്ടിയത് ഇത്തവണ 53383 ആയി കുറഞ്ഞു.അതായത് കുറഞ്ഞത് 13635 വോട്ടുകള്‍.ആകെ 46339 വോട്ട് വയനാട്ടില്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ട സ്ഥാനാര്‍ത്ഥിയാണ് ഷാനവാസ്. എം പി ആയി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഷാനവാസിന് തക്ക തിരിച്ചടി നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വയനാട്ടുകാര്‍.

ജില്ലയില്‍ 17 പഞ്ചായത്തിലും നഗരസഭയിലും എല്‍ഡിഎഫ്

കല്‍പ്പറ്റ: ജില്ലയില്‍ ആകെയുള്ള 25 പഞ്ചായത്തില്‍ 17 ഇടത്തും കല്‍പ്പറ്റ നഗരസഭയിലും എല്‍ഡിഎഫ് മുന്നിലെത്തി. മനന്തവാടി നിയോജകമണ്ഡലത്തില്‍ വെള്ളമുണ്ട ഒഴികയുള്ള മുഴുവന്‍ പഞ്ചായത്തുകളിലും സത്യന്‍ മെകോരി മുന്നിലെത്തി. യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ പനമരം, തവിഞ്ഞാല്‍ പഞ്ചായത്തുകളിലും ഷാനവാസ് പിറകിലായി. ബത്തേരി മണ്ഡലത്തില്‍ മുള്ളന്‍കൊല്ലിയിലൊഴികെ മുഴുവന്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ലീഡ് ചെയ്തു. കുറഞ്ഞ വോട്ടിന് മുള്ളന്‍കൊല്ലുയില്‍ ഷാനവാസ് മുന്നിലായി. കല്‍പ്പറ്റ മണ്ഡലത്തില്‍ വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലും എല്‍ഡിഎഫായിരുന്നു മുന്നില്‍. ജില്ലയില്‍ ആകെ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണമുള്ളത്. ഇവിടെ മുന്നേറ്റം നിലനിര്‍ത്താനും മറ്റു 14 പഞ്ചായത്തുകളില്‍ മുന്നിലെത്താനും എല്‍ഡിഎഫനായി. യുഡിഎഫ് ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭയില്‍ ഷാനവാസിനേക്കാള്‍ 805 വോട്ട് സത്യന്‍ മൊകേരി കൂടുതല്‍ നേടി.

സത്യന്‍ മൊകേരിയുടെ അപരന്മാര്‍ അപഹരിച്ചത് 8331 വോട്ട്

കല്‍പ്പറ്റ: സത്യന്‍ മൊകേരിയുടെ അപരന്‍മാര്‍ പിടിച്ചത് 8331 വോട്ട്. സത്യന്‍ താഴെമങ്ങാടും സത്യന്‍ പുത്തന്‍ വീട്ടിലുമായിരുന്നു സത്യന്‍മൊകേരിയുടെ അപരന്‍മാര്‍. ഇവന്‍ നേടിയ വോട്ടുകള്‍ സത്യന്‍മൊകേരിയുടെ വിജയം തടഞ്ഞു. സത്യന്‍ താഴെമങ്ങാട് 5,476 വോട്ടും സത്യന്‍ പുത്തന്‍വീട്ടില്‍ 2,855 വോട്ടുമാണ് നേടിയത്. സത്യന്‍ താഴെമങ്ങാടിന് കല്‍പ്പറ്റ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 1005 വോട്ട്. ബത്തേരി-886, മാനന്തവാടി-763, തിരുവമ്പാടി-506, ഏറനാട്-861, നിലമ്പൂര്‍-682, വണ്ടൂര്‍-771 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ നേടിയ വോട്ട്. സത്യന്‍ പുത്തന്‍വീട്ടിലിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കല്‍പ്പറ്റ മണ്ഡലത്തിലാണ്. 517 വോട്ട്. മാനന്തവാടി-409, ബത്തേരി-455, തിരുവമ്പാടി-219, ഏറനാട്-411, നിലമ്പൂര്‍-361, വണ്ടൂര്‍-483 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളിലെ വോട്ടുനില.

വിജയത്തിലും തോറ്റ് യുഡിഎഫ്

കല്‍പ്പറ്റ: എംഐ ഷാനവാസിന്റെ നേരിയ വിജയം യുഡിഎഫ് ക്യാമ്പില്‍ ഉണര്‍വ് ഉണ്ടാക്കിയില്ല. 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തില്‍നിന്നും 20,870 വോട്ടിലേക്കുള്ള പതനം കോണ്‍ഗ്രസിനെ നടുക്കി. ഭരണവിരുദ്ധ-സ്ഥാനാര്‍ഥി വിരുദ്ധ വികാരം എത്രയുണ്ടായാലും കുറഞ്ഞത് 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള രാഷ്ട്രിയ ബലം വയനാട് മണ്ഡലത്തില്‍ല്‍ തങ്ങള്‍ക്കുണ്ടെന്നായിരുന്നു വോട്ടെട്ടുപ്പിന് ശേഷം യുഡിഎഫ് നേതാക്കള്‍ പറഞ്ഞതും പ്രതീക്ഷിച്ചതും. ഇതാണ് ഫലപ്രഖ്യാപനത്തോടെ അപ്രസക്തമായത്. ജില്ലയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനങ്ങള്‍ പേരിന് മാത്രമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളില്‍നിന്നും വിട്ടുനിന്നു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പ്രകടനങ്ങളുമായെത്തിയത്. ഇതും നിറം മങ്ങിയതായിരുന്നു. ദേശീയതലത്തിലെ തിരിച്ചടിക്കൊപ്പം മണ്ഡലത്തിലെ തകര്‍ച്ചയും കോണ്‍ഗ്രസിനെ തളര്‍ത്തി.

deshabhimani

No comments:

Post a Comment