Sunday, May 18, 2014

വടകരയില്‍ യുഡിഎഫിന് നിറംകെട്ട ജയം

വടകര മണ്ഡലത്തിലെ വിജയത്തില്‍ ആഹ്ലാദിക്കാനും അഭിമാനിക്കാനുമാവാതെ യുഡിഎഫും മുല്ലപ്പള്ളി രാമചന്ദ്രനും. കൊലപാതക രാഷ്ട്രീയമുയര്‍ത്തി എല്‍ഡിഎഫിനെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ആസ്ഥാനമായിരുന്നു വടകര. ചന്ദ്രശേഖരന്റെ കൊലയുടെ കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെച്ച് നെറികെട്ട പ്രചാരണവുമുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ എന്‍ ഷംസീറിനെതിരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന അപവാദപ്രചാരണമുണ്ടായി. മാര്‍ക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയസംഘങ്ങളും കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്തുണ്ടായി. എന്നാല്‍ ഈ നീചപ്രചാരണങ്ങള്‍ അതിജീവിച്ച് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ ഇടതുമുന്നണിക്കായെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ്ഫലം

.രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനസ്വാധീനം തകര്‍ന്നിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഷംസീറിന് കിട്ടിയ വോട്ട്. 2009-ലേതിനേക്കാളും 48,104 വോട്ടുകള്‍ ഇത്തവണ വര്‍ധിച്ചു. എല്ലാ നിയമസഭാ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേതിലും കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടിനാണ് മുല്ലപ്പള്ളി വിജയിച്ചത്. ചന്ദ്രശേഖരന്‍ 21,833 വോട്ടും കൈക്കലാക്കി. ഇത്തവണ യുഡിഎഫിന് 4776 വോട്ട് കുറഞ്ഞു. ഭൂരിപക്ഷം: 3306 വോട്ടെയുള്ളൂ. ചന്ദ്രശേഖരന്റെ കൊലക്കുശേഷമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്.

കൊലയുടെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിരുദ്ധശക്തികള്‍ ജനകീയകോടതിയില്‍ കനത്ത പ്രഹരം കാത്തിരിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ടും ജനകീയപിന്‍ബലവും ചോര്‍ന്നിട്ടില്ലെന്ന് എല്‍ഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിച്ചതില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ 56,186 വോട്ടിനായിരുന്നു വിജയിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിരാശയാണ് സമ്മാനിച്ചത്. എല്‍ഡിഎഫിന്റെ യുവനേതാവ് അഡ്വ. എ എന്‍ ഷംസീര്‍ കേന്ദ്രസഹമന്ത്രിയായ കോണ്‍ഗ്രസ് നേതാവിനെ ശരിക്കും വിറപ്പിച്ചശേഷമാണ് ചെറിയവോട്ടിന് പരാജയപ്പെട്ടത്. പഴയ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് മൂവായിരത്തിലെത്തി. ഷംസീറിനെതിരെ നിര്‍ത്തിയ അപരന്‍ മൂവായിരത്തോളം വോട്ട് പിടിച്ചുവെന്നത്കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന്റെ മാറ്റ് വീണ്ടും ഇടിയുന്നു. അപരന്റെ സഹായത്തിലുമാണ് മുല്ലപ്പള്ളി കയറിപ്പറ്റിയതെന്നും വ്യക്തം.

സിപിഐ എം വിരുദ്ധ പ്രചാരണം വടകരയില്‍ നിഷ്ഫലമായി

വടകര: ചന്ദ്രശേഖരന്റെ കൊലപാതകമുയര്‍ത്തി സിപിഐ എമ്മിനെതിരെ കടുത്ത പ്രചാരണം സംഘടിപ്പിച്ച വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ആര്‍എംപി മത്സരിച്ചിട്ടും ചലനമുണ്ടാക്കിയില്ല. സിപിഐ എം നേതാക്കളെ വേട്ടയാടാന്‍ സിബിഐ അന്വേഷണ ആവശ്യമടക്കം തെരഞ്ഞെടുപ്പുവേളയിലുയര്‍ത്തി. യുഡിഎഫിന്റെയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും താങ്ങിലായിരുന്നു മാര്‍ക്സിസ്റ്റ്വിരുദ്ധശക്തികളുടെ അപവാദങ്ങള്‍. അതൊന്നും ജനമനസ്സ് സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞതവണ മുല്ലപ്പള്ളിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ജയത്തില്‍ ആഹ്ലാദിക്കയുംചെയ്ത ആര്‍എംപിയെ ജനം തിരസ്കരിച്ചുവെന്നതാണ് വിധിയെഴുത്ത് നല്‍കുന്ന സൂചന. വടകരയില്‍ 17,229 വോട്ടാണ് ആര്‍എംപി സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്ക് കിട്ടിയത്. 2009ല്‍ ചന്ദ്രശേഖരന് ലഭിച്ചത് 21,833 വോട്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണയിലാണ് ഇക്കുറി മത്സരിച്ചത്. എന്നിട്ടും 4604 വോട്ട് കുറഞ്ഞു. ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ മരിച്ചയാള്‍ക്കാണ് ശക്തിയും പ്രാധാന്യവുമെന്നും പ്രചരിപ്പിച്ചിരുന്നു. ചന്ദ്രശേഖരന്റെ കൊലയാളികളെന്ന് മുദ്രകുത്തി സിപിഐ എമ്മിനും സ്ഥാനാര്‍ഥി ഷംസീറിനുമെതിരെ ദുഷ്പ്രചാരണവും നടത്തി. എല്‍ഡിഎഫിന്റെ വോട്ട് ഇത്തവണ 2009ലേതിനേക്കാളും 48,104 വോട്ട് വര്‍ധിച്ചു. എല്ലാ നിയമസഭാ മണ്ഡലത്തിലും വോട്ട് കൂടി. കഴിഞ്ഞതവണ അരലക്ഷത്തിലേറെ വോട്ടിനാണ് മുല്ലപ്പള്ളി ജയിച്ചത്.

തലശേരിയില്‍ ഷംസീറിന് 23,039 വോട്ടിന്റെ മുന്‍തൂക്കം

കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ തലശേരിയിലും കൂത്തുപറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചു. തലശേരിയില്‍ എ എന്‍ ഷംസീര്‍ 23,039 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി. ആകെ 1,24,214 വോട്ട് പോള്‍ ചെയ്തപ്പോള്‍ എ എന്‍ ഷംസീര്‍ 64,404 വോട്ട് നേടി. യുഡിഎഫ് 41,365 വോട്ടും ബിജെപി 11,780 വോട്ടും നേടി. നോട്ടക്ക് 824 വോട്ടും ആം ആദ്മിക്ക് 1070 വോട്ടും ലഭിച്ചു. കൂത്തുപറമ്പില്‍ എ എന്‍ ഷംസീര്‍ 4725 വോട്ടിന്റെ ലീഡ് നേടി. 59,486 വോട്ട് ഷംസീറിന് ലഭിച്ചപ്പോള്‍ മുല്ലപ്പള്ളിക്ക് 54,761 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ആകെ 1,34,901 വോട്ടാണ് ഇവിടെ പോള്‍ ചെയ്തത്. ബിജെപിക്ക് ഇവിടെ 14,774 വോട്ടും ആംആദ്മിക്ക് 643 വോട്ടും നോട്ടക്ക് 739 വോട്ടും ലഭിച്ചു. വടകര നിയമസഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് 57,656 വോട്ടാണ് ലഭിച്ചത്. എ എന്‍ ഷംസീറിന് 42,315 വോട്ട് ലഭിച്ചു. 15,341 വോട്ടിന്റെ ലീഡാണ് മുല്ലപ്പള്ളിക്ക് വടകരയിലുള്ളത്. നിഷേധ വോട്ടായ നോട്ടക്ക് 737 വോട്ട് ലഭിച്ചു. ആം ആദ്മി പാര്‍ടിക്ക് 712 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് 9061 വോട്ട് ലഭിച്ചു. ആകെ 1,21,909 വോട്ടാണ് ഇവിടെ പോള്‍ ചെയ്തിരുന്നത്.

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് 6642 വോട്ടിന്റെ ലീഡ് നേടി. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുല്ലപ്പള്ളിക്ക് 62,371 വോട്ടാണ് ഇവിടെ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിന് 55,745 വോട്ട് ലഭിച്ചു. നോട്ടക്ക് 1215 വോട്ടും ആം ആദ്മി പാര്‍ടിക്ക് 1456 വോട്ടും ലഭിച്ചു. ആകെ 1,38,942 വോട്ടാണ് ഇവിടെ പോള്‍ ചെയ്തത്. നാദാപുരം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ 66,356 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 68,103 വോട്ടും നേടി. 1747 വോട്ടിന്റെ ലീഡാണ് യുഡിഎഫിന് നാദാപുരത്തുള്ളത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന്‍ 9107 വോട്ട് നേടി. നോട്ടക്ക് 847 വോട്ടും ആം ആദ്മിക്ക് 843 വോട്ടും ലഭിച്ചു. ആകെ 1,51,505 വോട്ടാണ് ഇവിടെ പോള്‍ ചെയ്തത്. 1,44,625 വോട്ട് പോള്‍ ചെയ്ത കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് 6265 വോട്ടിന്റെ ലീഡുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന് 68,177 വോട്ട് ലഭിച്ചു. എ എന്‍ ഷംസീറിന് 61,912 വോട്ടും ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന് 8087 വോട്ടും ആം ആദ്മിക്ക് 622 വോട്ടും നോട്ടക്ക് 707 വോട്ടും ലഭിച്ചു.പേരാമ്പ്രയില്‍ എല്‍ഡിഎഫ് 61837 വോട്ടും യുഡിഎഫ് 63012 വോട്ടും നേടി. യുഡിഎഫിന് 1525 വോട്ടിന്റെ ഭൂരിപക്ഷമാണ് പേരാമ്പ്രയിലുള്ളത്.

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന് 68,747 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന് 69,414 വോട്ടും ലഭിച്ചു. യുഡിഎഫിന് 667 വോട്ടിന്റെ മുന്‍തൂക്കം. എലത്തൂരില്‍ എല്‍ഡിഎഫിന് 63,241ഉം യുഡിഎഫിന് 57,792ഉം വോട്ട് കിട്ടി. എല്‍ഡിഎഫ് 5449 വോട്ട് മുന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ 1599 യുഡിഎഫിനാണ് വോട്ടിന്റെ മുന്‍തൂക്കം. യുഡിഎഫിന് 47,899ഉം എല്‍ഡിഎഫിന് 46,300 വോട്ടും ലഭിച്ചു. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് 39,912 വോട്ടും യുഡിഎഫ് 45,128 വോട്ടും നേടി. 5216 വോട്ടിന് യുഡിഎഫ് മുന്നിലെത്തി. ബേപ്പൂരില്‍ എല്‍ഡിഎഫ്-54,896, യുഡിഎഫ്-53,128 എന്നിങ്ങനെയാണ് വോട്ടിങ് നില. 1768 വോട്ട് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു. കുന്നമംഗലത്ത് എല്‍ഡിഎഫ് 64,584 വോട്ടും യുഡിഎഫ് 64,364 വോട്ടും നേടിയപ്പോള്‍ 220 വോട്ടിന്റെ നേട്ടം എല്‍ഡിഎഫിനുണ്ടായി. കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ 41,895 വോട്ടിനെതിരെ 58,494 വോട്ട് നേടി യുഡിഎഫ് 16,599ന്റെ ഭൂരിപക്ഷം നേടി.

മുല്ലപ്പള്ളിയുടെ ജയം "അപരന്റെ" തുണയില്‍

കോഴിക്കോട്: വടകരയില്‍ മുല്ലപ്പള്ളിയുടെ ജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിന്റെ അപരന്‍ ഷംസീര്‍ അപഹരിച്ച വോട്ടിന്റെ പിന്‍ബലത്തില്‍. വടകരയില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിന്റെ അപരന്‍ എ പി ഷംസീര്‍ നേടി. 3485 വോട്ടാണ് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്‍ തട്ടിയെടുത്തത്. ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലുമായി സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ അപഹരിച്ചത് 10,293 വോട്ടാണ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എ വിജയരാഘവന്റെ അപരന്മാര്‍ 4656 വോട്ട് നേടി. എം വിജയരാഘവന് 2665 വോട്ടും കെ വിജയരാഘവന് 1991 വോട്ടും ലഭിച്ചു. എം കെ രാഘവന്റെ അപരന്‍ എം രാഘവന്‍ 2331 വോട്ട് നേടി. നിഷേധ വോട്ടായ നോട്ടയ്ക്ക് കോഴിക്കോട് മണ്ഡലത്തില്‍ 6381ഉം വടകരയില്‍ 6107ഉം വോട്ടും ലഭിച്ചു. ആദ്യമായി മത്സരരംഗത്തെത്തിയ ആം ആദ്മി പാര്‍ടിക്ക് കോഴിക്കോട്ട് 13,934ഉം വടകരയില്‍ 6245 വോട്ടും കരസ്ഥമാക്കി. എസ്ഡിപിഐ കോഴിക്കോട്ട് 10,597ഉം വടകരയില്‍ 15,058 വോട്ടും നേടി.

ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് അക്രമം

കോഴിക്കോട്: ആഹ്ലാദ പ്രകടനത്തിനിടെ പല സ്ഥലങ്ങളിലും യുഡിഎഫ് അക്രമം. മുണ്ടിക്കല്‍ താഴത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന വീട്ടുമുറ്റത്തേയ്ക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പടക്കം കത്തിച്ചെറിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. സിപിഐ എം മെഡിക്കല്‍ കോളേജ് ലോക്കല്‍ കമ്മിറ്റിയംഗം കറ്റേടത്ത് കോയയുടെ വീട്ടുമുറ്റത്തേയ്ക്കാണ് പടക്കമെറിഞ്ഞത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് കുട്ടികള്‍ നിലവിളിച്ചോടി. ലീഗ് പ്രവര്‍ത്തകരായ ചോലയില്‍ സാജിത് റഹ്മാന്‍, കുറ്റിപ്പുറത്തുകണ്ടി മനാഫ്, ചാലില്‍ പുറായില്‍ സുഹൈബ്, കിണറുള്ളകണ്ടി ഫിറോസ് എന്നിവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. മൂഴിക്കലില്‍ ആഹ്ലാദ പ്രകടനത്തിനിടെ അക്രമമഴിച്ചുവിടാന്‍ ശ്രമിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. തോപ്പയില്‍ ആഹ്ലാദ പ്രകടനത്തിനിടെ ബൈക്ക് തട്ടിയെന്ന പേരില്‍ യുഡിഎഫുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

deshabhimani

No comments:

Post a Comment