തിരുവനന്തപുരം > മൗനം... നിമിഷങ്ങൾ നീണ്ട നിശ്ശബ്ദത...! ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായ അവർ, എന്ത് പറയണമെന്നറിയാതെ പരസ്‌പരം നോക്കിനിന്നു. 16 വർഷം മുമ്പ്, 2004 ജൂലൈ 18ന് ആർഎസ്‌എസ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ പാലോട് ജവഹർ കോളനിയിലെ ദിൽഷാദിന്റെ സഹോദരിമാർ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും വീടുകളിലെത്തിയത്, ജ്വലിക്കുന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു. ജവഹർ കോളനി ജങ്‌ഷനിൽ വെയ്‌റ്റിങ് ഷെഡ് നിർമിക്കുന്നതിനിടെയാണ് ദിൽഷാദിനെ ആർഎസ്‌എസ് അക്രമികൾ വെട്ടിക്കൊന്നത്.
ദിൽഷാദിന്റെ സഹോദരിമാരായ നൂർജഹാനും റഹ്‌മത്തുമാണ് ശനിയാഴ്ച ഹഖിന്റെ കലുങ്കിൻമുഖത്തെയും മിഥിലാജിന്റെ തേവലക്കാട്ടെയും വീടുകളിലെത്തിയത്. വീട്ടിലെത്തിയപ്പോൾ, ഹഖിന്റെ മകൾ ഐറ മടി കൂടാതെ നൂർജഹാന്റെ കൈകളിലെത്തി നിഷ്‌കളങ്കമായ ചിരി തുടങ്ങി. ഒപ്പമുണ്ടായിരുന്ന നൂർജഹാന്റെ മകൾ ഹാജിറയുടെ മൊബൈൽ ഫോൺ കൈയിലെടുത്ത് കളി തുടങ്ങി. ആരെയൊ വിളിക്കുന്നത് പോലെ അവൾ കൊഞ്ചി! അവളുടെ ബാപ്പയെയാകുമോ? ഐറയോട് നാമെന്തു പറയും?.
"കൊല്ലപ്പെടുമ്പോൾ ഹഖിന്റെ അതേ പ്രായമായിരുന്നു ഞങ്ങളുടെ ദിൽഷാദിനും. അഞ്ച് സഹോദരങ്ങളിൽ ഇളയവൻ, ജീവിതം തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. ഒരു തെറ്റും ചെയ്യാത്ത അവനെയാണ് അന്ന് ആർഎസ്‌എസുകാർ കൊന്നത്. ഹഖിന്റെയും മിഥിലാജിന്റെയും കാര്യവും അങ്ങനെ തന്നെ. ഞങ്ങൾ കടന്നുപോയ സാഹചര്യങ്ങൾ മറ്റൊരാൾക്കും ഉണ്ടാകരുതേ എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു. വീണ്ടും അതുതന്നെ സംഭവിച്ചു. എന്നാൽ, 16 വർഷത്തിനുശേഷവും പാർടിയിൽനിന്ന് ലഭിക്കുന്ന പിന്തുണയിൽ അഭിമാനമുണ്ട്. ആ കരുതലാണ് ഒരു പരിധിവരെ പലതും മറക്കാൻ സഹായകരമായത്.'–- ദിൽഷാദിന്റെ മൂത്ത സഹോദരി നൂർജഹാൻ പറഞ്ഞു. മിഥിലാജിന്റെ വീട്ടിലും നൂർജഹാനും റഹ്‌മത്തും പോയി. ബാപ്പയുടെ സന്തതസഹചാരിയായ ബുള്ളറ്റിന് സമീപമായിരുന്നു മിഥിലാജിന്റെ മക്കളായ ഇഹ്‌സാനും ഇർഫാനും അപ്പോൾ.
മറക്കാമോ ചെട്ടിയങ്ങാടിയെ?
1972 സെപ്തംബർ 23ന് തൃശൂർ ചെട്ടിയങ്ങാടിയിലാണ് അഴീക്കോടൻ രാഘവനെ കുത്തിവീഴ്ത്തിയത്. കേരളത്തെയാകെ നടുക്കിയ സംഭവമായിരുന്നു അഴീക്കോടന്റെ രക്തസാക്ഷിത്വം. പാർടി പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ കെഎസ്ആർടിസി സ്‌റ്റാൻഡിൽ ബസിറങ്ങി താമസസ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ്, വിലപ്പെട്ട ആ ജീവൻ കോൺഗ്രസിന്റെ കോടാലിക്കൈ ആയി മാറിയ അതിവിപ്ലവകാരികളുടെ പൊയ്‌മുഖമണിഞ്ഞ കാപാലികർ കവർന്നെടുത്തത്.
ഉന്നതനേതാക്കളെയും വകവരുത്തി
രാഷ്‌ട്രീയ വൈരത്താൽ സിപിഐ എമ്മിന്റെ എംഎൽഎയെ വരെ വെടിവച്ചു കൊലപ്പെടുത്തിയ പാരമ്പര്യമാണ് കോൺഗ്രസിന്റേത്. ഏറനാട് എംഎൽഎയും സിപിഐ എം നേതാവുമായ കെ കുഞ്ഞാലിയെ, 1969 ജൂലൈ 26ന് കാളികാവ് ചുള്ളിയോട് ഐഎൻടിയുസി ഓഫീസിൽ നിന്ന് വെടിയുതിർത്ത് കൊന്നത്.
കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ രണ്ടുതവണ എംഎൽഎ ആയതിന്റെ പകയായിരുന്നു കൊലയ്‌ക്ക് കാരണം. മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദായിരുന്നു ഒന്നാം പ്രതി. ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് കുഞ്ഞാലി പൊലീസിനും നിലമ്പൂർ ഗവ. ആശുപത്രിയിലെ ഡോക്ടർമാർക്കും നൽകിയ മൊഴിയിലുണ്ട്. എന്നാൽ, കോടതി ആര്യാടനെ വെറുതെ വിട്ടു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ ക്വട്ടേഷൻ കൊലപാതകമായിരുന്നു കുഞ്ഞാലിയുടേത്. ഏറനാട്ടിലെ വിപ്ലവപ്രസ്ഥാനത്തിന്റെ സമുന്നതനും ഊർജസ്വലനുമായ നേതാവായിരുന്നു കുഞ്ഞാലി. തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം പോരാടി. ചുള്ളിയോട് പാർടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സിപിഐ എം ഓഫീസിൽനിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് നിറയൊഴിച്ചത്. ചികിത്സയിലിരിക്കെ 28ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചു.
‘വെടിവച്ച് ഇട്ടിട്ടുണ്ട് ഒരുത്തനെ’
‘‘ഒരുത്തനെ വെടിവച്ചിട്ടിട്ടാണ് ഞാൻ വരുന്നത്’’–- നാടിനെ ഞെട്ടിച്ച ആ വാക്കുകൾ മട്ടന്നൂരുകാരുടെയും വാസുവിന്റെ വീട്ടുകാരുടെയും കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. പാവം കർഷകത്തൊഴിലാളിയെ നിഷ്‌കരുണം വെടിവച്ചുകൊന്ന ‘വീരകൃത്യം’ കോൺഗ്രസ് നേതാവ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചതിങ്ങനെ!.
രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്തും ചെയ്യുന്ന കോൺഗ്രസ് ക്രിമിനൽ രാഷ്‌ട്രീയത്തിന്റെ ഇരയായിരുന്നു മട്ടന്നൂർ പുലിയങ്ങോട്ടെ നാൽപ്പാടി വാസു. കെ സുധാകരനും സംഘവും നടത്തിയ ജാഥയുടെ മറവിൽ 1993 മാർച്ച് നാലിനാണ് നാൽപ്പാടി വാസുവിനെ പട്ടാപ്പകൽ വെടിവച്ചുകൊന്നത്.
ഗൺമാന്മാരും ക്രിമിനൽസംഘാംഗങ്ങളും മാത്രമുള്ള വാഹനവ്യൂഹവുമായായിരുന്നു സുധാകരന്റെ ജാഥ. രണ്ടു വാഹനം നിറയെ പൊലീസുകാരും. സുധാകരനും അനുയായികളും പൊലീസിനെ അറിയിക്കാതെ റൂട്ട് മാറ്റി.
കോൺഗ്രസിന് സ്വാധീനമില്ലാത്ത, ജാഥയുടെ പോസ്‌റ്റർപോലും പതിക്കാത്ത റൂട്ടിലൂടെ കടന്നുപോകുന്നതിനിടെ, പുലിയങ്ങോട് ഇടവേലിക്കലെ കടയിലിരുന്ന് ആംഗ്യം കാണിച്ചുവെന്ന് ആരോപിച്ചാണ് ആക്രമം തുടങ്ങിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാസുവിനെ സുധാകരന്റെ ഗൺമാൻ പിന്നാലെചെന്ന് വെടിവച്ചു. തോക്കുവാങ്ങി സുധാകരൻതന്നെയാണ് നിറയൊഴിച്ചതെന്നും ആരോപണമുയർന്നു. കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ഒടുവിൽ അന്നത്തെ കരുണാകരൻ സർക്കാർ സുധാകരനെ രക്ഷപ്പെടുത്തി.
സിപിഐ എം ഇടവേലി ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്നു വാസു. ഒരാളോടും കയർത്ത് സംസാരിക്കുക പോലും ചെയ്യാത്ത പ്രകൃതം. ‘‘27 വർഷം കഴിഞ്ഞു; ഇപ്പോൾ. നിയമത്തിന്റെ കൈയിൽനിന്ന് അവർ രക്ഷപ്പെട്ടിരിക്കാം. പക്ഷേ, ഈ നാട് അവർക്ക് ഒരിക്കലും മാപ്പു നൽകില്ല’’–- നാൽപ്പാടി വാസുവിന്റെ അനുജൻ രാജൻ പറഞ്ഞു.
ബ്രിട്ടോ...
കെഎസ്‌യുവിന്റെ കഠാര രാഷ്‌ട്രീയത്തിന് ഇരയായ സൈമൺ ബ്രിട്ടോ, മൂന്നുപതിറ്റാണ്ടിലേറെ നീണ്ട തന്റെ ശിഷ്ടജീവിതം നയിച്ചത് ചക്രക്കസേരയിലാണ്. 1983 ഒക്‌ടോബർ 14നാണ് അദ്ദേഹം കെഎസ്‌യു ക്രിമിനൽസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
കെഎസ്‌യുക്കാരുടെ ക്രൂര മർദ്ദനത്തിന് ഇരയായി എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ എസ്‌എഫ്‌ഐ പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു നേതാവായ ജിയോ മാത്യുവാണ് അദ്ദേഹത്തെ കുത്തിവീഴ്ത്തിയത്. എൽഎൽബി വിദ്യാർഥിയായിരുന്ന സൈമൺ ബ്രിട്ടോ അന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്. നട്ടെല്ലിന് കുത്തേറ്റ് ബ്രിട്ടോയുടെ ശരീരം അരയ്ക്കുതാഴെ തളർന്നു. തുടർന്നും ആ ജീവിതം മലയാളിക്ക് മേൽ നിശ്‌ചയധാർഢ്യത്തിന്റെ മഹാപ്രവാഹമായി നിലകൊണ്ടു.
അശ്വതി ജയശ്രീ
ഒന്നാം ഭാഗം: മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്
രണ്ടാം ഭാഗം: എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത
നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും
അഞ്ചാം ഭാഗം: രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ബാലന്റെ ജീവനായി അഷ്‌റഫ്
ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.?
ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും
No comments:
Post a Comment