കേരളത്തിൽ കോൺഗ്രസ് നരാധമന്മാർ വെട്ടിപ്പിളർന്നും ചുട്ടെരിച്ചും നെഞ്ചിൽ കഠാര കുത്തിയിറക്കിയും വെടിവച്ചും കൊന്നൊടുക്കിയത് 134 സിപിഐ എം പ്രവർത്തകരെ. ഇതിൽ മൂന്നുപേരെ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെയാണ് കോൺഗ്രസ് നേതാക്കൾ ആസൂത്രിതമായി കൊന്നു തള്ളിയത്.
ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും രാജാധികാരത്തിനുമെതിരെ പ്രക്ഷോഭം നയിച്ചതിന് അധികാരവർഗത്തിന്റെ കിങ്കരന്മാരും ഗുണ്ടകളുമായിനിന്ന് കോൺഗ്രസുകാർ കൊന്നുതള്ളിയ എണ്ണമറ്റ കമ്യൂണിസ്‌റ്റുകാർക്ക് പുറമെയാണ് ഐക്യകേരളത്തിൽ കോൺഗ്രസുകാർ ഇത്രയും സിപിഐ എം പ്രവർത്തകരുടെ ജീവൻ കവർന്നത്.
വർഗീയവാദികളുമായി ചേർന്നും നിരവധി പേരുടെ ജീവനെടുത്തു. നൂറുകണക്കിന് പേരെ ജീവച്ഛവമാക്കി. കൊത്തിനുറുക്കപ്പെട്ട ശരീരവുമായി മനക്കരുത്തിന്റെ ബലത്തിൽ മാത്രമാണ് ആ സഖാക്കൾ ഇന്നും ജീവിക്കുന്നത്.
പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഴീക്കോടൻ രാഘവൻ മുതൽ പാർടി അനുഭാവികൾക്ക് വരെ ജീവൻ നഷ്ടമായി. ഭൂരിപക്ഷം പേരെയും കുത്തിയും വെട്ടിയും ബോംബെറിഞ്ഞും കൊന്നുതള്ളുകയായിരുന്നു. ഓണനാളിലും വിഷുപ്പുലരിയിലും മറ്റ് ആഘോഷാവസരങ്ങളിലും ഉറ്റവരോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ പിടിച്ചിറക്കികൊണ്ടുപോയാണ് 15 സഖാക്കളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കിയത്. ഒമ്പതുപേരെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. ഏറ്റവും കൂടുതൽ സഖാക്കളുടെ ജീവൻ കോൺഗ്രസ് കൊലക്കത്തിക്ക് ഇരയായത് തൃശൂർ ജില്ലയിലാണ്. 17 പേർ. പാലക്കാട് 15 പേരെ കൊലപ്പെടുത്തി.
മറക്കാമോ; സിഖ് കൂട്ടക്കൊല
1984 ൽ കോൺഗ്രസ് നേതൃത്വത്തിൽ അരങ്ങേറിയ സിഖ് വംശഹത്യ രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടകുരുതികളിലൊന്നാണ്. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലുമായി സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് സിഖുകാരെ കോൺഗ്രസുകാർ കൊലചെയ്‌തു. സിഖ് അംഗരക്ഷകരാൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പകരംവീട്ടലായിരുന്നു അത്. അന്ന് യുവനേതാക്കളായിരുന്ന കമൽനാഥ്, സജ്ജൻ കുമാർ, ജഗദീഷ് ടൈറ്റ്‌ലർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സിഖ് വേട്ട. ഡൽഹിയിൽ മാത്രം 2733 സിഖുകാർ കൊലചെയ്യപ്പെട്ടു. യഥാർഥ മരണക്കണക്ക് ഇതിന്റെ പലമടങ്ങ് വരും.
വിങ്ങലായി ഇന്നും സഫ്‌ദർ
തെരുവുനാടകങ്ങളിലൂടെ ചൂഷിതരുടെയും മർദിതരുടെയും ശബ്‌ദമായി മാറിയ സഫ്‌ദർ ഹാഷ്‌മിയെ 1989 ലെ പുതുവർഷദിനത്തിൽ കൊടിയ മർദനത്തിലൂടെ നിശബ്‌ദനാക്കിയതും കോൺഗ്രസുകാർ. ഡൽഹിയോട് ചേർന്നുള്ള സാഹിബാബാദിലെ ഝണ്ടാപ്പുരിൽ തെരുവുനാടകത്തിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആയുധങ്ങളുമായി ചീറിയടുത്തത്. അക്രമികളെ കാര്യം പറഞ്ഞ് പിന്തിരിപ്പിക്കാൻ സഫ്‌ദർ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ സഫ്‌ദർ അടുത്ത ദിവസം മരിച്ചു. 34 വയസ്സുമാത്രമായിരുന്നു സഫ്‌ദറിനപ്പോൾ.
തന്തൂരി കോൺഗ്രസ്
1995 ജൂലൈ രണ്ട് രാത്രി. ഡൽഹിയിലെ അശോകാറോഡിൽ സഹപ്രവർത്തകനായ ചന്ദർപാലുമൊത്ത് രാത്രി പട്രോളിങ്ങിലായിരുന്നു മലയാളിയായ കോൺസ്‌റ്റബിൾ അബ്‌ദുൾനസീർ കുഞ്ഞ്. പഞ്ചനക്ഷത്ര ഹോട്ടലായ അശോക് യാത്രിനിവാസിലെ ബാഗിയ റെസ്‌റ്റോറന്റിൽ നിന്ന് വലിയതോതിൽ പുക ഉയരുന്നത് കണ്ട കുഞ്ഞ് ബൈക്ക് നിർത്തി കാര്യം അന്വേഷിച്ചു. പഴയ കോൺഗ്രസ് പതാകകൾ തണ്ടൂരി അടുപ്പിൽ കൂട്ടത്തോടെ കത്തിക്കുകയാണെന്ന് റെസ്‌റ്റോറന്റ് മാനേജർ കേശവ്‌കുമാർ വിശദീകരിച്ചു. മാംസം കത്തുന്ന മണം വന്നതോടെ അടുപ്പ് പരിശോധിച്ച കുഞ്ഞ് കണ്ടത് തുണിയിൽ പൊതിഞ്ഞ മനുഷ്യശരീരം. പ്രമാദമായ നയന സാഹ്‌നി കൊലക്കേസ് ഇതോടെ ചുരുൾനിവർത്തി. നഗരത്തിലെ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകയാണ് നയന. ഭർത്താവ് സുശീൽ ശർമ്മ ഡൽഹി യൂത്ത്‌കോൺഗ്രസ് പ്രസിഡന്റും എംഎൽഎയും. ശർമ്മയുടെ ഉടമസ്ഥതയിലാണ് ബാഗിയ റെസ്‌റ്റോറന്റ്. മറ്റൊരു കോൺഗ്രസ് പ്രവർത്തകനുമായി ഭാര്യയ്‌ക്ക് ബന്ധമുണ്ടെന്ന് സംശയിച്ച ശർമ്മ നയനയെ വെടിവെച്ച് കൊന്നു. മൃതദേഹം യമുനയിൽ ഒഴുക്കാനായിരുന്നു ആദ്യ പദ്ധതി. അത് പാളിയതോടെയാണ് തന്തൂരി അടുപ്പിൽ കത്തിച്ചത്. പഴയ യൂത്ത്‌കോൺഗ്രസ് നേതാവ് ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്.
ഒന്നാം ഭാഗം: മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്
രണ്ടാം ഭാഗം: എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത
മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും
നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും
അഞ്ചാം ഭാഗം: രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ബാലന്റെ ജീവനായി അഷ്‌റഫ്
ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.?
No comments:
Post a Comment