Monday, September 7, 2020

ഞങ്ങൾ ജീവിക്കും; മക്കളും - ഗാന്ധിജിയുടെ കണ്ണീർ ഭാഗം 4

 ഐറയ്ക്കും വയറ്റിലുള്ള കുഞ്ഞിനും ഞാനേയുള്ളു

അശ്വതി ജയശ്രീ

ജീവിക്കണം... ഐറയ്ക്കും വയറ്റിലുള്ള കുഞ്ഞിനും ഞാനേയുള്ളു. പാതിവഴിയിലായ പഠനം പൂർത്തിയാക്കണം.  ജോലി കണ്ടെത്തണം. ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ല. എല്ലാവർക്കും സഹായം ചെയ്യാൻ ഓടിനടന്ന ഇക്കയെ കൊന്നപ്പോൾ അവർക്ക്‌ എന്താണ്‌ കിട്ടിയത്‌. രക്തം ആവശ്യപ്പെട്ട്‌ ഏത്‌ പാതിരാത്രി വിളിച്ചാലും അവിടെ പാഞ്ഞെത്തുമായിരുന്നു പാവം വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ കൊലയാളികൾ വെട്ടിക്കൊന്ന ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജിലയുടെ വാക്കുകളാണിത്‌.

ഖുറാൻ പാരായണത്തിൽ മുഴുകി കഴിയുകയാണ്‌ അവർ. 21‌ വയസ്സ്‌ മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ ജീവിതത്തിലേക്ക്‌ കൂടിയാണ്‌ കേൺഗ്രസിന്റെ കൊലക്കത്തി നീങ്ങിയത്‌.പ്രണയത്തിനൊടുവിൽ പത്തൊമ്പതാം വയസ്സിലാണ്‌ ഹഖിനൊപ്പം നജില ജീവിതം തുടങ്ങിയത്‌. സന്തോഷം നിറഞ്ഞ ജീവിതം. അപ്പോഴും ബിരുദപഠനം തുടർന്നു.

ഗർഭിണിയായതോടെ അവസാന വർഷ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. ഒരു വയസ്സും ഒരു മാസവുംമാത്രം പ്രായമുള്ള ഐറയുടെ നിഷ്‌കളങ്കമായ ചിരി‌ക്ക്‌ മുന്നിൽ ജീവിതം കരഞ്ഞുതീർക്കാൻ നജിലയ്‌ക്കാകില്ല. ആറുമാസം ഗർഭിണിയായതിനാൽ ഡോക്ടറും മറ്റ്‌ ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പരിശോധന തുടരുന്നുണ്ട്‌.

കൊല്ലാക്കൊല ചെയ്‌തിട്ടും മതിയായില്ലെ?

മിഥിലാജിന്റെ ഭാര്യ നസീഹ, മുറിയിൽ ഏകാന്തമായിരുന്ന്‌ പ്രാർഥനയിലാണ്‌. മക്കളായ ഇഹ്‌സാനോടും ഇർഫാനോടും എന്ത്‌ പറയണമെന്നറിയില്ല. എട്ടു വർഷംമാത്രം നീണ്ട ദാമ്പത്യമാണ്‌ കോൺഗ്രസ്‌ കൊലയാളികൾ ഒറ്റ രാത്രികൊണ്ട്‌ അറുത്ത്‌ മുറിച്ചത്‌.

"കൊന്ന്‌ തള്ളിയിട്ടും അവർക്ക്‌ ഇക്കയോടുള്ള പക തീർന്നിട്ടില്ല. ദിവസവും ഇക്കയെപ്പറ്റി തെറ്റായ കാര്യങ്ങൾ പറഞ്ഞുനടന്ന്‌ ഞങ്ങളെക്കൂടി കൊല്ലാതെ കൊല്ലുകയാണ്‌. ഇതിൽ തളർന്നിരിക്കാനാകില്ല ഉപേക്ഷിച്ച ബിരുദപഠനം പൂർത്തിയാക്കണം, മക്കൾക്കൊപ്പം ജീവിക്കണം’ നസീഹ പറഞ്ഞു. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു മിഥിലാജിന്റെയും നസീഹയുടെയും വിവാഹം.



36 കൊല്ലമായി ഈ അമ്മക്ക്‌ ഓണമില്ല

തിരുവോണനാളിൽ പൊന്നുമകന്റെ ചേതനയറ്റ ശരീരം കണ്ട മുറിവേറ്റ മനസ്സുമായി ആ അമ്മ ഇന്നും ചിറ്റാറിൽ ജിവിക്കുന്നു. അനശ്വര രക്തസാക്ഷി എം എസ് പ്രസാദിന്റെ അമ്മ തങ്കമ്മയാണ്‌ കഴിഞ്ഞ 36 വർഷമായി ഓണമാഘോഷിക്കാതെ തകർന്ന ഹൃദയവുമായി കഴിയുന്നത്‌. തിരുവോണ നാളിൽ രാവിലെ പഠനസ്ഥലത്തു നിന്നും വീട്ടിലെത്തിയ പ്രസാദ് ഉച്ചയൂണിന് വരാം എന്ന് അമ്മയോട്‌ പറഞ്ഞാണ് പുറത്തേക്ക് പോയത്. 1984 സെപ്‌തംബർ ഏഴിലെ തിരുവോണ ദിനമായിരുന്നു അന്ന്. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ‌എന്നീ നിലകളിൽ പ്രവർത്തിച്ച പ്രസാദ് അവധി ദിവസങ്ങളിലാണ് വീട്ടിൽ എത്തിയിരുന്നത്.

ഓണസദ്യ ഒരുക്കി കാത്തിരുന്ന ആ അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരമായിരുന്നു. ചിറ്റാർ ഫോറസ്റ്റ് ഡിപ്പോയിലാണ് പ്രസാദ് ആക്രമിക്കപ്പെട്ടത്.  കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരാണ്‌ ഈ അരുംകാല നടത്തിയത്‌.


ലാല്‍ജിയുടെ കുടുംബത്തോട്‌ എന്തുപറയും

"എന്റെ മോനെ അവര്‍ കൊന്നിട്ട് ഏഴുവർഷം പിന്നിട്ടു, ഇന്നേവരെ ഒറ്റ കോൺഗ്രസ് നേതാവും തിരിഞ്ഞുനോക്കിയിട്ടില്ല', വീട്ടുവരാന്തയില്‍ ഗാന്ധിജി, നെഹ്റു, ഇന്ദിര എന്നിവരുടെ ഫോട്ടോക്കു കീഴിൽ നിന്നുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ ജോർജ് പറഞ്ഞു. അയ്യന്തോളിൽ കൊല്ലപ്പെട്ട കെപിസിസി ന്യൂനപക്ഷ സെൽ ജില്ലാ കൺവീനർ ലാൽജി കൊള്ളന്നൂരിന്റെ അച്ഛൻ ഇപ്പോള്‍ തീര്‍ത്തും ക്ഷീണിതനാണ്. അര്‍ബുദബാധിതന്‍. ലാൽജിയുടെ അമ്മ ഓമനയ്‌ക്ക് വൃക്ക തകരാര്‍, ആഴ്ചയിൽ രണ്ട്‌ ഡയാലിസിസ് വേണം, വിലകൂടിയ മൂന്ന് ഇഞ്ചക്‌ഷൻ വേണം, മരുന്നും.

മൂത്തമകൻ ലാൽജി കൊല്ലപ്പെടുകയും ഇളയമകൻ പ്രേംജി കേസുകളില്‍ കുടുങ്ങുകയും ചെയ്തതോടെ വീടിന്റെ വെളിച്ചമാണ് കെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് കുടിപ്പകയെത്തുടർന്ന് 2013 ആഗസ്ത് 16നാണ് എ ഗ്രൂപ്പുകാരനായ ലാല്‍ജി കൊല്ലപ്പെട്ടത്. ഐ ഗ്രൂപ്പുകാരനായ മണ്ഡലം സെക്രട്ടറി മധു ഈച്ചരത്ത് കൊല്ലപ്പെട്ടതിലുള്ള പ്രതികാരം. തറവാട്ടുവീട്ടിലേക്ക് സ്കൂട്ടറിൽ വരവെ‌ പിന്നിലൂടെ ബൈക്കിലെത്തി വെട്ടിവീഴ്ത്തി. ലാല്‍ജിക്കും ഭാര്യ ഷോബിക്കും രണ്ടു മക്കളുണ്ട്. പതിനഞ്ചുകാരനായ അക്ഷയ് ഓട്ടിസം ബാധിതന്‍. ഇളയവന്‍ അമല്‍ ഏഴാം ക്ലാസില്‍.

"തൃശൂരിലെ രണ്ടു സംസ്ഥാന നേതാക്കളുടെ പേരിലാണ് കോൺഗ്രസുകാർ തെരുവിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുതരാൻ ആർക്കും കഴിയില്ല. ആരുടെയും കാലുപിടിക്കാന്‍ പോകില്ല. മക്കളുടെ കേസെല്ലാം നടത്തിയത് ഞാനൊറ്റയ്ക്കാണ്. കോണ്‍​ഗ്രസുകാരില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ല.' ജോർജിന്റെ വാക്കുകളില്‍ രോഷം.കഴിഞ്ഞവർഷം പ്രേംജി ജയിൽ മോചിതനായി, കാര്യമായ പണിയൊന്നുമില്ല. ത്രെഡ് റബർ കമ്പനികളിൽ ജീവനക്കാരനായിരിക്കേ ഉണ്ടാക്കിയ ചെറുസമ്പാദ്യമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ജോര്‍ജിനുള്ള ഇന്ധനം. ജോര്‍ജും ഭാര്യയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷ അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സഹകരണസംഘങ്ങൾ വഴിയുള്ള സഹായത്തിനും അപേക്ഷിച്ചു. അതിലാണ് പ്രതീക്ഷ.




No comments:

Post a Comment