Tuesday, September 8, 2020

രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌; ബാലന്റെ ജീവനായി അഷ്‌റഫ്‌

 തലശേരി ബ്രണ്ണൻ കോളേജിൽ കെഎസ്‌യു നടത്തിയ ആക്രമണങ്ങൾക്ക്‌ സമാനതകളില്ല. എസ്‌എഫ്‌ഐയുടെ ആദ്യ ചെയർമാനായ എ കെ ബാലനെ വകവരുത്താൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ബാലനുനേരെ ഉയർന്ന കത്തിമുനയിൽ ജീവൻ നഷ്ടമായത്‌ മികച്ച ബാസ്‌കറ്റ്‌ ബോൾ താരംകൂടിയായ അഷ്‌റഫിന്‌. 1973ൽ ബ്രണ്ണൻ കോളേജിൽ എസ്‌എഫ്‌ഐ മുഴുവൻ സീറ്റും വിജയിച്ച്‌ യൂണിയൻ സ്വന്തമാക്കി. എ കെ ബാലൻ ചെയർമാൻ.

ഒരു ദിവസംപോലും ചെയർമാനായി കോളേജിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ കെഎസ്‌യുവും എബിവിപിയും ഭീഷണി മുഴക്കി. കലാ കായിക രംഗങ്ങളിലും മറ്റും പ്രവർത്തിച്ച വിദ്യാർഥികൾ അടക്കം എസ്‌എഫ്‌ഐയിൽ ആകൃഷ്ടരായി ചേർന്ന്‌ പ്രവർത്തിച്ചു. കോളേജ്‌ ബാസ്‌കറ്റ്‌ ബോൾ ടീം ക്യാപ്‌റ്റനും സർവകലാശാലാ ടീമംഗവുമായ അഷ്‌റഫും അക്കൂട്ടത്തിലുണ്ടായി. സ്‌കൂൾ പഠനകാലത്ത്‌ എംഎസ്‌എഫ്‌ അനുഭാവിയായിരുന്നു അഷ്‌റഫ്‌.

കോളേജിൽ യൂണിയൻ ഉദ്‌ഘാടനത്തിന്‌ ഇ എം എസിനെ ക്ഷണിക്കാൻ തീരുമാനിച്ചു. അനുവദിക്കില്ലെന്ന്‌ കെഎസ്‌യുവും ബിജെപിയും. ബാലനെ എങ്ങനെയും വകവരുത്താൻ തീരുമാനിച്ച അക്രമികൾ കോളേജിലെ രണ്ട്‌ കെട്ടിടങ്ങൾക്കിടയിലെ വഴിയിൽവച്ച്‌ മാരകായുധങ്ങളുമായി വളഞ്ഞു. നിവർത്തിപ്പിടിച്ച കത്തിയുമായി നിൽക്കുന്ന അക്രമികളുടെ മുന്നിലേക്ക് അഷ്‌റഫ് ചാടിവീണു. മറ്റ്‌ ചില പ്രവർത്തകരും ഒപ്പമുണ്ടായി. ആക്രമണത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. കുത്തേറ്റ്‌ ആശുപത്രിയിൽ കഴിഞ്ഞ അഷ്‌റഫ്‌ 1974 മാർച്ച്‌ അഞ്ചിനാണ്‌ മരിച്ചത്‌.

എന്നിട്ടും കെഎസ്‌യുക്കാർ അടങ്ങിയില്ല. പിന്നെയും നിരന്തരം ആക്രമണം തുടർന്നു. ബാലനെത്തന്നെ വീണ്ടും ആക്രമിച്ചു. തലയ്‌ക്ക്‌ മാരകമായി മുറിവേറ്റ്‌ ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. അന്ന്‌ ആക്രമണത്തിന്‌ നേതൃത്വം നൽകിയവരിൽ ചിലർ‌ കോൺഗ്രസിന്റെ നേതാക്കളായി.

ആളുമാറി കുത്തിക്കൊന്നത്‌ മുത്തുക്കോയയെ

ഒരുവേള കണ്ണട വയ്‌ക്കാതിരുന്നതുകൊണ്ടു മാത്രം ഇന്ന്‌ ജീവിച്ചിരിക്കുന്ന കമ്യൂണിസ്‌റ്റ്‌ നേതാവുണ്ട്‌ –- കേരളത്തിന്റെ ധനമന്ത്രികൂടിയായ ഡോ. തോമസ്‌ ഐസക്‌. ഐസക്കിനെ തേടിവന്നവർ ആളുമാറി ലക്ഷദ്വീപ്‌ സ്വദേശി മുത്തുക്കോയയുടെ ജീവനാണ്‌ എടുത്തത്‌.

എഴുപതുകളുടെ തുടക്കത്തിലാണ്‌ സംഭവം. എറണാകുളം മഹാരാജാസ്‌ കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്നു ഐസക്‌.  ഐസക്കിന്റെ നേതൃത്വത്തിൽ കോളേജിൽ എസ്‌എഫ്‌ഐ ശക്തിപ്രാപിച്ചു. കെഎസ്‌യുക്കാരുടെയും പുറത്തുനിന്നുള്ള കോൺഗ്രസ്‌ ഗുണ്ടകളുടെയും നിരന്തര ആക്രമണത്തെ അതിജീവിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ വളർച്ച. തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനെ പരാജയപ്പെടുത്തി ഐസക്‌ അടക്കമുള്ള എസ്‌എഫ്‌ഐക്കാർ വിജയിച്ചു.

തുറമുഖത്തെ ചില തൊഴിലാളികളുടെയും മട്ടാഞ്ചേരിയിൽനിന്നുള്ള പോളി എന്ന  ഗുണ്ടയുടെയും നേതൃത്വത്തിലായിരുന്നു കെഎസ്‌യുക്കാർ നിരന്തരം കോളേജിൽ ആക്രമണം അഴിച്ചുവിട്ടത്‌. മട്ടാഞ്ചേരിയിൽ ഗുണ്ടകളുടെ കൈയിലകപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകനെ രക്ഷിച്ച്‌ തിരിച്ചെത്തിയതിന്റെ വൈരാഗ്യത്തിലാണ്‌ മാരകായുധങ്ങളുമായി പിറ്റേദിവസം  ഗുണ്ടകൾ ഐസക്കിനെ തേടിവന്നത്‌. തലേദിവസം വായിച്ചു കിടന്നുറങ്ങുന്നതിനിടയിൽ ഐസക്കിന്റെ കണ്ണട പൊട്ടി. രാവിലെ കണ്ണട മാറ്റിവാങ്ങാൻ പുറത്തിറങ്ങിയ ഐസക്‌ റോഡരികിൽ നിർത്തിയിട്ട കാർ കണ്ടു. ഉള്ളിലേക്കു നോക്കുമ്പോൾ വടിവാളടക്കമുള്ള ആയുധങ്ങളുമായി ഗുണ്ടകൾ. മുടി വളർത്തി കണ്ണടവച്ചയാൾ എന്നതാണ്‌ കെഎസ്‌യുക്കാർ ഐസക്കിനെ തിരിച്ചറിയാൻ ഗുണ്ടകൾക്ക്‌ പറഞ്ഞുകൊടുത്ത അടയാളം. കണ്ണട ഇല്ലാത്തതിനാൽ ഐസക്കിനെ തിരിച്ചറിഞ്ഞില്ല.  കോളേജ്‌ ഹോസ്‌റ്റലിൽ ബന്ധുവിനെ തേടിയെത്തിയ ലക്ഷദ്വീപ്‌ സ്വദേശി മുത്തുക്കോയക്ക്‌ ജുബ്ബയും കണ്ണടയുമായിരുന്നു വേഷം. ഐസക്‌ തന്നെയെന്ന്‌ ഉറപ്പിച്ച്‌ കുത്തിമലർത്തി മരണമുറപ്പിച്ചാണ്‌ ഗുണ്ടകൾ മടങ്ങിയത്‌.

കണ്‌ഠമിടറി, കണ്ണ്‌ നിറഞ്ഞ്‌...

നാൽപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും ആ വേദന മറച്ചുവയ്ക്കാൻ കഴിയുന്നില്ല മന്ത്രി ജി സുധാകരന്. സ്വന്തം സഹോദരനെ,  കോൺഗ്രസുകാർ അതിക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ചു പറയുമ്പോൾ കണ്ഠമിടറും. കമ്യൂണിസ്റ്റുകാർ എവിടെ വെട്ടേറ്റു പിടഞ്ഞുവീഴുമ്പോഴും സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വം ഓർമ വരും അദ്ദേഹത്തിന്‌‌. പന്തളം എൻഎസ്‌എസ്‌ കോളേജിൽ ബിഎ ഇക്കണോമിക്‌സ്‌ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ജി ഭുവനേശ്വരൻ. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി. 1977 ഡിസംബർ രണ്ടിനാണ്‌ ഭുവനേശ്വരനെ മാത്‌സ്‌ ഡിപ്പാർട്ട്‌മെന്റിനുള്ളിൽ വച്ച്‌ അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നിലിട്ടാണ്‌ മൃഗീയമായി ആക്രമിച്ചത്‌.

കാൽ പിടിച്ച്‌ ഉയർത്തി തല നിലത്ത്‌ ഇടിച്ചിടിച്ച്‌ തലച്ചോർ തകർത്ത്‌ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ഇരുപതോളം കെഎസ്‌യു പ്രവർത്തകരും പന്തളം പ്രദേശത്തെ കോൺഗ്രസുകാരായ നാട്ടുപ്രമാണിമാരുടെ ഗുണ്ടകളും ചേർന്നാണ് ആക്രമിച്ചത്‌‌. പുറത്തുനിന്നുള്ളവർ കോളേജിൽ കയറി വിദ്യാർഥികളെ ആക്രമിക്കുകയാണെന്ന വിവരമറിഞ്ഞ്‌ ക്ലാസിൽനിന്ന്‌ അധ്യാപകന്റെ അനുമതിയോടെ പുറത്തിറങ്ങിയതായിരുന്നു ഭുവനേശ്വരൻ. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ എത്തിയപ്പോൾ കെഎസ്‌യുക്കാർ സൈക്കിൾ ചെയിൻ വീശി ഒരു കണ്ണ്‌ തകർത്തു. വേദന സഹിക്കാനാകാതെ ഓടി മാത്‌സ്‌ ഡിപ്പാർട്‌മെന്റിൽ അഭയം തേടി. വിടാതെ പിന്തുടർന്ന അക്രമികൾ പിടിച്ച്‌ പുറത്തുകൊണ്ടുപോയി തല നിലത്തിടിച്ച്‌ കൊല്ലുകയായിരുന്നു. തലച്ചോർ തകർന്ന മൃതപ്രായനായ ഭുവനേശ്വരനെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഡിസംബർ ഏഴിനു പകൽ പന്ത്രണ്ടോടെ മരിച്ചു.

ഒന്നാം ഭാഗം: മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌ 

രണ്ടാം ഭാഗം: എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത 

മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും 

നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും 

ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.? 

ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും 

No comments:

Post a Comment