തിരുവനന്തപുരം > ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത് മുഖ്യപ്രതി സജീവ്. പ്രതികളിൽ ഒരാളായ സനലിന്റെ കൈയിൽനിന്ന് കത്തിവാങ്ങിയാണ് ഇരുവരെയും കുത്തിയത്. ഹൃദയം പിളർത്തിയ ഈ കുത്താണ് ഇവരെ മരണത്തിലേക്ക് നയിച്ചത്. മൂർച്ചയുള്ള കത്തികൊണ്ട് കുത്തിയശേഷം കറക്കിയാണ് തിരികെ എടുത്തത്. കുത്തിയത് താൻ തന്നെയാണെന്ന് സജീവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഹഖിനെ ആദ്യം വെട്ടിയത് കഴിഞ്ഞദിവസം പിടിയിലായ ഐഎൻടിയുസി നേതാവ് മദപുരം ഉണ്ണിയാണ്. പിന്നീട് എല്ലാവരും ചേർന്ന് തുരുതുരാ വെട്ടി. ബൈക്കിലും സ്‌കൂട്ടിയിലുമാണ് പ്രതികൾ തേമ്പാമൂട് ജങ്‌ഷനിൽ എത്തിയത്. കൊലയ്‌ക്കുശേഷം സ്‌കൂട്ടിയിലാണ് ഉണ്ണിയും സജീവും സനലും രക്ഷപ്പെട്ടത്. കത്തിക്ക് പുറമെ വടിവാളുകളും കൈവശമുണ്ടായിരുന്നു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഹഖിനെയും മിഥിലാജിനെയും കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ ആക്രമിച്ചത്. നല്ല പരിശീലനം ലഭിച്ചതിന് തെളിവാണ് കുത്തിന്റെ രീതി. സജീവ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.
അതിനിടെ, കോന്നിക്കടുത്ത ഒരു ക്വാറിയിലാണ് സജീവിനും സനലിനും ഒളിത്താവളം തയ്യാറാക്കിയതെന്ന സൂചന പൊലീസിന് ലഭിച്ചു. ഉണ്ണിക്കും സനലിനും ഈ ക്വാറിയുമായി നല്ല ബന്ധമാണ്. മുമ്പും ചില ആക്രമണങ്ങൾ നടത്തി ഇവർ ഇവിടേക്ക് മുങ്ങാറുണ്ടെന്ന വിവരത്തെ തുടർന്ന് ക്വാറി പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് അവിടേക്കുള്ള യാത്രയ്‌ക്കിടെ മഹിളാ കോൺഗ്രസ് പ്രവർത്തക പ്രീജയ്‌ക്കൊപ്പം സജീവും സനലും പിടിയിലായത്.
റഷീദ‌് ആനപ്പുറം

No comments:
Post a Comment