Monday, February 1, 2021

2016ല്‍ 42; 2021ല്‍ 337 സീറ്റുകള്‍: ഹിമാചലില്‍ ആവേശോജ്വല നേട്ടവുമായി സിപിഐ എം

ന്യൂഡല്‍ഹി > ഹിമാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്ത് സിപിഐ എം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മാത്രമായിരുന്നു സിപിഐ എമ്മിനുണ്ടായിരുന്നത്. 2021ല്‍ ഇത് 12 ആയി വര്‍ധിച്ചു. 2016ല്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ആകെ സിപിഐ എമ്മിന് ലഭിച്ചത് 42 സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ 337 സീറ്റുകളില്‍ വിജയിക്കാനായി. 25 പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവിയും 30 പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് പദവിയും പാര്‍ടിക്ക് ലഭിച്ചിട്ടുണ്ട്.

ജനകീയ വിഷയങ്ങളിലെ ശക്തമായ ഇടപെടലിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളുടെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ നേട്ടങ്ങള്‍ക്ക് ഇടയാക്കിയത്. പൊലീസിന്റെ അതിക്രൂരമായ ആക്രമണങ്ങളില്‍ പരിക്കേറ്റ അനവധി യുവാക്കളും തെരഞ്ഞെടുപ്പില്‍ ജയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് തന്നേ സിപിഐ എം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഓംകാര്‍ ഷാദ് പറഞ്ഞു. ജില്ലാ, ലോക്കല്‍ കമ്മിറ്റികളെല്ലാം മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും വലിയ പിന്തുണയാണ് പാര്‍ടിക്ക് ലഭിച്ചത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥിപോരാട്ടങ്ങളും കരുത്തായി. വളരെ ചെറിയ വോട്ടുകള്‍ക്കാണ് പാര്‍ടിയുടെ പല സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതും. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കര്‍ഷകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പാര്‍ടി തുടരുമെന്നും ഓംകാര്‍ ഷാദ് പറഞ്ഞു.

2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും സിപിഐ എം സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രകമ്മിറ്റി അംഗമായ രാഗേഷ് സിംഗ വിജയിച്ചിരുന്നു.

No comments:

Post a Comment