Friday, September 3, 2010

വയനാട് പാക്കേജ്,അരി, കടം എഴുതിത്തള്ളല്‍......

വയനാട് പാക്കേജ് കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കി: കേന്ദ്രസംഘം

കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് പ്രഖ്യാപിച്ച വയനാട് പാക്കേജ് കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കിയതായി വയനാട് പാക്കേജ് പ്രാവര്‍ത്തികമാക്കുന്നതിലെ പുരോഗതി പരിശോധിക്കാനെത്തിയ കേന്ദ്രസംഘം വിലയിരുത്തി. കലക്ട്രേറ്റില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സീനിയര്‍ കസള്‍ട്ടന്റും സംഘം തലവനുമായ ഡോ. എല്‍ റിന്‍ജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ളാനിംഗ് കമ്മീഷന്‍ (കൃഷി) അഡ്വൈസര്‍ ഡോ. വി വി സദാമത്, ഡെപ്യൂട്ടി അഡ്വൈസര്‍ ഡോ.എ കെ തിവാരി, ഡെപ്യൂട്ടി അഡ്വൈസര്‍ (മൃഗസംരക്ഷണം) ചന്ദ്രശേഖര്‍ സാഹകര്‍, കണ്‍സള്‍ട്ടന്റ് (ഫിഷറീസ്) ഡോ. ഹരിദാസ് എന്നിവരടങ്ങിയ സംഘം ബുധനാഴ്ച വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്ന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിവിവരങ്ങള്‍ നേരിട്ട് മനസിലാക്കിയിരുന്നു.

കര്‍ഷക ആത്മഹത്യ പെരുകിയ സാഹചര്യത്തിലാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംയോജിപ്പിച്ച് ജില്ലക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. 2007-2008ല്‍ തുടങ്ങി 2010ല്‍ അവസാനിക്കും വിധം മൂന്ന് വര്‍ഷത്തേക്കാണ് പാക്കേജ്. കൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യംവളര്‍ത്തല്‍, ജലസേചനം തുടങ്ങിയ മേഖലകളില്‍ പദ്ധതിയുടെ ഭാഗമായി ഏറെ മുന്നേറ്റമുണ്ടായതായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗാസ്ഥര്‍ വ്യക്തമാക്കി. ജില്ലയിലെ പ്രധാന കൃഷിയായ കാപ്പി, തേയില എന്നിവയെ പാക്കേജിന്റെ പരിധിയില്‍പ്പെടുത്താതിരുന്നത് കാര്‍ഷിക മേഖലക്ക് അനുവദിച്ച തുകയുടെ വിനിയോഗത്തിന് തടസ്സമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലതീരുമാനമുണ്ടാക്കുന്നതിന് ശ്രമിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. കലക്ടര്‍ ടി ഭാസ്ക്കരന്‍, സബ്കളക്ടര്‍ എന്‍ പ്രശാന്ത് എന്നിവരും പങ്കെടുത്തു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ നടത്തിപ്പ് പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര കൃഷി സഹ മന്ത്രി കെ വി തോമസും, സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരനും വെള്ളിയാഴ്ച രാവിലെ 10.30ന് കലക്ട്രേറ്റില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

5 ലക്ഷം കുടുംബത്തിനുകൂടി 2 രൂപയ്ക്ക് അരി

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി റേഷന്‍ പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി അര്‍ഹരായ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്കുകൂടി ബാധകമാക്കുമെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപ അരി വിതരണം ചെയ്യുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭാവിനടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എപിഎല്‍ വിഭാഗക്കാരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിയും അത് ഉടനെ നടപ്പാക്കുമെന്ന കേന്ദ്രഗവമെന്റ് പ്രഖ്യാപനവും അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച സമീപനമാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചത്. ദീര്‍ഘകാലമായി കേരളത്തില്‍ തുടരുന്ന സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മന്ത്രിസഭ കേന്ദ്രഗവമെന്റിനോടാവശ്യപ്പെട്ടു. ലക്ഷക്കണക്കിനു കുടുംബങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ 750 കോടിയുടെ കടം എഴുതിത്തള്ളാന്‍ ശുപാര്‍ശ

മത്സ്യത്തൊഴിലാളികളുടെ 750 കോടി രൂപയുടെ കടം എഴുതിത്തള്ളണമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ശുപാര്‍ശചെയ്തു. കമീഷന്റെ മൂന്നാമത്തെയും നാലാമത്തെയും ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ചെയര്‍മാന്‍ ജ. കെ കെ ദിനേശന്‍ മന്ത്രിമാരായ ടി എം തോമസ് ഐസക്, എസ് ശര്‍മ എന്നിവര്‍ക്ക് കൈമാറി. മത്സ്യത്തൊഴിലാളികള്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത 75,000 രൂപവരെയുള്ള വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കമീഷന്‍ ശുപാര്‍ശചെയ്തു. ഇതിന്റെ പലിശ, പിഴപ്പലിശ എന്നിവ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഹിക്കണം. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബാധ്യത 75,000 രൂപയില്‍ കുറവാണെങ്കില്‍ ബാധ്യത ഒഴിവാക്കിയശേഷം അവശേഷിക്കുന്ന തുക ദേശസാല്‍കൃത ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലുള്ള കടം ഇല്ലാതാക്കാന്‍ ഉപയോഗിക്കണം. ഇതിനായി സര്‍ക്കാര്‍ 600 കോടി രൂപ നീക്കിവയ്ക്കേണ്ടിവരും. പലിശ, പിഴപ്പലിശ ഇനത്തില്‍ 150 കോടി രൂപയാണ് എഴുതിത്തള്ളുക. കടാശ്വാസ പദ്ധതിയില്‍ അപേക്ഷ നല്‍കിയ അര്‍ഹതപ്പെട്ടവരില്‍ 80 ശതമാനം പേര്‍ പൂര്‍ണമായും ബാക്കിയുള്ളവര്‍ ഭാഗികമായും കടക്കെണിയില്‍നിന്ന് മുക്തരാകും. മത്സ്യത്തൊഴിലാളികളുടെ ഭാര്യയുടെ പേരിലുള്ള കടബാധ്യതയും കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെടാത്ത പീലിങ് തൊഴിലാളികള്‍ക്കും കടാശ്വാസ പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം പരിശോധിച്ച് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കടം എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി 3000 കോടി രൂപയുടെ സഹായപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, കടാശ്വാസ പദ്ധതിയില്‍മാത്രം 1100 കോടി രൂപയുടെ ആശ്വാസമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കുക. പഞ്ഞമാസക്കാലത്ത് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ദേശസാല്‍കൃത ബാങ്കുകളിലുള്ള 250 കോടിയിലധികം വരുന്ന കടബാധ്യത എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫിഷറീസ് മന്ത്രി എസ് ശര്‍മ ആവശ്യപ്പെട്ടു. കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളാമെന്ന് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. 2009 ജനുവരിയില്‍ നിലവില്‍വന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്റെ മുമ്പാകെ കഴിഞ്ഞ ജൂലൈ 31 വരെ 1,12,377 അപേക്ഷയാണ് ലഭിച്ചത്. ഡോ. കെ എസ് പുരുഷന്‍, കൂട്ടായി ബഷീര്‍, പി രാജു എന്നിവര്‍ കമീഷന്‍ അംഗങ്ങളാണ്.

ദേശീയപാത: ചുരുങ്ങിയ നഷ്ടപരിഹാരം 1 ലക്ഷം

ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോള്‍ നടപ്പാക്കേണ്ട പുനരധിവാസ പാക്കേജിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കേജ് ഉടന്‍ ദേശീയപാതാ അതോറിറ്റിക്കു സമര്‍പ്പിക്കും. ചുരുങ്ങിയ നഷ്ടപരിഹാരം ഒരുലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്ന് ശുപാര്‍ശയില്‍ നിര്‍ദേശിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് അതത് ജങ്ഷനുകളില്‍ ഭൂമി ഏറ്റെടുത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിച്ചു നല്‍കണം. അത്യാവശ്യസ്ഥലങ്ങളില്‍ രൂപരേഖയ്ക്കു മാറ്റം വരുത്തണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റോഡിനോട് ചേര്‍ന്ന് താമസിക്കുന്നവരെ അവരുടെ തൊട്ടുപിന്നിലുളള സ്ഥലം ഏറ്റെടുത്തു പുനരധിവസിപ്പിക്കണമെന്ന് പാക്കേജില്‍ നിര്‍ദേശിക്കുന്നു. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി തീരുമാനിക്കുന്ന ഭൂമിയുടെ കമ്പോളവിലയും കെട്ടിടങ്ങളുടെ പുതിയ ഷെഡ്യൂള്‍ ഓഫ്് റേറ്റ് പ്രകാരം തീരുമാനിക്കുന്ന വിലയും പ്രസ്തുത തുകയുടെ 25 ശതമാനവുംകൂടി പുനര്‍നിര്‍മാണത്തിനായി അനുവദിക്കണം. ജീവനോപാധി നഷ്ടപ്പെടുന്ന വാടകക്കാര്‍ക്ക് ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിക്കുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വിലയുടെ പത്തു ശതമാനം നഷ്ടപരിഹാരമായി ലഭ്യമാക്കണം. ഒന്നിലധികം വാടകക്കാരുണ്ടെങ്കില്‍ പ്രസ്തുത തുക അവര്‍ക്ക് തുല്യമായി വീതംവയ്ക്കണം. വ്യാപാരത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് വ്യാവസായ തര്‍ക്ക നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം ഉറപ്പാക്കണം. വീടുകള്‍ നഷ്ടമാവുന്ന വസ്തു ഉടമകള്‍ക്ക് പുതിയ കമ്പോളനിരക്ക് പ്രകാരമുളള നഷ്ടപരിഹാരവും പുനര്‍നിര്‍മാണത്തിനായി കെട്ടിടത്തിന്റെയും വസ്തുവിന്റെയും വിലയുടെ 25 ശതമാനവും നല്‍കണം. 25,000 രൂപ ഷിഫ്റ്റിങ് അലവന്‍സായി അനുവദിക്കണം. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവര്‍ക്കും ആറുമാസത്തെ മിനിമം വേജസ് കണക്കാക്കി നഷ്ടപരിഹാരം ഉറപ്പാക്കണം. കൂടാതെ കെട്ടിടത്തിന്റെയോ കടയുടെയോ വിലയും ഒരുലക്ഷം രൂപ പുനരധിവാസത്തിനും നല്‍കണം. നഷ്ടപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് പകരം സര്‍ക്കാര്‍ ചെലവില്‍ പുതിയ സ്ഥലത്ത് ആരാധനാലയം നിര്‍മിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ദേശാഭിമാനി 03092010

1 comment:

  1. കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് പ്രഖ്യാപിച്ച വയനാട് പാക്കേജ് കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കിയതായി വയനാട് പാക്കേജ് പ്രാവര്‍ത്തികമാക്കുന്നതിലെ പുരോഗതി പരിശോധിക്കാനെത്തിയ കേന്ദ്രസംഘം വിലയിരുത്തി. കലക്ട്രേറ്റില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ആസൂത്രണ കമ്മീഷന്‍ സീനിയര്‍ കസള്‍ട്ടന്റും സംഘം തലവനുമായ ഡോ. എല്‍ റിന്‍ജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ളാനിംഗ് കമ്മീഷന്‍ (കൃഷി) അഡ്വൈസര്‍ ഡോ. വി വി സദാമത്, ഡെപ്യൂട്ടി അഡ്വൈസര്‍ ഡോ.എ കെ തിവാരി, ഡെപ്യൂട്ടി അഡ്വൈസര്‍ (മൃഗസംരക്ഷണം) ചന്ദ്രശേഖര്‍ സാഹകര്‍, കണ്‍സള്‍ട്ടന്റ് (ഫിഷറീസ്) ഡോ. ഹരിദാസ് എന്നിവരടങ്ങിയ സംഘം ബുധനാഴ്ച വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്ന് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിവിവരങ്ങള്‍ നേരിട്ട് മനസിലാക്കിയിരുന്നു.

    ReplyDelete