Friday, September 3, 2010

കോണ്‍ഗ്രസ് ഇരട്ടമുഖവും ഇരട്ടനാവും സ്വന്തമാക്കുമ്പോള്‍...

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്യുന്നവര്‍ ഇരട്ടമുഖത്തിന്റെയും ഇരട്ട നാവിന്റെയും പ്രതിനിധികളാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും സൃഷ്ടിച്ച കറുത്ത ചരിത്രത്തില്‍ ഇരട്ടമുഖത്തിന്റെ പ്രത്യക്ഷപ്പെടലും ഇരട്ടനാവിന്റെ പ്രയോഗവും ധാരാളം കാണാന്‍ കഴിയും. ഇന്ത്യയില്‍ ആര്‍ എസ് എസിന്റെ നേതാക്കള്‍ - മാധവ് സദാശിവ് ഗോല്‍വാള്‍ക്കറുള്‍പ്പെടെ - ഈ പ്രയോഗം പലയാവര്‍ത്തി പരീക്ഷിച്ചിട്ടുണ്ട്. വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി, ജസ്വന്ത്‌സിംഗ് തുടങ്ങിയ ബി ജെ പി നേതാക്കളും ഇരട്ടനാവിന്റെ പ്രയോഗം നടത്തി താല്‍ക്കാലിക നേട്ടം കൊയ്യാന്‍ ശ്രമിച്ചവരാണ്. മുഹമ്മദാലി ജിന്നയെക്കുറിച്ചുള്ള പ്രസംഗങ്ങളും പുസ്തകവും ഉദാഹരണം. പലപ്പോഴും ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ അവര്‍ അപഹാസ്യരാവുകയും ചെയ്തു. മോഡി വംശഹത്യാ പരീക്ഷണം നടത്തിയപ്പോള്‍ താന്‍ ലജ്ജിക്കുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി മൂന്നോ നാലോ ദിനങ്ങള്‍ക്കുള്ളില്‍ ഗോവയില്‍ ചേര്‍ന്ന ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മോഡിയെ വാതോരാതെ പ്രശംസിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ഗുജറാത്തിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് താന്‍ അത്യധികം ദുഃഖിക്കുന്നുവെന്ന് പ്രസ്താവിച്ച അന്നത്തെ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി ഏറെ വൈകാതെ ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രമാണെന്നും ഇന്ത്യയില്‍ എവിടെയും അത് ആവര്‍ത്തിക്കപ്പെടാമെന്നും ഭീഷണിപ്പെടുത്തുന്നതും ഇന്ത്യ കണ്ടു. ഇരട്ടനാവിന്റെ പ്രയോഗങ്ങള്‍ക്കുള്ള കേവല ഉദാഹരണങ്ങള്‍ മാത്രമാണിവ.

സാമ്രാജ്യത്വ സാമ്പത്തിക നയങ്ങളിലും ആണവ ഉടമ്പടികളിലും അമേരിക്കന്‍ ദാസ്യത്തിലും ജ്യേഷ്ഠാനുജന്മാരെ പോലെയാണ് കോണ്‍ഗ്രസും ബി ജെ പിയും നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ അക്കാര്യങ്ങളില്‍ മാത്രമല്ല ഇരട്ടമുഖത്തിന്റെയും ഇരട്ടനാവിന്റെയും കൂടി കാര്യത്തില്‍ ബി ജെ പിയോട് തങ്ങള്‍ക്ക് സാമ്യമുണ്ടെന്ന് സമീപകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്നു.
രാജ്യതലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത സംസ്ഥാന പൊലീസ് മേധാവികളുടെ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നടത്തിയ പ്രസ്താവനയും മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെതായി വന്ന പ്രതികരണവും കോണ്‍ഗ്രസിന്റെ ഇരട്ടമുഖത്തിനും ഇരട്ടനാവിനുമുളള ഒന്നാംതരം തെളിവാണ്. പാര്‍ലമെന്റിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബി ജെ പിയെ നിരന്തരം പ്രീണിപ്പിക്കുകയും ബി ജെ പി നേതാക്കള്‍ക്കെതിരായ കേസുകള്‍ മരവിപ്പിക്കുകയും നരേന്ദ്രമോഡിക്ക് നല്ല മുദ്രകുത്തികൊടുക്കുകയും ചെയ്യുന്നതില്‍ ബി ജെ പിയെപോലും അമ്പരപ്പിക്കുന്ന നടപടികളാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പക്ഷേ പൊലീസ് മേധാവികളുടെ സമ്മേളനത്തില്‍ ഹൈന്ദവ ഭീകരതയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും രാജ്യത്തുനടന്ന പല സ്‌ഫോടനങ്ങളുടെയും പിന്നില്‍ കാവിഭീകരതയാണെന്നുമാണ് ആഭ്യന്തരമന്ത്രി പി ചിദംബരം പ്രസ്താവിച്ചത്.

ചുരുക്കം മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വക്താവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിംഗ് ചിദംബരത്തിന്റെ വാക്കുകളെ പ്രതിരോധിച്ചു.

ഭീകരതയ്ക്ക് മതമില്ലെന്ന ന്യായത്തോടെയാണ് അദ്ദേഹം രംഗത്തുവന്നത്. ന്യൂനപക്ഷ പ്രീണനവും മൃദുഹിന്ദുത്വ സമീപനവും സമയോചിതമായി സ്വീകരിക്കുന്ന കോണ്‍ഗ്രസിന്റെ ആസൂത്രിത നാടകത്തിലെ കഥാപാത്രങ്ങളാണ് ചിദംബരവും ദിഗ്‌വിജയ്‌സിംഗും.
ഇത്തരം കാര്യങ്ങളില്‍ ചുണ്ടനക്കാതിരിക്കാന്‍ സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടുതാനും. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുവാന്‍ ഒരാളുടെ പ്രസ്താവന ഭൂരിപക്ഷം പിണങ്ങുമോ എന്ന് ഭയന്ന് മറ്റൊരാളുടെ തിരുത്ത്.

മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇതേ തന്ത്രമാണ് കോണ്‍ഗ്രസ് അവലംബിക്കുന്നത്. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തും, വേണ്ടിവന്നാല്‍ പട്ടാളത്തെ ഇറക്കും എന്നൊക്കെയാണ് ചിദംബരം ആദിയായവര്‍ നടത്തിവരുന്ന ഗീര്‍വാണം. മാവോയിസത്തെ പട്ടാളത്തെ ഇറക്കി നേരിടുമെന്ന് പറയുന്നത് വിഷയത്തിന്റെ കാതല്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. അവര്‍ വളരാനിടയാകുന്ന സാമൂഹ്യ സാഹചര്യങ്ങളെ കാണാതിരിക്കരുത്.
ചിദംബരം ഭീഷണി ഉതിര്‍ക്കുമ്പോള്‍ തന്നെയാണ് പഴയ കോണ്‍ഗ്രസുകാരിയായ ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കേന്ദ്രമന്ത്രി മമതാ ബാനര്‍ജി മാവോയിസ്റ്റുകളുമായി പരസ്യമായി കൈകോര്‍ക്കുന്നതും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതും.

അടുത്തിടെ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിനെക്കുറിച്ച് കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ തന്നെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയൂണ്ടായി. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നായിരന്നൂ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ വന്നപ്പോള്‍ വെടിവെച്ചു കൊല്ലുകയായിരുന്നൂവെന്ന് കേന്ദ്ര മന്ത്രിസഭാംഗവും യു പി എയിലെ ഘടകകക്ഷി നേതാവുമായ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ലോക്‌സഭയിലെ കക്ഷി നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി മമതാ ബാനര്‍ജിയുടെ വാദത്തിനൊപ്പമാണ് നിലയുറപ്പിച്ചത്. മാവോയിസ്റ്റുകളുടെ സഹായം ബംഗാളില്‍ ആവശ്യമുള്ളതുകൊണ്ട് ഇരട്ട മുഖവും ഇരട്ടനാവും പ്രയോഗിക്കുന്നുവെന്നതാണ് പരമപ്രധാനമായ വസ്തുത.

ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനെക്കുറിച്ചും തൊഴിലില്ലായ്മാ നിര്‍മ്മാര്‍ജനത്തെക്കുറിച്ചും മന്‍മോഹന്‍ സിംഗ് വാതോരാതെ പ്രസംഗിച്ചു. ഭീകര പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം അപലപിച്ചു. പക്ഷേ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്യുന്ന നയം നടപ്പില്‍ വകുത്തുകയും ചെയ്യുന്നു.

ഭീകരത വളര്‍ന്നാലും തങ്ങളുടെ സര്‍ക്കാര്‍ നിലനില്‍ക്കുകയും തങ്ങള്‍ ആഗ്രഹിക്കുന്ന ബില്ലുകള്‍ പാസ്സാവുകയും വേണമെന്നുള്ളതുകൊണ്ട് ഭൂരിപക്ഷ-ന്യൂനപക്ഷ ഭീകരതയുമായി തരാതരം പോലെ കൈകോര്‍ക്കുകയും ചെയ്യുന്നൂ അവര്‍. ഇരട്ടമുഖവും ഇരട്ടനാവും കോണ്‍ഗ്രസിനും സ്വായത്തമായിരിക്കുന്നൂ എന്നാണ് കാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇന്ദ്രജിത്ത്‌ Janayugom 02092010

1 comment:

  1. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്യുന്നവര്‍ ഇരട്ടമുഖത്തിന്റെയും ഇരട്ട നാവിന്റെയും പ്രതിനിധികളാണ്. ഹിറ്റ്‌ലറും മുസ്സോളിനിയും സൃഷ്ടിച്ച കറുത്ത ചരിത്രത്തില്‍ ഇരട്ടമുഖത്തിന്റെ പ്രത്യക്ഷപ്പെടലും ഇരട്ടനാവിന്റെ പ്രയോഗവും ധാരാളം കാണാന്‍ കഴിയും. ഇന്ത്യയില്‍ ആര്‍ എസ് എസിന്റെ നേതാക്കള്‍ - മാധവ് സദാശിവ് ഗോല്‍വാള്‍ക്കറുള്‍പ്പെടെ - ഈ പ്രയോഗം പലയാവര്‍ത്തി പരീക്ഷിച്ചിട്ടുണ്ട്. വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി, ജസ്വന്ത്‌സിംഗ് തുടങ്ങിയ ബി ജെ പി നേതാക്കളും ഇരട്ടനാവിന്റെ പ്രയോഗം നടത്തി താല്‍ക്കാലിക നേട്ടം കൊയ്യാന്‍ ശ്രമിച്ചവരാണ്. മുഹമ്മദാലി ജിന്നയെക്കുറിച്ചുള്ള പ്രസംഗങ്ങളും പുസ്തകവും ഉദാഹരണം. പലപ്പോഴും ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ അവര്‍ അപഹാസ്യരാവുകയും ചെയ്തു. മോഡി വംശഹത്യാ പരീക്ഷണം നടത്തിയപ്പോള്‍ താന്‍ ലജ്ജിക്കുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി മൂന്നോ നാലോ ദിനങ്ങള്‍ക്കുള്ളില്‍ ഗോവയില്‍ ചേര്‍ന്ന ബി ജെ പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മോഡിയെ വാതോരാതെ പ്രശംസിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ഗുജറാത്തിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് താന്‍ അത്യധികം ദുഃഖിക്കുന്നുവെന്ന് പ്രസ്താവിച്ച അന്നത്തെ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി ഏറെ വൈകാതെ ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രമാണെന്നും ഇന്ത്യയില്‍ എവിടെയും അത് ആവര്‍ത്തിക്കപ്പെടാമെന്നും ഭീഷണിപ്പെടുത്തുന്നതും ഇന്ത്യ കണ്ടു. ഇരട്ടനാവിന്റെ പ്രയോഗങ്ങള്‍ക്കുള്ള കേവല ഉദാഹരണങ്ങള്‍ മാത്രമാണിവ.

    ReplyDelete