കുറ്റ്യാടിയെന്നാല്‍ കേരളത്തില്‍ നാളികേരത്തിന്റെ പര്യായമാണ്. കോഴിക്കോട് ജില്ലയുടെ ഈ മലയോരഗ്രാമവും തെങ്ങുമായി അത്രമാത്രം ബന്ധമുണ്ട്. കര്‍ഷക സ്വപ്നങ്ങള്‍ മണ്ണടിഞ്ഞുതുടങ്ങിയ നാളികേര ഗ്രാമങ്ങളില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഇടപെടലിലൂടെ ഇന്ന് പ്രതീക്ഷയുടെ ഇളനീര്‍ മധുരം കിനിയുകയാണ്. വിലത്തകര്‍ച്ചയും തെങ്ങുകളെ കീഴ്പ്പെടുത്തിയ മഹാമാരികളും നിമിത്തം ജീവിതം കൈവിട്ടുപോയ കേരകര്‍ഷകന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ് പുത്തനുണര്‍വ് പകര്‍ന്നു. 41 കോടി ചെലവില്‍ ആരംഭിക്കുന്ന കുറ്റ്യാടി നാളികേര പാര്‍ക്ക് കര്‍ഷകന്റെ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ത്തി. വൈവിധ്യവല്‍ക്കരണത്തിലൂടെ അതിജീവനത്തിന്റെ പുതുവഴി തെളിഞ്ഞ ആഹ്ളാദത്തിലാണ് കേരകര്‍ഷകര്‍.
സംസ്ഥാനത്ത് കേരവൃക്ഷത്തിന് വിത്ത് പാകുന്ന കര്‍ഷകരുടെ മണ്ണാണ് കോഴിക്കോടിന്റെ കിഴക്കന്‍ മലയോരം. ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന തെങ്ങിന്‍ തൈകളാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിലെത്തുന്നത്. ഉല്‍പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമാണ് ഇവിടുത്തെ തേങ്ങയുടെ പ്രത്യേകത. ആഗോളവല്‍ക്കരണം സൃഷ്ടിച്ച വിലത്തകര്‍ച്ചക്കൊപ്പം മാറിമാറിയെത്തിയ രോഗങ്ങളുമാണ് ഇവിടെ കര്‍ഷക ജീവിതത്തിന്റെ താളം തെറ്റിച്ചത്. പത്തുവര്‍ഷം മുമ്പ് ആരംഭിച്ച ദുരിതത്തില്‍ തെങ്ങിനൊപ്പം സര്‍ക്കാരും കര്‍ഷകനെ ചതിച്ചത് പഴയകഥ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിത്ത്തേങ്ങ സംഭരണത്തില്‍നിന്ന് കുറ്റ്യാടിയെ ഒഴിവാക്കാനും നീക്കമുണ്ടായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് കര്‍ഷകരുടെ പരിഭവങ്ങള്‍ക്ക് പരിഹാരം ഉണ്ടായിത്തുടങ്ങിയത്. കൂമ്പ്ചീയല്‍ രോഗവും മണ്ഡരിയും പ്രതിരോധിക്കുന്നതിന് കൃഷി വകുപ്പ് നടപടി ആരംഭിച്ചു. മൂന്നരക്കോടിയിലേറെ രൂപയാണ് രോഗ പ്രതിരോധത്തിന് കുറ്റ്യാടി തേങ്ങ ഉല്‍പാദിപ്പിക്കുന്ന മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ മാത്രം ചെലവഴിച്ചത്. കാസര്‍കോട് തെങ്ങ് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നും ഫലം കണ്ടു. കൂമ്പടഞ്ഞുതുടങ്ങിയ തെങ്ങുകളില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പെടുത്തു.
വിലയിടിവിന്റെ പ്രതിസന്ധി പരിഹരിക്കാനും നാളികേര കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുമാണ് വ്യവസായവകുപ്പ് കുറ്റ്യാടി നാളികേര പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ നാളികേര പാര്‍ക്കും നാളികേരാധിഷ്ഠിതമായ ആറ് പദ്ധതികളുമാണ് പ്രാഥമിക ഘട്ടത്തില്‍ കുറ്റ്യാടിയില്‍ നടപ്പാക്കുന്നത്. നാല്‍പതിലേറെ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംയോജിത നാളികേര വ്യവസായ സമുച്ചയത്തിന് പദ്ധതി വിഭാവനം ചെയ്യുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന കുറ്റ്യാടി വികസന സൊസൈറ്റിക്കാണ് പദ്ധതിയുടെ നേതൃത്വം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി, കെ കെ ലതിക എംഎല്‍എ എന്നിവര്‍ ഭാരവഹാഹികളായുള്ള ഏഴംഗ സമിതിയാണ് ഇത്. സമിതി വേളം പഞ്ചായത്തിലെ മണിമല എസ്റ്റേറ്റില്‍ 131 ഏക്കര്‍ സ്ഥലം പാര്‍ക്കിനായി ഏറ്റെടുത്തു. പാര്‍ക്കിന്റെ ഓഫീസ് ഇക്കഴിഞ്ഞ മെയ് 15നാണ് ഉദ്ഘാടനംചെയ്തത്.
ആദിവാസി പുനരധിവാസത്തിന് ആറളം മാതൃക
കീഴാളവര്‍ഗം പ്രക്ഷോഭ കൊടുങ്കാറ്റുകളുയര്‍ത്തിയ ആറളത്തിന്റെ മണ്ണില്‍ തളിരിടുന്നത് രാജ്യത്തിന് മാതൃകയാവുന്ന ആദിവാസി പുനരധിവാസ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളില്‍ ആറളം ഫാം ചരിത്രത്തില്‍ പച്ചപിടിച്ചു നില്‍ക്കും. 2006 ലാണ് ആറളത്ത് ആദിവാസികള്‍ക്ക് ആദ്യമായി ഒരേക്കര്‍ വീതം ഭൂമി പതിച്ചുനല്‍കിയത്. യുഡിഎഫ് ഭരണം സ്ഥാപിത താല്‍പര്യം നോക്കി 768 പേര്‍ക്ക് ഭൂമി നല്‍കിയതില്‍ നിറയെ ആക്ഷേപങ്ങളായിരുന്നു. മണ്ണല്ലാതെ ആദിവാസികളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പുനരധിവാസ നടപടികളൊന്നും ഉണ്ടായില്ല. ഭൂസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടക്കപ്പെട്ട കൈതക്കൊല്ലി കോളനിക്കാര്‍ക്ക് പോലും അന്ന് ആന്റണി സര്‍ക്കാര്‍ ഭൂമി നല്‍കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ രണ്ടാംഘട്ട ഫാം ആദിവാസി ഭൂമി വിതരണം കുറ്റമറ്റ നിലയില്‍ നടത്തി. ഊരുകൂട്ടങ്ങള്‍ ചേര്‍ന്ന് അവകാശികളെ നിശ്ചയിച്ചും ആദിവാസി സംഘടനകളുമായി ആലോചിച്ച് സമവായം ഉണ്ടാക്കിയും കലക്ടറുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സമിതിയാണ് ഭൂമി വിതരണത്തിന് നേതൃത്വം നല്‍കിയത്. 1567 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉത്സവാന്തരീക്ഷത്തില്‍ ഭൂമി നല്‍കി. പിന്നീട് ഫാം പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. കെ കെ ശൈലജ എംഎല്‍എയുടെ ചുമതലയില്‍ ഉദ്യോഗസ്ഥരും ഊരുകൂട്ടങ്ങളും തയ്യാറാക്കിയ പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ പൂര്‍ണമനസോടെ അംഗീകാരം നല്‍കി.
ഓരോ കുടുംബത്തിനും ഒന്നേകാല്‍ ലക്ഷത്തിന്റെ പുതിയ വീടുകള്‍. കിണര്‍ നിര്‍മിക്കാന്‍ 10,330 രൂപ. തൊഴില്‍ ചെയ്ത് ജീവിക്കാനും കൃഷി നടത്താനും ആട്- പശു ഗ്രാമം പദ്ധതി. വിദ്യാഭ്യാസത്തിന് ഫാം യുപി ഹൈസ്കൂളായി ഉയര്‍ത്തി. 100 കുട്ടികള്‍ മാത്രമുണ്ടായിരുന്ന സ്കൂളില്‍ ഇന്ന് 230 പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നു. കുട്ടികള്‍ക്ക് പാലും മുട്ടയും പ്രഭാത ഭക്ഷണമായി നല്‍കുന്ന പ്രത്യേക പദ്ധതി, സ്കൂള്‍ ബസ്, ജീപ്പ് സര്‍വീസ് എന്നിവയും. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനായി എട്ടു അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ 32 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു. ആട്- പശു ഗ്രാമം പദ്ധതി നടത്തിപ്പിന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ വിദഗ്ധര്‍ക്കാണ് ചുമതല. 1.43 കോടി രൂപയുടെ പദ്ധതിയാണിത്. നിര്‍മിതി കേന്ദ്രയാണ് വീടുകള്‍ നിര്‍മിക്കുന്നത്. 316 വീടുകള്‍ പൂര്‍ത്തിയായി. 266 കുടുംബങ്ങള്‍ താമസവും തുടങ്ങി. 120 വീടുകള്‍ ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ഫണ്ടില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മിക്കുന്ന മാതൃകയും ആറളത്തിന് സ്വന്തം. ഇതില്‍ 11 പൂര്‍ത്തിയായി. 19 പൂര്‍ത്തീകരണ ഘട്ടത്തിലെത്തി. 2335 വീടുകള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ ഫണ്ട് ആദിവാസി പുനരധിവാസ മിഷന് മുന്‍കൂറായി നല്‍കിയാണ് സര്‍ക്കാര്‍ ഈ രംഗത്ത് നിശ്ചയദാര്‍ഢ്യവും ഇഛാശക്തിയും പ്രകടിപ്പിച്ചത്. മൊത്തം 29.25 കോടി രൂപയാണ് വീടുകള്‍ക്കു മാത്രം ചെലവഴിക്കുന്നത്.
നബാര്‍ഡ് വിദഗ്ധ സമിതി പരിശോധനകളുടെ രണ്ടാം ഘട്ടമാണിപ്പോള്‍ ഫാം പുനരധിവാസ മേഖലയില്‍ നടക്കുന്നത്. മാതൃകാ പഠനത്തിന് രാജ്യം ആശ്രയിക്കുന്ന പുനരധിവാസപദ്ധതിയെന്നതാണ് നബാര്‍ഡിന് പ്രേരണയായത്. ആദ്യഘട്ട പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ പരിഗണനയിലാണ്. രണ്ടാം ഘട്ട പഠന റിപ്പോര്‍ട്ട് കൂടി വരുന്ന മുറക്ക് ആറളത്തെ ആദിവാസി ക്ഷേമ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാകെ നബാര്‍ഡ് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. റബറും തെങ്ങും കവുങ്ങും പച്ചക്കറികളും യഥേഷ്ടം വിളയുന്ന ആറളത്തിന്റെ ഫലഭൂയിഷ്ഠ മണ്ണില്‍ നാമ്പിടുന്നത് കാടിന്റ്െ മക്കളാര്‍ജിച്ച പുതുജീവിതം തന്നെ. ഹൃദയത്തോട് ചേര്‍ത്ത് ഇവരെ മുഖ്യധാരയിലേക്കുയര്‍ത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
(മനോഹരന്‍ കൈതപ്രം)
ദേശാഭിമാനി 03092010
കുറ്റ്യാടിയെന്നാല്‍ കേരളത്തില്‍ നാളികേരത്തിന്റെ പര്യായമാണ്. കോഴിക്കോട് ജില്ലയുടെ ഈ മലയോരഗ്രാമവും തെങ്ങുമായി അത്രമാത്രം ബന്ധമുണ്ട്. കര്‍ഷക സ്വപ്നങ്ങള്‍ മണ്ണടിഞ്ഞുതുടങ്ങിയ നാളികേര ഗ്രാമങ്ങളില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഇടപെടലിലൂടെ ഇന്ന് പ്രതീക്ഷയുടെ ഇളനീര്‍ മധുരം കിനിയുകയാണ്. വിലത്തകര്‍ച്ചയും തെങ്ങുകളെ കീഴ്പ്പെടുത്തിയ മഹാമാരികളും നിമിത്തം ജീവിതം കൈവിട്ടുപോയ കേരകര്‍ഷകന് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ് പുത്തനുണര്‍വ് പകര്‍ന്നു. 41 കോടി ചെലവില്‍ ആരംഭിക്കുന്ന കുറ്റ്യാടി നാളികേര പാര്‍ക്ക് കര്‍ഷകന്റെ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ത്തി. വൈവിധ്യവല്‍ക്കരണത്തിലൂടെ അതിജീവനത്തിന്റെ പുതുവഴി തെളിഞ്ഞ ആഹ്ളാദത്തിലാണ് കേരകര്‍ഷകര്‍.
ReplyDelete