Thursday, September 2, 2010

നേട്ടങ്ങളുടെ അഞ്ചാണ്ട്

ആര്യാട് സര്‍ക്കാര്‍ ആശുപത്രിക്ക് ശീതീകരിച്ച ഒപി

ആതുരശുശ്രൂഷാ രംഗത്ത് ആര്യാട് പഞ്ചായത്ത്(ആലപ്പുഴ) ചരിത്രം കുറിക്കുന്നു. ഇന്ത്യയിലെതന്നെ ആദ്യത്തെ ശീതീകരിച്ച ഒപിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രമാണ് ആര്യാട് റൂറല്‍ ഡിസ്പെന്‍സറി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സതേടി എത്തുന്ന പ്രാഥമിക ആശുപത്രികളിലൊന്നാണിത്. സമീപ പഞ്ചായത്തുകളില്‍ നിന്നുപോലും ചികിത്സതേടി ഇവിടെ ദിനംപ്രതി 300നും 350നും ഇടയില്‍ രോഗികള്‍ എത്തുന്നു. അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്. രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ആശുപത്രിയും ഇതുതന്നെ. ഊഴം ആകുംവരെ വിശ്രമിക്കാന്‍ പ്രത്യേക മുറിയും ഇരിപ്പിടവും ഒരുക്കി. എല്‍സിഡി ടിവിയും സ്ഥാപിച്ചു. ഈ ഒപിയിലാണ് ഇപ്പോള്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയത്.

ധനമന്ത്രി ഡോ. തോമസ് ഐസക് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ച് കോണ്‍ഫ്രന്‍സ് ഹാള്‍ നിര്‍മ്മിച്ചു. രോഗികള്‍ക്ക് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ വാങ്ങിച്ചു നല്‍കുന്നതിനും ആശുപത്രി വികസന സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കുന്നു. മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും വികസന സമിതി യോഗം ചേരും. ആശുപത്രി വികസനത്തിന് മുന്തിയ പരിഗണനയാണ് പഞ്ചായത്ത് നല്‍കുന്നതെന്ന് പ്രസിഡണ്ട് കെ ഡി മഹീന്ദ്രന്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇവിടെ ജോലിചെയ്യുന്നു. ജനകീയ പങ്കാളിത്തത്തോടെ ആഴ്ചയിലൊരിക്കല്‍ കൌസിലിങ് നടത്താനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്‍ പറഞ്ഞു. ശീതീകരിച്ച ഒപി പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ശിവദാസ്, എന്‍ആര്‍എച്ച്എം കോ- ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ സിദ്ധാര്‍ഥന്‍ അധ്യക്ഷനായി.

തേങ്ങ ഉല്‍പ്പാദനം കൂടി; വഴിമുടക്കാന്‍ പാമോയില്‍

നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി സംസ്ഥാനത്തെ നാളികേരോല്‍പ്പാദനം കൂടി. എന്നാല്‍, ഉല്‍പ്പാദനവര്‍ധനയുടെ കാലത്തും ദുരിതം സമ്മാനിച്ച് പാമോയില്‍ ഒഴുക്ക്. ഇറക്കുമതിത്തീരുവ എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പാമോയിലിന് കിലോയ്ക്ക് 15 രൂപ സബ്സിഡി നല്‍കിയാണ് കേരകര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നത്. മുന്‍കാലത്തേക്കാള്‍ പത്തിരട്ടി പാമോയിലാണ് അടുത്തിടെ ഇന്ത്യയിലേക്ക് ഒഴുകിയത്. വിലയുടെ അപര്യാപ്തത കാരണം വെളിച്ചെണ്ണവിപണി തകര്‍ച്ചയുടെ വക്കിലാണ്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ വിദേശ എണ്ണലോബികള്‍ കോടികള്‍ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു.

പാമോയിലിന് സബ്സിഡി ഏര്‍പ്പെടുത്തുന്നതിനുമുമ്പ് 2006-07ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത ശുദ്ധീകരിച്ച പാമോയില്‍ 1,15,142 ടണ്ണായിരുന്നെങ്കില്‍ 2008-09ല്‍ ഇത് 12,40,018 ടണ്ണായി ഉയര്‍ന്നു. ശുദ്ധീകരിക്കാത്ത പാമോയിലാകട്ടെ 2006-07ല്‍ 29,94,225 ടണ്ണായിരുന്നത് 2008-09ല്‍ 51,87,063 ടണ്ണായും ഉയര്‍ന്നു. 2009 നവംബര്‍മുതല്‍ 2010 ജൂലൈവരെയുള്ള ഒമ്പതുമാസംമാത്രം പ്രവഹിച്ച ശുദ്ധീകരിച്ച പാമോയില്‍ 8,48,478 ടണ്ണാണ്. ശുദ്ധീകരിക്കാത്തതാകട്ടെ 35,56,910 ടണ്ണുമാണെന്ന് സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷംമുമ്പുവരെ രണ്ടരലക്ഷം ടണ്ണായിരുന്നു വെളിച്ചെണ്ണ ഉപഭോഗമെങ്കില്‍ ഇപ്പോള്‍ ഒന്നരലക്ഷം ടണ്ണായി കുറഞ്ഞതായി കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പമോയില്‍ സബ്സിഡി അനന്തമായി നീട്ടുന്നത് അവസാനിപ്പിക്കുകയോ ആഭ്യന്തര എണ്ണകള്‍ക്കും സബ്സിഡി ഏര്‍പ്പെടുത്തുകയോ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സബ്സിഡി പാമോയില്‍ സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും കേരളത്തിലെ തുറമുഖങ്ങളില്‍ പാമോയിലിനുള്ള ഇറക്കുമതിനിരോധവും കേരകര്‍ഷകര്‍ക്ക് തുണയായിരുന്നു. എന്നാല്‍ കൂടുതല്‍ ഉദാരമായ സമീപനങ്ങള്‍ കേന്ദ്രം പാമോയിലിന് നല്‍കുകവഴി കേരകര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. കേരളത്തിലെ തെങ്ങുകൃഷിയിടം 8.18 ലക്ഷം ഹെക്ടറില്‍നിന്ന് 7.87 ലക്ഷം ഹെക്ടറായി കുറഞ്ഞിട്ടും ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ട്. രാജ്യത്തെ തേങ്ങ ഉല്‍പ്പാദനത്തില്‍ കേരളത്തിനുള്ള ഒന്നാംസ്ഥാനം ഇക്കുറിയും നിലനിര്‍ത്തി. 2007-08നെ അപേക്ഷിച്ച് 2008-09ല്‍ നാളികേരോല്‍പ്പാദനം 16 കോടിയാണ് വര്‍ധിച്ചത്. തെങ്ങ് സംരക്ഷിക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സംസ്ഥാനം നടത്തുന്ന ശ്രമങ്ങള്‍ക്ക് ഫലം കാണുന്നുവെന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മൊത്തം നാളികേരോല്‍പ്പാദനത്തില്‍ 98 കോടിയുടെ വര്‍ധനയുണ്ടായെന്ന് വ്യക്തമാക്കുന്ന ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് കേരളത്തിന്റെ ഉല്‍പ്പാദനം ഹെക്ടറില്‍ 6889ല്‍നിന്ന് 7365 ആയി ഉയര്‍ന്നതായി രേഖപ്പെടുത്തി. എന്നാല്‍, തമിഴ്നാടിന്റെ ഉല്‍പ്പാദനവര്‍ധന ഏറിയതിനാല്‍ കേരളത്തിന്റെ ദേശീയവിഹിത ശതമാനത്തില്‍ ഇടിവുണ്ടാക്കി.
(ഷഫീഖ് അമരാവതി )

വിതയ്ക്കാനും കൊയ്യാനും ഇവിടെ ആളുണ്ട്

ഇരിട്ടി: വിതയ്ക്കാനും കൊയ്യാനും കളപറിക്കാനുമൊന്നും പായം പഞ്ചായത്തില്‍ ആളെ കിട്ടുന്നില്ലെന്ന പരാതിയില്ല. ലേബര്‍ബാങ്കിലേക്ക് ഒരു ഫോകോള്‍. തൊഴിലാളികള്‍ റെഡി. ജനകീയാസൂത്രണവും തൊഴിലുറപ്പുപദ്ധതിയും ഉപയോഗപ്പെടുത്തി കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ പായം പഞ്ചായത്ത് ലേബര്‍ബാങ്ക് ആവിഷ്കരിച്ചത്. വിതയ്ക്കാനും കൊയ്യാനും കളപറിക്കാനും റബര്‍കൃഷിക്ക് കുഴിയെടുക്കാനും പ്ളാറ്റ്ഫോം തീര്‍ക്കാനുമൊക്കെയായി കാര്‍ഷിക തൊഴില്‍മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്കാണ് ലേബര്‍ബാങ്കില്‍ അംഗത്വം. പുതുതലമുറ വഴിമാറി നടക്കുന്ന കാര്‍ഷികമേഖലയിലെ തൊഴില്‍സംസ്കാരം തിരിച്ചുപിടിക്കുകയാണ് ഇവിടെ. മെറൂ ഓവര്‍കോട്ടും തൊപ്പിയും ധരിച്ച് പടശേഖരങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന പായം ലേബര്‍ബാങ്കിന്റെ തൊഴില്‍സേന കേരളത്തിന്റെ ഗതകാല കൃഷിക്കാഴ്ചകള്‍ സമൂഹത്തില്‍ തിരിച്ചെത്തിക്കുന്നു. മാറ്റത്തിന്റെ ഈ വളകിലുക്കം ഗ്രാമവികസനത്തില്‍ സ്ത്രീകള്‍ ആര്‍ജിക്കുന്ന മുന്‍കൈയുടെ സൂചകം. തൊഴില്‍ബാങ്കില്‍ 340 പേരാണുള്ളത്. പഞ്ചായത്ത് ഓഫീസിലാണ് ലേബര്‍ബാങ്കിന്റെ ഓഫീസ്. ഓരോ തൊഴിലിനും നിശ്ചിതകൂലിയുണ്ട്. സാങ്കേതികപരിജ്ഞാനം ആവശ്യമുള്ള റബര്‍ടാപ്പിങ്, റബര്‍പാല്‍ സംസ്കരണം, ഷീറ്റടിക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതുവഴി അംഗങ്ങള്‍ക്ക് മുടങ്ങാതെ തൊഴില്‍ ലഭിക്കാന്‍ പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് പറഞ്ഞു. സമീപ പഞ്ചായത്തായ ഉളിക്കലില്‍ ഉള്‍പ്പെടെ പായം ലേബര്‍ബാങ്ക് അംഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൃഷി ഓഫീസര്‍ കെ വി ദേവദാസ് കണ്‍വീനറും എം പത്മാവതി സെക്രട്ടറിയുമായ സമിതിയാണ് ലേബര്‍ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
(മനോഹരന്‍ കൈതപ്രം)

ദേശാഭിമാനി 02092010

1 comment:

  1. ആതുരശുശ്രൂഷാ രംഗത്ത് ആര്യാട് പഞ്ചായത്ത്(ആലപ്പുഴ) ചരിത്രം കുറിക്കുന്നു. ഇന്ത്യയിലെതന്നെ ആദ്യത്തെ ശീതീകരിച്ച ഒപിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രമാണ് ആര്യാട് റൂറല്‍ ഡിസ്പെന്‍സറി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സതേടി എത്തുന്ന പ്രാഥമിക ആശുപത്രികളിലൊന്നാണിത്. സമീപ പഞ്ചായത്തുകളില്‍ നിന്നുപോലും ചികിത്സതേടി ഇവിടെ ദിനംപ്രതി 300നും 350നും ഇടയില്‍ രോഗികള്‍ എത്തുന്നു. അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അതീവശ്രദ്ധയാണ് പുലര്‍ത്തുന്നത്. രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ടോക്ക സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ആശുപത്രിയും ഇതുതന്നെ. ഊഴം ആകുംവരെ വിശ്രമിക്കാന്‍ പ്രത്യേക മുറിയും ഇരിപ്പിടവും ഒരുക്കി. എല്‍സിഡി ടിവിയും സ്ഥാപിച്ചു. ഈ ഒപിയിലാണ് ഇപ്പോള്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയത്.

    ReplyDelete