പറഞ്ഞറിയിക്കാനാകില്ല പാറത്തോടിന്റെ മുന്നേറ്റം
അഞ്ചുവര്‍ഷംകൊണ്ട് പാറത്തോടിനുണ്ടായ മാറ്റം ആരെയും അത്ഭുതപ്പെടുത്തും. അഡ്വ. അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയുടെ പ്രത്യേക വികസനഫണ്ടും ജില്ല-ബ്ളോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും വകയായി കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ നടന്നത്. കുടിവെള്ളക്ഷാമം പരിഹരിച്ചതാണ് പ്രധാനനേട്ടങ്ങളില്‍ ഒന്ന്. 60 ലക്ഷം രൂപ ചെലവഴിച്ച് പതിനാല് ജലവിതരണ പദ്ധതികള്‍ നടപ്പാക്കി. 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ആനക്കല്ല് വണ്ടന്‍പാറ കുടിവെള്ളപദ്ധതി അന്തിമഘട്ടത്തിലാണ്. കോതാമല ജലവിതരണ പദ്ധതി, കാരയ്ക്കല്‍കോളനി പദ്ധതി, ഡ്രീംലാന്‍ഡ് പദ്ധതി, എട്ടരക്കോളനി പദ്ധതി എന്നിവയ്ക്ക് രണ്ടുലക്ഷം രൂപ വീതവും അനുവദിച്ചു. പുല്‍ക്കുന്ന് കുടിവെള്ളപദ്ധതി (15 ലക്ഷം), പാറത്തോട് കുന്നുംഭാഗം പദ്ധതി (4,65,000), ചിറ്റടി മുണ്ടമറ്റം പദ്ധതി (16 ലക്ഷം) എന്നിവയ്ക്കും തുക ചെലവഴിച്ചു. പാലപ്രയില്‍ നാലുലക്ഷം രൂപ ചെലവില്‍ പുതിയ സബ്സെന്റര്‍ നിര്‍മിച്ചു. നാല്, അഞ്ച് വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പട്യാനിക്കര ചപ്പാത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചു. പാലപ്ര ജലസേചനപദ്ധതികള്‍ക്ക് 18 ലക്ഷം രൂപ നീക്കിവച്ചു. കുളപ്പുറം ജലസേചനപദ്ധതിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇ എം എസ് ഭവനപദ്ധതിയില്‍ അഞ്ചുവര്‍ഷംകൊണ്ട് ആയിരം വീട് നല്‍കി. 23 കോടിയുടെ നീര്‍ത്തട വികസന പദ്ധതിക്ക് അനുമതി ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 2020 തൊഴിലാളികള്‍ അംഗങ്ങളാണ്.
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികവര്‍ഗക്കാര്‍ക്ക് പഴൂമലയില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് സാംസ്കാരിക നിലയം നിര്‍മിച്ചു. വാര്‍ഡുകളുടെ പശ്ചാത്തല വികസനത്തിന് നാലുകോടി രൂപ ചെലവിട്ടു. ഇടക്കുന്നം കൊരട്ടിഭാഗം കോളനി, കോഴിക്കുന്നേല്‍ കോളനി, പുളിമൂട്ഭാഗം, വടക്കേമല പാറേല്‍ഭാഗം, പറത്താനം, വേങ്ങത്താനം പ്രദേശങ്ങളില്‍ വൈദ്യുതി എത്തിച്ചു. അങ്കണവാടികള്‍ പുനരുദ്ധരിക്കാനും ഭൌതികസൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും 25 ലക്ഷം രൂപ ചെലവഴിച്ചു. മാളിക പാലച്ചുവടില്‍ പുതിയപാലം, പാലപ്ര അമ്പലം വളവ് നിവര്‍ത്തല്‍ എന്നിവ നടപ്പാക്കി. ചോറ്റി-ഊരയ്ക്കനാട് മാളിക, പാറത്തോട് പഴുമല-ചാണകക്കുളം, വെളിച്ചിയാനി-പാലപ്ര, പള്ളിപ്പടി-ഇടക്കുന്നം, പൊടിമറ്റം-നരിവേലി-ആനക്കല്ല്, പൊടിമറ്റം-വണ്ടന്‍പാറ-ആനക്കല്ല് 26-ാംമൈല്‍ -പാലമ്പ്ര-കാരികുളം-കൂവപ്പള്ളി, കൂവപ്പള്ളി-കൂരംതൂക്ക്-വെള്ളനാടി എന്നീ റോഡുകള്‍ പിഡബ്ള്യുഡിയെ ഏറ്റെടുപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും നല്‍കി. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഇടക്കുന്നത്ത് സിഎസ്ഐ സാംസ്കാരിക നിലയവും ബ്ളോക്ക് പഞ്ചായത്തുമായി സഹകരിച്ച് 85 അംബേദ്കര്‍ കോളനികളിലും സാംസ്കാരിക നിലയവും നിര്‍മിച്ചു. കൂരംതൂക്കില്‍ വൃദ്ധസദനവും 49 ലക്ഷം ചെലവില്‍ ബ്ളോക്ക് പഞ്ചായത്തുമായി സഹകരിച്ച് കുടുംബശ്രീ തൊഴില്‍ പരിശീലനകേന്ദ്രവും നിര്‍മിച്ചു. പഞ്ചായത്ത് ഓഫീസില്‍ ഫ്രണ്ട്സ് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കി. തുടങ്ങി നിരവധി നേട്ടങ്ങളാണ് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളത്. സിപിഐ എം പാറത്തോട് ലോക്കല്‍കമ്മിറ്റി അംഗമായ പി ഐ ഷുക്കൂറാണ് പഞ്ചായത്ത് പ്രസിഡന്റ്.
(ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍)
കാര്‍ഷികമേഖലയ്ക്ക് കരുത്തുപകര്‍ന്ന്
ആലപ്പുഴ ജില്ലയിലെ മുഴുവന്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളെയും സംസ്ഥാന കൃഷി വകുപ്പിനെയും സംയുക്തമായി സംഘടിപ്പിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷം കാര്‍ഷിക മേഖലയില്‍ അതിശക്തമായ ഇടപെടലിന് നേതൃത്വം കൊടുക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ശാസ്ത്രീയമായ ഒരു കാര്‍ഷിക കലണ്ടറിന് രൂപം നല്‍കികൊണ്ടാണ് ഈ മേഖലയിലെ പദ്ധതികള്‍ ആവിഷ്കരിച്ചത്. ഗ്രാമീണ മേഖലയിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിന് തടസമായിരുന്ന അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. മുന്നൂറോളം പാടശേഖരങ്ങളില്‍ 22.13 കോടി രൂപ വിനിയോഗിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പു വരുത്തി. കുട്ടനാട്ടില്‍ 150 പാടശേഖരങ്ങള്‍ക്ക് പുറംബണ്ട് കെട്ടി സംരക്ഷണം നല്‍കി. കൃഷി വകുപ്പിന്റെ കൊയ്ത്തു മെതിയന്ത്രങ്ങള്‍ തുച്ഛമായ വാടകയ്ക്ക് കൃഷിക്കാര്‍ക്ക് നല്‍കിയതോടൊപ്പം ഏഴ് കൊയ്ത്തു മെതിയന്ത്രങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. യന്ത്രങ്ങളുടെ അറ്റകുറ്റ പണിക്ക് ഒരു മൊബൈല്‍ വര്‍ക്ക്ഷോപ്പ് ആരംഭിച്ചു. തനതായ പദ്ധതികളിലുടെ 6741.366 ഹെക്ടര്‍ പാടശേഖരങ്ങളില്‍ പുതുതായി കൃഷിയിറക്കി. ഇതു വഴി 27,000 ട നെല്ല് അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഈ ഭരണസമിതിയുടെ കാലയളവില്‍ 18,648.61 ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുകയും 7,45,950 ട നെല്ല് ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. നെല്ലിന്റെ വിവിധ മുല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ജില്ലാ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 'കളം' എന്ന പദ്ധതി ആരംഭിച്ചു. ഈ മേഖലയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതും നേട്ടമായി.
ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയ അഞ്ചാണ്ട്
ദുര്‍ബല ജനവിഭാഗങ്ങളുടെസമഗ്രമായ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ആവശ്യമായ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്. പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് ലഭ്യമായ മുഴുവന്‍ തുകയും അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞു. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വ്യാപനത്തിന് ജില്ലയിലെ 15 പട്ടികജാതി കോളനികളില്‍ മണ്ണിട്ടുയര്‍ത്തി കൃഷിയോഗ്യമാക്കുന്നതിന് 74 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. പട്ടികജാതി കോളനികളിലെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിന് പുരയിടം മണ്ണിട്ടുയര്‍ത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ ഉദ്ദേശിച്ച് 25 കോളനികളില്‍ 1.29 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി. പട്ടിക ജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ ഉറപ്പാക്കുന്നതിന് വനിതാ വ്യവസായ സംരംഭകത്വ പരിശീലനം, കയര്‍പിരി യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ധനസഹായം, പട്ടിക ജാതി വിഭാഗം വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുഴുവന്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍ക്കും അടിസ്ഥാന വികസന സൌകര്യം ഒരുക്കല്‍ എന്നിവയ്ക്ക് നടപടി സ്വീകരിച്ചു. പട്ടികജാതി വിഭാഗത്തിന് കംപ്യൂട്ടര്‍ സാക്ഷരത പദ്ധതി, വൈദ്യുത ലൈന്‍ വ്യാപന പദ്ധതി, ഭൂരഹിതര്‍ക്ക് വാസയോഗ്യമായ ഭൂമി ലഭ്യമാക്കല്‍, ഭവനരഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം, കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുള്ള നടപടി എന്നിവയെല്ലാം ഭരണസമിതിയുടെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. സര്‍ക്കാരില്‍നിന്ന് ലഭിച്ച പ്രത്യേക ഘടകപദ്ധതി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാനായത് സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുക്കുന്നതിന് ഇടയാക്കി.
പുതുവെളിച്ചം നല്‍കി സാമൂഹ്യക്ഷേമ പദ്ധതികള്‍
ജില്ലാ പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ സാമൂഹ്യക്ഷേമപദ്ധതികള്‍ ജനങ്ങളുടെ നിത്യജീവിത്തില്‍ പുതിയ വെളിച്ചം പകരുന്നു. വീടില്ലാത്തവര്‍ക്കു പുതിയ വീടുവച്ചു നല്‍കിയും ഭൂരഹിതര്‍ക്കു ഭൂമി വാങ്ങുന്നതിനും ജില്ലാ പഞ്ചായത്ത് സഹായിച്ചു. ഇതിനായി വിപുലമായ പദ്ധതിതന്നെ ജില്ലാ പഞ്ചായത്തു നടപ്പാക്കി. ജനറല്‍ വിഭാഗത്തില്‍ 630 കുടുംബങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 722 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 61 കുടുംബങ്ങള്‍ക്കും പുതിയ വീടു നല്‍കി. ഐഎവൈ പദ്ധതിയനുസരിച്ചു 20,124 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിനും 181 കുടുംബങ്ങള്‍ക്കു ഭൂമി വാങ്ങുന്നതിനും ധനസഹായം നല്‍കി.
അങ്കണവാടികള്‍:
2008-09 സാമ്പത്തികവര്‍ഷം 49 ഉം 2009-10ല്‍ 23 ഉം അങ്കണവാടികള്‍ പൂര്‍ത്തിയാക്കി. 2005-06 ല്‍ ജില്ലയിലെ 584 അങ്കണവാടികള്‍ക്ക് ധാന്യസംഭരണ പെട്ടികള്‍ നല്‍കി. ആയിരത്തിഅഞ്ഞൂറോളം അങ്കണവാടികള്‍ക്ക് പാചകവാതക കണക്ഷന്‍ ലഭ്യമാക്കി. 12 പോഷകാഹാര വിപണനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
പകല്‍വീട്:
വാര്‍ധക്യത്തില്‍ ഏകരായി ജീവിക്കേണ്ടിവരുന്നവര്‍ക്കു ആശ്വാസമേകാന്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയതാണ് പകല്‍വീടുകള്‍. ഒരു ബ്ളോക്കുപഞ്ചായത്തില്‍ ഒന്നെന്ന കണക്കില്‍ 12 പകല്‍വീടുകളാണ് സ്ഥാപിച്ചത്.
എച്ച്ഐവി ബാധിതര്‍ക്കു പോഷകാഹാരം:
സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍ ഭീഷണിയിലാണ് എച്ച്ഐവി ബാധിതര്‍. ഇവരുനഭവിക്കുന്ന പോഷകാഹാര പ്രശ്നം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയെ മാതൃകാപദ്ധതിയെന്നു സംസ്ഥാന പ്ളാനിങ് ബോര്‍ഡ് ശ്ളാഘിച്ചു. ഇതിനകം 204 പേര്‍ക്ക് ഇതനുസരിച്ചു പോഷകാഹാരം നല്‍കി. നിരാലംബരായ 50 പേര്‍ക്കു ആശ്രയപദ്ധതിപ്രകാരം ഭൂമി വാങ്ങാനും 24 പേര്‍ക്കു വീടുവയ്ക്കാനും ധനസഹായം നല്‍കി.
വികലാംഗക്ഷേമം:
മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പ് നൂതനപദ്ധതിയായി. അഞ്ചുവര്‍ഷത്തിനിടയില്‍ 3553 കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. ഇതിനുപുറമെ ശാരീരികവൈകല്യമുള്ള 307 കുട്ടിള്‍ക്കും സ്കോളര്‍ഷിപ്പു നല്‍കി. 59.99 ലക്ഷംരൂപ ഇതിനായി ചെലവിട്ടു. പുന്നപ്രയില്‍ വികലാംഗ സഹായോപകരണശാല സ്ഥാപിക്കാന്‍ സംസ്ഥാന വികലാംഗ ക്ഷേമകോര്‍പറേഷനു തുക കൈമാറി. കഞ്ഞിക്കുഴിയില്‍ അന്ധര്‍ക്കു സ്വയംതൊഴില്‍ പിരിശീലന-ഉല്‍പ്പന്നവിപണന കേന്ദ്രവും സ്ഥാപിച്ചു.
സമഗ്ര വികസനത്തിന് അടിത്തറയിട്ടു
സമഗ്ര വികസനപ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമങ്ങളുടെ മുഖഛായ മാറ്റാനും ഗ്രാമീണ ജനതയുടെ അടിസ്ഥാന ജീവിതസൌകര്യങ്ങള്‍ വികസിപ്പിക്കാനും ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. 400 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജനങ്ങളുടെ സമ്പൂര്‍ണ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. സമ്പൂര്‍ണ ശുചിത്വം, കാര്‍ഷികവികസനം, പാവങ്ങളുടെ ജീവിതസൌകര്യം വിപുലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ഏറെ പ്രാധാന്യം നല്‍കിയത്. 73 ഗ്രാമപഞ്ചായത്തുകളും ഏറ്റെടുത്ത സമ്പൂര്‍ണ ശുചിത്വയജ്ഞം ദേശീയ ശ്രദ്ധപിടിച്ചുപറ്റി. 73 പഞ്ചായത്തുകള്‍ക്കും 12 ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തിനും കേന്ദ്ര സര്‍ക്കാര്‍ 'നിര്‍മല്‍ പുരസ്കാരം' നല്‍കി ആദരിച്ചു. 6.25 കോടി രൂപയാണ് നിര്‍മല്‍ പുരസ്കാര്‍ അവാര്‍ഡ് തുകയായി ലഭിച്ചത്. കാഷികമേഖലയില്‍ ഒരുതുണ്ടുഭൂമിപോലും തരിശിടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഓണാട്ടുകരയിലും കുട്ടനാടന്‍ മേഖലയിലും സമ്പൂര്‍ണ നെല്‍കൃഷി നടപ്പാക്കി. കൊയ്ത്ത്-മെതിയന്ത്രങ്ങള്‍ എത്തിച്ചുകൊടുത്ത് കര്‍ഷകരെ സഹായിച്ചു. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതെതന്നെ യന്ത്രം ഉപയോഗിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഈ മേഖലയില്‍ ഉണ്ടായിരുന്ന തൊഴില്‍തര്‍ക്കവും ആശങ്കയും ഇല്ലാതാക്കി. നെല്‍കൃഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ക്കായി.
പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കി. 20,000 രൂപ വിലയുള്ള ഓരോ പശുക്കളെ കര്‍ഷകര്‍ക്ക് നല്‍കി. 1000 പശുക്കളെയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇത് പാല്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിച്ചു. കുടുംബശ്രീവഴി പച്ചക്കറി, ഇഞ്ചി, വാഴ, ഇടവിള കൃഷികള്‍ വികസിപ്പിച്ചു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഏറെ കാര്യങ്ങള്‍ ചെയ്തു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതി നടപ്പാക്കി. എല്ലാ സ്കൂളുകളിലും കംപ്യൂട്ടര്‍വല്‍ക്കരണവും സ്മാര്‍ട്ട് ക്ളാസ് റൂമും നടപ്പാക്കി. ഐടി അധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവന്നു. എസ്എസ്എല്‍സി വിജയശതമാനം ശരാശരി 96 ശതമാനമായി ഉയര്‍ന്നു. എ പ്ളസ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണംകൂടി. 100 ശതമാനം വിജയം നേടുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണവും വര്‍ധിച്ചു.
ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ആരംഭിച്ചു. ഒക്ടോബര്‍ മാസത്തോടെ ഇത് പൂര്‍ത്തിയാകും. കുടിവെള്ളപദ്ധതി നടപ്പാക്കി. സമഗ്ര കോളനി വികസനം പൂര്‍ത്തിയാക്കി. ഇഎംഎസ് ഭവനപദ്ധതിയില്‍ ജില്ലയില്‍ 50,000 ത്തോളം വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത് ജില്ലാ സഹകരണബാങ്കില്‍നിന്നും 26 കോടി രൂപ വായ്പയെടുത്തു ചെലവഴിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി. 48 കോടിയുടെ പണികള്‍ പൂര്‍ത്തീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡുവഴി വലകള്‍ ലഭ്യമാക്കി. കയര്‍പിരി തൊഴിലാളികള്‍ക്ക് വര്‍ക്ക്ഷെഡ് സ്ഥാപിച്ച് മോട്ടോറൈസ്ഡ് റാട്ട് നല്‍കി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും മുഴുവന്‍ മരുന്നും ഭക്ഷണവും നല്‍കുന്നു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആധുനിക ചികിത്സാരീതി നടപ്പാക്കി. മരുന്നുകള്‍ സൌജന്യമായി നല്‍കുന്നു. മുഴുവന്‍ ജനവിഭാഗങ്ങളുടെയും അംഗീകാരം നേടിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു.
മുഴുവന്‍ സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍
ക്ഷീരവികസനം, വ്യവസായം, കയര്‍, ഫിഷറീസ് വകുപ്പുകള്‍ക്ക് കീഴിലുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കു കൂടി പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പതിനായിരത്തോളം സഹകരണസംഘങ്ങളിലായുള്ള 21,000 ജീവനക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 93 ജൂണ്‍ മൂന്നുമുതല്‍ പദ്ധതിക്ക് മുന്‍കാല പ്രാബല്യമുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘം ജീവനക്കാര്‍ക്കും പെന്‍ഷനായി. കുറഞ്ഞത് 600 രൂപയും പരമാവധി 10,000 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. അവസാനം വാങ്ങുന്ന ശമ്പളത്തിന്റെയും തൊഴിലുടമ അടയ്ക്കുന്ന പിഎഫ് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കുക. സഹകരണ സ്വാശ്രയ പെന്‍ഷന്‍ബോര്‍ഡ് വഴിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം 13ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ ജില്ല-സംസ്ഥാന സഹകരണ ജിവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിച്ചിരുന്നു. ആറായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് വ്യവസായങ്ങളുടെ സ്വപ്നഭൂമി
കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടില്‍ വ്യവസായവികസനത്തില്‍ പുത്തനുണര്‍വ്. പുതിയ വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുകയും അതിനോടനുബന്ധിച്ച് നിരവധി ചെറുകിടവ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ വ്യവസായ മേഖലയില്‍ പുത്തന്‍ ഉണര്‍വ് സംജാതമായി. യുഡിഎഫ്ഭരണകാലത്ത് 200 വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നു. വ്യവസായമേഖല ശവപറമ്പായി മാറിയിരുന്നു. 15,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിന്റെ ഭാഗമായി ചില തൊഴിലാളികള്‍ ആത്മഹത്യചെയ്തു. ചിലര്‍ വൃക്ക വില്‍പ്പന നടത്തുകയും ചെയ്തു. എല്‍ഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായസ്ഥാപനങ്ങള്‍ പൂട്ടുന്ന സ്ഥിതി മാറി. കഞ്ചിക്കോടില്‍ ഇന്റഗ്രേറ്റ് ടെക്സ്റ്റയില്‍പാര്‍ക്ക് നിര്‍മാണം തുടങ്ങി. ആറ് യൂണിറ്റുകള്‍ തുടങ്ങാന്‍ പ്രാരംഭപ്രവര്‍ത്തനമായി. ദക്ഷിണേന്ത്യയിലെ പ്രധാനടെക്സ്റ്റയില്‍ കേന്ദ്രമായി കഞ്ചിക്കോട് മാറും. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ചിറ്റൂര്‍ ഷുഗേഴ്സ് ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുത്തു. 70 ജീവനക്കാരെ ബിവറേജസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള മിനി രത്നകമ്പനിയായ ബിഇഎംഎല്‍ (ബെമല്‍) യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനംതുടങ്ങി. ഇതിനാവശ്യമായ 450 ഏക്കര്‍ ഭൂമി, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കി. ബിഇഎംഎല്‍ രണ്ടാംഘട്ടവികസനത്തിനുള്ള പ്രവര്‍ത്തനവും തുടങ്ങി.
പാലക്കാടിന്റെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്ന കോച്ച്ഫാക്ടറി അനുവദിപ്പിക്കാന്‍ കഴിഞ്ഞു. കോച്ച് ഫാക്ടറിക്കായുള്ള സ്ഥലമെടുപ്പ് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകതാല്‍പ്പര്യമെടുപ്പ് കര്‍ഷകരുടെ പൂര്‍ണ സഹകരണത്തോടെ സ്ഥലം കണ്ടെത്തി കൈമാറിക്കഴിഞ്ഞു. കോച്ചുഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ആയിരക്കണക്കിന് അനുബന്ധവ്യവസായ സ്ഥാപനങ്ങളും ആരംഭിക്കും. വ്യവസായ മേഖലയുടെ വികസനം മുന്നില്‍കണ്ട് വൈദ്യുതി മന്ത്രിയുടെ താല്‍പ്പര്യപ്രകാരം 400 കെ വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടിയായി. വ്യവസായങ്ങള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സംകൂടാതെ ലഭ്യമാക്കാനാണ് വൈദ്യുതിവകുപ്പ് നടപടി തുടങ്ങിയത്. 110 കെ വി യുടെ രണ്ട് സബ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും കഞ്ചിക്കോട് വ്യവസായമേഖലയില്‍ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി മോഷണം തടയാന്‍ ആധുനികസംവിധാനം ഏര്‍പ്പെടുത്തി. ശുദ്ധജലപ്രശ്നം പരിഹരിക്കുന്നതിന് പുതുശേരി പഞ്ചായത്തില്‍ 9.25 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി. കഴിഞ്ഞ നാലു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ ഭാഗമായി കഞ്ചിക്കോട് വ്യവസായ മേഖലയുടെ മുഖഛായതന്നെ മാറി.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ല; വിദ്യാഭ്യാസ ബില്‍ പിന്‍വലിച്ചു.
ദേശാഭിമാനി 01092010
ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ചില ഏടുകള്‍.
ReplyDelete